
ന്യൂറോ ഏരിയ: മികച്ച മെഡിക്കല്‍+ക്രൈം+ഫിക്ഷന്‍ നോവല്‍

അബ്ദുൾ റഹ്മാൻ വിഴിഞ്ഞം
കൊച്ചിയിലെ ഏറ്റവും വലിയ ഹോസ്പിറ്റലാണ് സതേണ്‍ ഹെല്‍ത്ത് കെയര്‍. ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക്ക് ഹോസ്പിറ്റല്‍ കൂടിയാണ് സതേണ്‍ കെയര്‍. ഫുള്‍ ഓട്ടോമെറ്റിക്കലി റോബോട്ട് സിസ്റ്റം. ഒരു ഹോസ്പിറ്റലിനെ എത്രത്തോളം അതിനൂതനസാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് പറയാന്‍ പറ്റുമോ അതിനെക്കാളും കൂടുതല്‍ സാങ്കേതികതകള്‍ ഉള്ള ഒരു ഹോസ്പിറ്റല്‍ കൂടിയാണ് സതേണ്‍ കെയര്‍.
ഡോക്ടര്‍മാരെ മാക്സിമം കുറച്ച് റോബോട്ടുകളെ കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ഹോസ്പിറ്റലാണ് ഇതിന്റെയൊക്കെ തലവനായ ഡോ. രാഹുല്‍ ശിവശങ്കറിന്റെ ഏറ്റവും വലിയ സ്വപ്നം. ഇതിനായി രാഹുല്‍ തന്റെ മൊത്തം നിക്ഷേപങ്ങളും വിറ്റ പണം കൊണ്ടാണ് ഇതിനായി അയാള്‍ ഇറങ്ങിയത്. എന്നിട്ടും പണം തികയാത്തത് കൊണ്ടാണ് ഷെയര്‍ സ്വീകരിക്കാന്‍ തുടങ്ങിയത്.
ന്യൂറോ ഏരിയാ 51. തീര്‍ത്തും അമേരിക്കന്‍ ആര്‍മിയുടെ നിയന്ത്രണത്തിലുള്ള ഒരു ഏരിയയാണ് ന്യൂറോ ഏരിയാ. വെറും 3 പേര്‍ക്കാണ് അതിലേക്കുള്ള പ്രവേശനം. ഡോ. രാഹുല്‍, ഡോ. ലൂക്കാ. സിസ്റ്റര്‍ താര.
ഡോ. രാഹുല്‍ ശിവശങ്കര്‍ക്ക് അപ്രതീക്ഷിതമായണ് ഒരു അപകടം ഉണ്ടായത്. എല്ലാം നോക്കിയിട്ടും ഒരു രക്ഷയും ഇല്ലാത്തത് കൊണ്ടാണ് ഡോ.ലൂക്കാ രാഹുലിനെ ഏരിയാ 51 (ന്യൂറോ ഏരിയ) ലേക്ക് ഷിഫ്റ്റ് ചെയ്തത്. രാഹുലുമായും സതേണ്‍ കെയറുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് ഡോ. ലൂക്കാ. ദിവസങ്ങള്‍ക്ക് അകം ഡോ. ലൂക്കയും കൊല്ലപ്പെട്ടു. സിസ്റ്റര്‍ താരയും വളരെ ബ്രൂട്ട ലായി കൊലചെയ്യപ്പെട്ടു… ന്യൂറോ ഏരിയ യിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ള ഉള്ള എല്ലാവരും മരണത്തിന് കീഴടങ്ങി. ന്യൂറോ ഏരിയ യില്‍ ജീവഛവമായി കിടക്കുന്ന രാഹുല്‍.
ന്യൂറോ ഏരിയ യില്‍ അനുമതി ലഭിക്കാത്ത ആരെങ്കിലും കയറിയാല്‍ ആ ഹോസ്പിറ്റലിലെ മൊത്ത ക്കും പവര്സപ്ലൈയും ഓഫാകും. 800 ലധികം രോഗികള്‍ ഉള്ള ഹോസ്പിറ്റല്‍ ഇരുട്ടില്‍ മുങ്ങും…
എന്താണ് സംഭവിക്കുന്നത്? ആരാണ് ഇതിന് പിന്നില്‍. ഇത്രയും വലിയ ഒരു നെറ്റ്വര്‍ക്കിനെ നിയന്ത്രിക്കുന്ന ശത്രു ആരാണ്? എന്താണ് അയാളുടെ ലക്ഷ്യം. ഈ ഹോസ്പിറ്റലിനെ നശിപ്പിക്കാന്‍ ആണോ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന ശത്രു ശ്രമിക്കുന്നത്? തുടര്‍ന്നുള്ള അന്വേഷണങ്ങളാണ് ന്യൂറോ ഏരിയ ചര്‍ച്ച ചെയ്യുന്നത്…
മലയാളത്തില്‍ കുറച്ച് കാലം മുമ്പ് വരെ ക്രൈം നോവലുകള്‍ കുറവായിരുന്നു. പക്ഷെ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രൈം നോവലുകളുടെ ചാകരയായിരുന്നു എന്ന് വേണം പറയാന്‍. ഇതില്‍ എല്ലാം വായിക്കാന്‍ സാധിച്ചിട്ടില്ല എങ്കിലും വായിച്ചതില്‍ ഇഷ്ട്ടപ്പെട്ട തും അല്ലാത്തതുമായ ഒരുപാട് രചനകള്‍ ഉണ്ട്. പക്ഷെ തുടക്കം മുതല്‍ ഒടുക്കം വരെ വളരെ ഉദ്വേഗജനകമായ രീതിയില്‍ വായിച്ച് തീര്‍ത്ത നോവലുകള്‍ വളരെ ചുരുക്കമാണ്. ആ ചുരുക്ക പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇനി മുതല്‍ നില്ക്കുന്ന ഒന്നായിരിക്കും ന്യൂറോ ഏരിയ.
അഗതാ ക്രിസ്റ്റി യുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസി ബുക്സ് നടത്തിയ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പുസ്തകമാണ് ന്യൂറോ ഏരിയ.
ഒരു ക്രൈം നോവലിനെ സംബന്ധിച്ച വലിയൊരു വെല്ലുവിളിയാണ് വായനകാരനെ പൂര്‍ണമായും ഉദ്വേഗത്തോടെ അവസാനം വരെ എത്തിക്കുക എന്നത്. അതില്‍ ശിവന് എടമന നൂറുശതമാനവും വിജയിച്ചിരിക്കുന്നു. ഒന്നാം അധ്യായം മുതല്‍ 272 പേജോളം നീളുന്ന 23 അധ്യായങ്ങള്‍ വരെ വായനയുടെ ഒരു രസചരട് മുറിയാതെ ഓരോ താളും മറിക്കുംതോറും ശേഷം ഇനി എന്താണ് എന്ന ജിജ്ഞാസയോടയാണ് എനിക്ക് വായന തീര്‍ക്കാന്‍ സാധിച്ചത്.
മനുഷ്യ ശരീരത്തിലെ ന്യൂറോണുകളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ബ്രയിന്‍ മാപ്പിംഗും തുടങ്ങി അതിനൂതന സാങ്കേതിക വിദ്യകളെയും കൂട്ടത്തില്‍ ഹോസ്പിറ്റലിനെയും മെഡിക്കല്‍ ക്രൈമിനെയും പശ്ചാത്തലമാക്കി എഴുതിയ മികച്ച മെഡിക്കല്‍+ക്രൈം+ഫിക്ഷന്‍ നോവലാണ് ന്യൂറോ ഏരിയ.