
ഗ്രേസ് മാർക്ക് എടുത്ത് കളയരുത്
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ അനർഹരാണെന്ന് സ്വകാര്യം പറയുന്നവരോടാണ്

അഭിലാഷ് തിരുവോത്ത്
കോവിഡിൻ്റെ പാശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ രംഗത്തെ ഗ്രേസ് മാർക്കുകൾ എല്ലാം നീക്കുന്നു എന്ന വാർത്ത ഏറ്റവും ദൗർഭാഗ്യകരമാണ്. കലോത്സവങ്ങളും, സ്പോർട്സും ശാസ്ത്രമേളയും നടക്കാത്ത സാഹചര്യത്തിൽ അത്തരം മേളകളിൽ നിന്നുള്ള ഗ്രേസ് മാർക്ക് ഈ വർഷം ഇല്ലാത്തത് ഒരു പക്ഷെ ന്യായമാകാം. എന്നാൽ NSS, NCC, Scout & Guides, SPC മറ്റ് പാഠ്യാനുബന്ധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഗ്രേസ് മാർക്ക് ഒഴിവാക്കുന്നത് ദുഖകരമാണ്.
കോവിഡ് കാലത്ത് വീട്ടിലിരുന്ന ചെയ്യാവുന്നതും, ചെയ്തതുമായ വിവിധ പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി ചെയ്യുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്തതാണ്. NSS വളണ്ടിയർമാർ മുൻകൈയ്യെടുത്ത് നിർമ്മിച്ച എത്രയോ വീടുകൾ കേരളത്തിൽ കാണാം, നാട്ടുമ്പ്രദേശത്തെ പല റോഡുകൾക്കും തുടക്കമിട്ടത് NSS വളണ്ടിയർമാർ ആണ്. കൂടാതെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സർവ്വേകൾ, ബോധവൽക്കരണ പരിപാടികൾ.

ഈ കോവിഡ് കാലത്താകട്ടെ ആയിരക്കണക്കിന് മാസ്കുകൾ നിർമ്മിച്ചും, ബോധവൽക്കരണ പരിപാടികളിൽ പങ്കെടുത്തും, വാക്സിൻ റജിസ്ടേഷന് സഹായിച്ചും മഹാമാരി ക്കാലത്തും പ്രവർത്തനം നടത്തിയ വിദ്യാർത്ഥികളാണ്. മാത്രമല്ല കോവിഡ് കാലത്ത് ഒട്ടനവധി വിദ്യാർത്ഥികളുടെ മാനസികാരോഗ്യം കാത്ത് സൂക്ഷിച്ചത്പൊ തുവിദ്യാലയങ്ങളുടെ മാത്രം സവിശേഷതയായ ഇത്തരം പാഠ്യാനുബന്ധ പ്രവർത്തനങ്ങളാണ്.
എത്രയോ ക്ലബ്ബ് പ്രവർത്തനങ്ങൾ, വായനാദിന പരിപാടികൾ, പ്രത്യേക ദിനാചരണങ്ങൾ, ഓൺലൈനായി കഥ, കവിത, ചിത്രരചന, ഫോട്ടോഗ്രാഫി മത്സരങ്ങൾ എന്നിവ സജീവമായി നടത്തിയ ഒട്ടനവധി സ്കൂളുകളും അധ്യാപകരുമുണ്ട്. ഇപ്പോഴത്തെ പൊതു പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾ അവരുടെ ഒന്നാം വർഷം ആവശ്യമായ സമയം NSS, NCC, SPC തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തതാണ്. അതിൻ്റെ തുടർച്ചയായി ഈ വർഷം ഓൺലൈനായി പല പ്രവർത്തനങ്ങളും ചെയ്തതുമായതിനാൽ ഒരു മുന്നറിയിപ്പുമില്ലാതെ ഗ്രേസ് മാർക്ക് നിഷേധിക്കുന്നത് നീതികേടാണ് എന്ന് തന്നെയാണ് അഭ്യർത്ഥിക്കുവാനുള്ളത്.
എന്നാൽ ഇപ്പോഴത്തെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ കാര്യത്തിൽ ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കപ്പെടേണ്ടതും മുൻകൂട്ടി അറിയിക്കേണ്ടതുമാണ്. കലോത്സവങ്ങൾ വെറും ഗ്രേസ് മാർക്ക് പരിപാടിയാണെന്ന് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ പറയാം:
സ്കൂൾ തലം തൊട്ട് ആയിരക്കണക്കിന് കുട്ടികൾ പങ്കെടുക്കുന്ന കലാകായിക മത്സരങ്ങൾ ഒരു പക്ഷേ മൺമറഞ്ഞു പോയേക്കാവുന്ന ഒരു പാട് കലാരൂപങ്ങളെ വർഷാവർഷം ഓർമ്മിപ്പിക്കുകയും തലമുറ കൈമാറ്റം ചെയ്യാനും വഹിക്കുന്ന പങ്ക് ചെറുതല്ല. ഒരു കുട്ടി തൻ്റെ സർഗ്ഗശേഷി മറ്റുള്ളവരുമായി താരതമ്യം ചെയ്ത് തിരിച്ചറിയാനും മെച്ചപ്പെടുത്താനും വ്യക്തിവികാസത്തിനും (inter and intra personality development) കലാ കായിക ഇനങ്ങളിലെ പങ്കാളിത്തം ഏറെ സഹായകരമാണ്.
കലാമത്സരങ്ങളിലൂടെ ഓരോ വർഷവും എത്രയെത്ര നാടകങ്ങൾ, പാട്ടുകൾ, ചിത്രങ്ങൾ, കവിതകൾ, കഥകൾ, ദൃശ്യാവിഷ്ക്കാരങ്ങൾ, നൃത്തരൂപങ്ങൾ, തനത് കലാരൂപങ്ങൾ എന്നിവ സൃഷ്ടിക്കപ്പെടുന്നു എന്നത് എത്ര അത്ഭുതകരമായ കാര്യമാണ്.
വിദ്യാർത്ഥികൾ – അധ്യാപകർ – രക്ഷിതാക്കൾ – കലാ പരിശീലകർ – കാണാനും സംഘാടനത്തിനുമായി വരുന്ന നൂറുകണക്കിന് നാട്ടുകാർ… അങ്ങനെ മനോഹരവും ബൃഹത്തായ യതുമായ സംഗമമാണ് ഓരോ സ്കൂൾ കലോത്സവത്തിലും നടക്കുന്നത്. കേരളത്തിൻ്റെ കലാ സാംസ്ക്കാരിക മേഖലയ്ക്ക് ഇത്രയേറെ സംഭാവനകൾ നൽകുന്ന സ്കൂൾ കലാ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ നിശ്ചിത ഗ്രേഡ് ലഭിക്കുന്ന പ്രതിഭകൾക്ക് മാത്രമാണ് ഗ്രേസ്മാർക്ക് ലഭ്യമാക്കുന്നത്. പഠന സമയത്തിനിടയ്ക്കും സ്കൂൾ, സബ് ജില്ല, ജില്ല എന്നീ കടമ്പകൾ കടന്ന് സംസ്ഥാന തലത്തിൽ നിശ്ചിത ഗ്രേഡ് ലഭിക്കുന്ന കുട്ടിക്ക് ഗ്രേസ് മാർക്ക് കൊടുക്കുന്നതിൽ എന്താണ് തെറ്റ് ?!

കായിക മത്സരങ്ങൾക്ക് ഇത്രയേറെ ജനകീയത ഇല്ലെങ്കിലും. കേരളത്തിലെ ഒട്ടുമിക്ക കായിക താരങ്ങളും ജനിച്ചത് പൊതുവിദ്യാലയങ്ങളുടെ ഗ്രൗണ്ടിലാണ്. കായിക മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന ഗ്രേസ് മാർക്കും, വിവിധ കോഴ്സുകളിലേക്കും, ജോലികൾക്കും കൊടുക്കുന്ന പരിഗണന അവരുടെ പഠന സമയത്തിനിടയ്ക്കും ആ കായിക ഇനത്തിനായുള്ള അവരുടെ സമർപ്പണത്തിന് നൽകുന്ന അംഗീകാരം തന്നെയാണ്.
ശ്രദ്ധേയമായ മറ്റൊരു കാര്യം സ്കൂൾ കലാ-കായിക – ശ്രാസ്ത്രമേളകൾക്ക് പത്ര-ദൃശ്യ മാധ്യമങ്ങൾ കൊടുക്കുന്ന പ്രാധാന്യമാണ്. കുട്ടികളുടെ ഫോട്ടോകൾ, അഭിമുഖങ്ങൾ എന്നിവയിലൂടെ സ്കൂളിൻ്റെ പേരും കൂടി പൊതുജനങ്ങളിലേക്ക് എത്തിക്കപ്പെടുന്നു. ആ വിദ്യാർത്ഥിയിലൂടെ സ്കൂളിനോ, സബ് ജില്ലയ്ക്കോ, ജില്ലയ്ക്കോ കിട്ടുന്ന അംഗീകാരം കൂടിയാണത്. കലാ-കായിക മത്സരങ്ങളിലൂടെ പൊതു സമൂഹത്തിൽ ലഭിക്കുന്ന ഈ സ്വീകാര്യത പ്രതിഭകളായ വിദ്യാർത്ഥികൾ സ്റ്റേറ്റ് സിലബസ്സ് തെരഞ്ഞെടുക്കുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. അതു കൊണ്ട്
ഗ്രേസ് മാർക്ക് കുട്ടിക്ക് അർഹതപ്പെട്ടതാണെന്ന് ആവർത്തിച്ചു പറയേണ്ടി വരുന്ന കാര്യമാണ്.
മറ്റൊന്ന്….
പൊതുവിദ്യാഭ്യാസ അക്കാദമിക പ്രവർത്തനങ്ങളെ ആകാവുന്ന തന്ത്രങ്ങളിലൂടെ തുരങ്കം വെക്കുന്ന “പ്രമുഖ” സ്വകാര്യ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ഉണ്ടിവിടെ… മിക്ക ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും (അധ്യാപകരുടെയും) മക്കൾ പഠിക്കുന്ന സ്ഥാപനങ്ങൾ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ നടത്തിയ നീക്കത്തിലൂടെ HSS പ്രാക്ടിക്കൽ പരീക്ഷയിൽ മാറ്റം വരുത്തേണ്ടി വന്നു (അവർ ആരോപിച്ചത് പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികൾ അനർഹമായി പ്രാക്ടിക്കലിന് മാർക്ക് വാങ്ങുന്നു എന്നാണ് ). അന്നവർ തുടങ്ങി വെച്ച മറ്റൊരു നീക്കമാണ് മേളകൾക്ക് ലഭ്യമാകുന്ന ഗ്രേസ് മാർക്ക് അനർഹമാണ് എന്ന മുറവിളി. അതേറ്റെടുത്ത “ചില ബ്യൂറോക്രാറ്റുകൾ ” ആകട്ടെ പുന:പരിശോധിക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുത്തത് നിർത്തലാക്കുക എന്ന സംഗതിക്കാണ്. കൂടാതെ മേളകൾക്ക് പൊതുസമൂഹവും പത്രമാധ്യമങ്ങളും കൊടുക്കുന്ന പ്രാധാന്യവും അവരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. കാരണം പ്രതിഭകളായ കുട്ടികൾ സ്റ്റേറ്റ് സിലബസ്സ് തെരഞ്ഞെടുക്കുന്നതിൻ്റെ കാരണങ്ങളിലൊന്നാണിത് (ഗ്രേസ് മാർക്കിലെ ഇരട്ട ആനുകൂല്യങ്ങൾ ചർച്ച ചെയ്യണം പരിഹരിക്കണം എന്നത് അംഗീകരിച്ചു കൊണ്ടു തന്നെയാണ് പറയുന്നത്)
പൊതു വിദ്യാലയത്തിലെ കുട്ടികൾക്ക് എഴുത്ത് പരീക്ഷയ്ക്ക് മാർക്ക് കിട്ടുന്നതും, പ്രാക്ടിക്കലിന് മാർക്ക് കിട്ടുന്നതും, ഗ്രേസ് മാർക്ക് കിട്ടുന്നതും
അനർഹമാണ്, അനർഹമാണ് എന്നത് കേരളത്തിലെ CBSE ലോബികൾ ആസൂത്രിതമായി തുടങ്ങി വെച്ച പറച്ചിലാണ്. പൊതു വിദ്യാലയത്തിലെ ചില അധ്യാപക സുഹൃത്തുക്കൾ അതേറ്റ് പിടിക്കുമ്പോൾ ആരെയാണ് നിങ്ങൾ സഹായിക്കുന്നത് ?
പഠന സമയത്തിനിടയിൽ തന്നെ NSS ,NCC, SPC ,Scout & Guides പോലുള്ള സാമൂഹ്യ പ്രവർത്തനങ്ങൾക്കും, മത്സര ബുദ്ധിയോടെയാണെങ്കിലും വിവിധ കലാ, കായിക മേളകളിൽ പങ്കെടുക്കുകയും ക്ലബ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന പ്രിയപ്പെട്ട പൊതു വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അനർഹരാണ് എന്ന് സ്വകാര്യം പറയുന്നവരും അതേറ്റു പാടുന്നവരും സത്യത്തിൽ എന്താണുദ്ദേശിക്കുന്നത് എന്ന് വ്യക്തമാകുന്നില്ല.