
അങ്ങനെ ഒരു കാട് മാഞ്ഞുപോകുന്നു

അഭിലാഷ് കൈനിക്കര
കാട് അവന്റെയാണ്
കട്ങ്ങൻ കാട്ടിലെ രാജാവാണ് ‘.
ഒരിക്കെ
നഗരത്തിന്റെ
വൃത്തിക്കും ഭംഗിക്കും അനുസരിച്ച്
വസ്ത്രം ധരിച്ച മനുഷ്യർ
രാജാവിനെ കാണാൻ
തുറന്ന ജീപ്പിലെത്തി.
അവരെ രാജാവ്
ഏമാനേ… ന്ന് വിളിച്
മണ്ണിലേക്ക് താണു താണു
പോകും വിധം കുമ്പിട്ടു നിന്നു.
ആഴ്ചയിലൊരിക്കൽ
കാട് തീണ്ടാറുള്ളവർ
അന്നാദ്യമായി
പാതിനൊന്നു വർഷം ഗർഭിണിയായ
കുറ്റിച്ചെടികളെ കണ്ട്
അമ്പരന്നുനിന്നു.
അടുത്തവർഷം
പുറത്തുചാടുന്നതും നോക്കിനിന്ന
കട്ങ്ങന്റെ മുന്നിലേക്ക്
നീലക്കുറിഞ്ഞിപ്പൂക്കൾ
ഒരു വസന്തത്തെ പെറ്റുകൂട്ടി.
ഏമാന്മാർ കസേരയിലിരുന്നു.
അയാളുടെ കയ്യിലെ മുഴുത്ത
ലാത്തികൊണ്ട് ചത്ത
അച്ഛന്റെ കുഴിക്കുമുകളിലാണ്
ഏമാൻ ഇരിപ്പുറപ്പിച്ചത്.
എന്നിട്ടും
അയാളുടെ മുന്നിൽ
രാജാവ് കുമ്പിട്ട്
മണ്ണോളം
താണ് താണ് പോയി.
‘കാട് അവന്റെയാണ്
കട്ങ്ങൻ കാട്ടിലെ രാജവാണ് ‘
മലയുടെ ഉച്ചിയിലുള്ളൊരു
ചന്ദന മരത്തെ നോക്കി
ഏമാൻ കട്ങ്ങന്റെ കവിളിൽ
മുത്തം കൊടുത്തു.
കട്ങ്ങനോളം പഴക്കമുള്ള മരമാണ്.
അത് കട്ങ്ങന്റെയാണ്.
ആദ്യം കാല് വെട്ടി,
കട്ങ്ങന്റെ കണ്ണിലേക്ക് മാത്രം
ചോര ചീറ്റി.
കയ്യ്, കാത്, കഴുത്ത്
അർതുലച്ചുവീണ
ചന്ദന മരത്തെ നോക്കി
ഏമാൻ കവിളിൽ ഉമ്മവെക്കുമ്പോൾ
കാറ്റടിച്ചു.
ഒരേ ദിശയിലേക്ക്
കുറച്ചുനേരം കാട്
തലകുനിച്ചു നിന്നു.
മുറിച്ചെടുത്ത് വണ്ടിയിലാക്കി
കുന്നിറങ്ങിയപ്പോൾ
ചോരയിൽ കുളിച്ചു നിന്ന
കട്ങ്ങനെ
ആരും തിരിഞ്ഞു നോക്കിയില്ല.
രാജാവ് ചിരിച്ചു,
പിന്നെ കരഞ്ഞു.
ഇരുട്ടി വെളുത്തപ്പോൾ
കട്ങ്ങൻ കുറ്റക്കാരനായി
കാട് അവന്റേതല്ലാതായി
കട്ങ്ങൻ രാജാവല്ലതായി.
തുറന്ന ജീപ്പിൽ
കുറച്ചാളുകൾ മലകയറിവന്നു
കട്ങ്ങനെ കൊണ്ടുപോയി.
കാറ്റടിച്ചു,
കാട് തലകുനിച്ചു.
ചുരമിങ്ങുവോളമെത്തിയ കാറ്റിൽ
കട്ങ്ങനോളം പഴക്കമുള്ള മരങ്ങൾ
കടപുഴകി.
അപ്പോൾ
മഴ പെയ്തു.
ശക്തമായ മഴ.
പിന്നെ എല്ലാ ദിവസവും
ജീപ്പുകൾ കാട് കേറി വന്നു.
മരങ്ങൾ തലകുനിച്ചു
കാട് മാഞ് പോയി.
മഴ തിമിർത്തു പെയ്യുകയാണ്.
പതിയെ പതിയെ
ജീപ്പുകൾക്കിറങ്ങാൻ
ചുരങ്ങളില്ലാതെയായി.
കാറ്റ് നിന്നു
മഴ നിന്നു
അന്ന്
രാജാവ് നിര്യാതനായി.
ഒരു സാമ്രാജ്യം തകർന്നു.
ചോര തുപ്പി
കട്ങ്ങൻ ചത്തപ്പോൾ
ചന്ദന കട്ടിലിൽ കിടന്ന്
അവർ ഉറങ്ങുകയായിരുന്നു …