
എന്റെ പ്രേമം(തം)

ആദി
1
ഇതൊരു
പ്രേമകവിതയല്ലെന്ന്
വാതംപിടിച്ച
ഒരു സ്ത്രീയുടെ
കാലുകൾ
അതെന്റെ കാമുകിയുടെ
കാലുകളല്ല
എനിക്കങ്ങനെയൊരു
കാമുകിയുമില്ല
അങ്ങനെയെങ്കിൽ
ഇതൊരു പ്രേതകവിതയാകാം!
2
ഞാൻ
കവിതയെഴുതുമ്പോൾ
എന്റെ അമ്മ
മൂക്കും
വലുതാക്കി
പാലപ്പൂക്കളെ പരതുകയാണ്
അച്ഛൻ സദാ
നിനക്ക്
മീൻ നാറ്റമെന്ന് മുഖം
ചുളിച്ച്,പുല്ലുപായയിൽ
തിരിഞ്ഞും
മറിഞ്ഞും
കിടക്കുന്നു
അന്നൊക്കെ
അയൽക്കൂട്ടത്തിലെ ചില
പെണ്ണുങ്ങൾ,അമ്മയെ
ഭ്രാന്തിയെന്ന്
പോലും
വിളിച്ചുപോന്നു
എന്നിട്ടും
അവരുടെ മൂക്ക്;
മണങ്ങളെയെല്ലാം
ശക്തമായാകർഷിച്ച,ച്ഛന്റെ
സിഗരറ്റുപുകയിൽ
മൂക്കടയുമ്പോൾ
മാത്രം
ശ്വാസം കിട്ടാതെ
ചുമച്ചുതുപ്പി
ഇപ്പോളെന്റെ
മുറ്റം നിറയെ
പാലപ്പൂക്കളാണ്
3
എന്റെ പുതിയ കാമുകനെന്റെ
അച്ഛന്റെ ഛായയാണ്
സിഗരറ്റ് പുകയിൽ തീർത്ത
ദുർബലമായ
ദേഹം,ഉമ്മ വറ്റി
കറുത്തുപോയ ചുണ്ട്,മുലക്കണ്ണ്,
വിയർപ്പിന്റെ ചെമ്പിച്ച രോമരാജി
ഞാനയാളെ
പലവുരു
അച്ഛായെന്ന് തെറ്റിവിളിച്ചു
എന്റെ അമ്മയെപ്പോലെ
ഒരു സ്ത്രീ
അയാളുടെയും ഭാര്യ
മീൻമണവും
അലക്കുകാര കൈകളും
ഉണക്കക്കമ്പിൻ വിരലുകളും
അവരുടേത്
അയൽക്കൂട്ടത്തിലെ
പെണ്ണുങ്ങൾ അവരെയും
ഭ്രാന്തിയെന്ന്
വിളിക്കുന്നുണ്ടാകു,മെന്നുറപ്പിച്ച്
പറയാൻ
ഇപ്പോഴെനിക്കാവില്ലെങ്കിലും
എന്റെ
മൂക്കിലിപ്പോൾ
മീനുകൾ നീന്തുന്നുണ്ട്
വാതം പിടിച്ച
രണ്ട് കാലുകൾ
ചൂലുപിടിച്ച
ഉണക്കക്കമ്പിൻ കൈകൾ-
ഇപ്പോൾ മുറ്റമടിക്കുന്നുമുണ്ട്
ശേഷം
എന്റെ പ്രേമവും ശൂന്യമാണ്