Litart Media

Web Weekly

Special Issue 2

ഡ്രാഗൺ ഹാക്കർ

ഷൈൻ ഷൗക്കത്തലി

“If Your Password is Your Name, You deserve to be hacked.” – Annonymous

നഗരത്തിലെ പ്രമുഖ കടയിൽ പണ്ടത്തെ പോലെ ഇപ്പോൾ തിരക്കില്ല. ആരെങ്കിലും വന്ന് കളിപ്പിക്കാൻ ഊഴം കാത്ത് കിടക്കുകയാണ് നീലപ്പെയിന്റടിച്ച ഷോക്കേസിൽ ചാരി വച്ച വിവിധ കോലങ്ങളിലുള്ള കളിപ്പാട്ടങ്ങൾ. ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന പാവകൾ. പെട്രോൾ ഒഴിച്ചാൽ ഓടുമെന്ന് വ്യാമോഹിപ്പിക്കുന്ന കളിവണ്ടികൾ.

അച്ഛന്റെ കൈപിടിച്ച് കടയിലേക്ക് കയറിയ കുട്ടിയുടെ പൊട്ടിയ പല്ലുകളിലൂടെ ചിതറിയ പുഞ്ചിരികണങ്ങൾ ആളനക്കമില്ലാത്ത കടയിലേക്ക് പകർന്ന വെളിച്ചം ചെറുതല്ല. മൂന്നടിയുള്ള ടെഡ്ഢി ബെയർ മുതൽ കൈവെള്ളയിൽ ഒതുങ്ങി നിൽക്കുന്ന സ്റ്റീൽ കാർ വരെയുള്ളതിൽ നിന്നേത് വേണമെന്ന് ആശയക്കുഴപ്പത്തിലായ അവളെ അടിമുടി നോക്കിയ സെയിൽസ്മാൻ തൊട്ടടുത്ത് നിന്ന സെയിൽസ്ഗേളിനോട് ആംഗ്യം കാണിച്ചതും ഷോകേസിലെ കളിപ്പാട്ടങ്ങ ൾ മേശയിൽ നിരന്നതും നിമിഷങ്ങളുടെ വ്യത്യാസത്തിൽ.

കളിപ്പാട്ടങ്ങൾ പരിശോധിക്കുമ്പോഴും വിലയുടെ സ്റ്റിക്കർ ശ്രദ്ധിക്കുന്ന അച്ഛനെ കുട്ടി ഒളികണ്ണിട്ട് നോക്കി. പിതൃസ്പന്ദനങ്ങൾ അവളെക്കാൾ നന്നായി അറിയുന്നവർ ആരുമില്ല. ഇഷ്ടമുള്ളതെടുത്തോ അധികം വൈകണ്ട എന്ന് മകളെ സ്നേഹത്തോടെ ഓർമ്മിപ്പിക്കുമ്പോഴും അവൾക്ക് എന്നേക്കാൾ ബഡ്‌ജറ്റ്‌ നന്നായറിയാമെന്ന് ജീവനക്കാരിയോട് കുശലം പറയാനും അയാൾ മറന്നില്ല. ഇവിടെ വന്നാൽ തിരികെ പോകാൻ കുട്ടികൾ മണിക്കൂറുകൾ എടുക്കുമെന്ന് ജീവനക്കാരി മൊഴിഞ്ഞതും ഹൃദയമിടിപ്പിനെ കവച്ച് വെക്കുന്ന തീക്ഷണതയിൽ മൊബൈൽ വൈബ്രെറ്റ് ചെയ്തു.

“ക്ലാസിന് ഉപകാരാകണ ടാബ് മേടിച്ചോ. കുട്ടി പഠിച്ച് നന്നായാ ഗുണം ആർക്കാ. അയൽവാസി ലിസി അങ്ങനെയാ ചെയ്തേ.”

ഭാര്യ രമയുടെ കോൾ കട്ടായതും ലിസിയുടെ ഭർത്താവ് ഗൾഫിലാണെന്ന കാര്യം അവൾ മറന്നോയെന്ന ആശങ്ക ബിജുവിന്റെ കഴുത്തിൽ തൂങ്ങിക്കിടന്നു. കൊറോണക്കാലത്ത് ജോലി പോയ കാര്യം എല്ലാവരും മറന്ന മട്ടാണ്. കടയിൽ അടിച്ച റൂം ഫ്രഷ്‌നറുടെ കടുത്ത ജാസ്മിൻ മണം നാസികയിലേക്ക് കുത്തിക്കയറി. വില കുറഞ്ഞ ടാബുണ്ടോയെന്ന് അയാൾ ആരാഞ്ഞതും കേൾക്കാൻ കാത്ത് നിന്ന ജീവനക്കാരന്റെ കണ്ണുകൾ തിളങ്ങി. കള്ളച്ചിരി പാസാക്കി കടയുടമ എ.സി. ഓണാക്കി. അജണ്ടകൾ ഓരോന്നായി ഉരുണ്ടിറങ്ങി. അപ്പുറത്തെ സെക്ഷനിലാണ് ഇലക്ട്രോണിക്സ് ഐറ്റംസ് ഉള്ളതെന്നും വമ്പിച്ച ഡിസ്‌കൗണ്ട് നൽകാമെന്നും വാഗ്‌ദാനം നൽകി ജീവനക്കാരൻ ടാബുകൾ നിരത്തി. സെക്കൻഡ് ഹാൻഡ് ടാബുകളുടെ ശേഖരവും കാണിച്ചപ്പോൾ ബിജു പഴയ ഓർമ്മകളിലെ ഞെട്ടിക്കുന്ന അനുഭവം പങ്ക് വച്ചു.

“ചെറുപ്പത്തിലെന്നെ പോലെള്ള കുട്ടികള് വീട്ടുകാരോട് വാങ്ങിത്തരാൻ പറയാ പുസ്തകങ്ങളാ. പഴേ പുസ്തകങ്ങള് വിക്കണ കടേന്ന് സംഘടിപ്പിച്ച ഡ്രാക്കുള ഡീലക്സ് എഡിഷന്റെ പൊടി ശ്വസിച്ച് ഞാൻ തുടർച്ചയായി അഞ്ച് ദിവസം തുമ്മി. പൂപ്പല് പിടിച്ച ദ്രവിച്ച മഞ്ഞ കടലാസില് രാജേഷെന്ന ആൾടെ പേരുമുണ്ടായി. അന്ന് തീരുമാനിച്ചു. സെക്കൻഡ് ഹാൻഡ് സാനങ്ങൾ വാങ്ങൂലാന്ന്.”

ജീവനക്കാരൻ മുന്തിയ തരം ടാബിന്റെ വിവരണം കേൾപ്പിച്ചു. സിം ഇടാൻ പറ്റിയ മോഡൽ. ഓഫറുണ്ട്. അയ്യായിരം രൂപ ഡിസ്‌കൗണ്ട്. കഴിഞ്ഞ ദിവസം ഒരു കസ്റ്റമർ ഈ ടാബ് ചോദിച്ച് വന്നപ്പോൾ കൊടുക്കാൻ ഷോറൂമിൽ സ്റ്റോക്ക് ഇല്ലാത്തത് കൊണ്ട് വേറെ ഷോറൂമീൽ നിന്ന് ഒപ്പിക്കേണ്ടി വന്ന വിശേഷവും അയാൾ പറഞ്ഞു നിർത്തി. ഫ്ലിപ്കാർട്ടിൽ ഇതൊക്കെ ഇതിനേക്കാൾ കുറവിന് കിട്ടുമെന്ന ബിജുവിന്റെ കുത്തുവാക്ക് കേട്ട് അയാൾ ഫ്ലിപ്കാർട്ട് ആപ്പ് സെർച്ചിൽ ‘ടാബ്’ എന്ന് നൽകിയ ശേഷം മൊബൈൽ ഡിസ്‌പ്ലെയിൽ സിം ഇടാത്ത ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള ടാബിന്റെ വിവരണം കേൾപ്പിച്ചു.

“ഈ പരിപാടി തൊടങ്ങീറ്റ് എട്ട് കൊല്ലായി സാറേ. കൂടുതൽ വെല ഇട്ടാ ആരും വരില്ല. സിമ്മിടാത്ത പയിനായിരത്തിന്റെ മോഡൽ ദാ ഓൺലൈനി കണ്ടല്ലോ. അതിനേക്കാ കൊറവാ ഇവിടെ. വെറും ഏഴ് രൂപ.”

“അഞ്ച് രൂപേലും കൊറവുള്ളത് മതി. അത്ര കപ്പാസിറ്റിയെ ഉള്ളൂ. കുട്ടിടെ സന്തോഷത്തിന് ഇതൊക്കെ ചെയ്യുന്നെന്നേയുള്ളൂ. നാളെ അവരുടെ ജീവിതത്തി നമ്മള് ഉണ്ടാവണെങ്കി ഇന്ന് നമ്മള് അവരുടെ ജീവിതത്തി വേണല്ലോ. ഓരോ കോലം കെട്ടല് അത്രന്നെ. “

ഇരുപത് പീസ് വിറ്റ ഐറ്റം ഇപ്പോൾ ഒരെണ്ണം മാത്രം. അമ്പത് ശതമാനം ഓഫറുവില കിഴിച്ച് വെറും രണ്ടായിരം രൂപ. കടയുടമയ്ക്കും ഉപഭോക്താവിനും ലാഭം. ജീവനക്കാരൻ വിശദീകരിച്ചപ്പോൾ ബിജു വിശ്വസിക്കാനാവാതെ കണ്ണുകൾ ചിമ്മി ഗ്യാരന്റി കാർഡ് തരണേയെന്ന് ഓർമപ്പെടുത്താൻ മറന്നില്ല.

“ഓഫർ പ്രൈസല്ലെ. പകുതി വിലയ്ക്ക് ഫ്ലിപ്പ്കാർട്ടി പോലും കിട്ടില്ല. വേറൊരു സ്‌കീമാണെങ്കി ഗ്യാരണ്ടി തരാം. മാസം രണ്ടായിരം വച്ച് അഞ്ച് മാസത്തേക്ക് അടച്ചാ പതിനായിരം രൂപേടെ ബെസ്റ്റ് സാനം കയ്യീ പോരും. അഞ്ച് വർഷത്തേക്ക് ഒന്നും നോക്കണ്ട. ഗ്യാരണ്ടി.”

ബിജു തല ചൊറിഞ്ഞു. രണ്ട് ആഴ്ച്ച കഴിയുമ്പോൾ ടാബ് ചീത്തയായാൽ രണ്ടായിരം രൂപ നഷ്ടം. ഇരുനൂറ് രൂപയുടെ ടോർച്ച് ഉപയോഗിക്കാൻ പറ്റാതെ പണ്ട് ഉപഭോക്ത കോടതിൽ പോയപ്പോൾ ചെലവ് പത്ത് ഇരട്ടി. ഇരുനൂറിന് പകരം രണ്ടായിരം.

“പെടോ?”

സ്ഥിരം പല്ലവി കേട്ട് മടുത്ത ജീവനക്കാരന് മറുപടി പറയാൻ പ്രയാസമുണ്ടായില്ല. നോക്കിയെടുക്കുന്ന നേരത്ത് ഇലക്ട്രോണിക്സ് ഐറ്റംസ് വർക്ക് ചെയ്താൽ പിന്നെയെല്ലാം വിവാഹം കഴിക്കുന്ന പോലെയൊരു വിശ്വാസമാണ്. മോശമാണെങ്കിൽ നഷ്ടം.

“ഇതന്നെ മതി. സ്റ്റിക്കർ കളയണ്ട. വെല നാലായിരമാന്ന് ഭാര്യ വിചാരിക്കട്ടെ. പൊതിഞ്ഞോ. ഗിഫ്റ്റ് പാക്ക് ചെയ്യണേ.”

കുട്ടി ബിജുവിന്റെ അടുക്കലേക്ക് വന്ന് പിങ്കുടുപ്പിട്ട പാവയെ നിലത്തിട്ട് ടാബ് വാങ്ങി നോക്കി. കടയുടമ കണ്ണടയിലൂടെ നോക്കിയതും ജീവനക്കാരൻ തലയിൽ തടവി കുട്ടിക്ക് മിഠായി സമ്മാനിച്ചു. ഗെയിം ഇൻസ്റ്റാൾ ചെയ്‌ത്‌ കാണിച്ചു. തെളിഞ്ഞ നീളൻ സ്‌ക്രീനിൽ വർണ്ണശബളമായ വെടിക്കെട്ടുകൾ. അമ്മയുടെ നാലര ഇഞ്ചുള്ള മൊബൈലിൽ മാത്രമാണ് അവൾ ഗെയിം കളിച്ചിട്ടുള്ളത്. അമ്മയുടെ മൊബൈലിലുള്ള ഗെയിമുകൾ അച്ഛന്റെതിൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റില്ല. അച്ഛന്റെ മൊബൈൽ തീപ്പെട്ടിവലിപ്പമുള്ള ഏതോ മോഡലാണ്. ആൻഡ്രോയിഡ് അല്ല.

ആഡംബര ടാബുകളുണ്ടായിട്ടും വില കുറഞ്ഞതാണ് കുട്ടിക്ക് ഇഷ്ടമായതെന്ന് വീട്ടിലെത്തി മാസ്‌ക്കുകൾ കഴുകിയ ശേഷം ബിജു പുളു പറഞ്ഞു. മകൾ ഗിഫ്റ്റ് വ്രാപ്പർ പൊളിച്ച്‌ ടാബിൽ സബ്‌വേ സർഫേർസ് ഗെയിം ഇൻസ്റ്റാൾ ചെയ്‌തു. കുഞ്ഞിവിരലുകൾ സ്‌ക്രീനിൽ കൊട്ടിക്കളിച്ചു. ലൂബ്രിക്കേഷൻ ചെയ്യാത്ത ചക്രം പോലെ ഗെയിം ഇഴഞ്ഞു; മുഖഭാവവും. ഭേദം അമ്മയുടെ മൊബൈൽ തന്നെയെന്ന് അവൾ ആത്മഗതം പൂണ്ടു.

“ചേട്ടൻ പോയാ ഇതേണ്ടാവൂ. പകരം തരാൻ പറ. വേറെ പീസ് ഇല്ലെങ്കി കാശ് മടക്കി മേടിക്ക്.”

ഗമയ്ക്ക് വേണ്ടി നാലായിരം എന്ന് തട്ടിവിട്ട കാര്യമോർത്ത് ബിജു ഞൊടിയിടയിൽ കടയിൽ എത്തി. ജീവനക്കാരന്റെ ആശങ്ക പൊതിഞ്ഞ സ്വരം താണു.

“ഒരുപാട് പീസ് പോയതാ. ഒരെണ്ണം തിരിച്ച് വന്നിട്ടില്ല. സെറ്റിങ്സിന്റെ പ്രശ്‌നാവാം. ടെൻഷൻ വേണ്ട.”

പല ബട്ടണുകളും ഞെക്കി വർക്ക് ചെയ്യുന്നുണ്ടല്ലോയെന്ന് ജീവനക്കാരൻ അഭിപ്രായം പാസ്സാക്കിയപ്പോൾ ടാബ് സ്‌ലോയാണെന്ന് ബിജു തെല്ല് മുറുമുറുപ്പോടെ മറുപടി നൽകി. ജീവനക്കാരൻ വെറുപ്പ് സൃഷ്ടിക്കാത്ത രീതിയിൽ പ്രതിവചിച്ചു. രണ്ടായിരം രൂപയുടെ ടാബിൽ പതിനായിരം രൂപയുടെ ടാബിന്റെ പണി നടക്കില്ല. അഞ്ച് രൂപയ്ക്കും അയ്യായിരം രൂപയ്ക്കും പേന കിട്ടും. ഓഫിസ് സ്റ്റേഷനറി സെക്ഷനിൽ കാണുന്ന അയ്യായിരം രൂപയുടെ സ്വർണ്ണ നിബ്ബുള്ള ഷീഫർ പേന പോലെയല്ല അഞ്ച് രൂപയുടെ റോട്ടോമാക്ക് പേന. ചുരുക്കത്തിൽ ടാബ് പ്രവർത്തിക്കുന്ന നിലവാരം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത് തന്നെ. കടയുടമ ഇടപെട്ടു.

“അമേരിക്കൻ ടാബിന്റകത്ത് പോലും അസ്സല് ചൈനീസ് ചിപ്പാ. ചൈനക്കാര് സാറിന്റെ ടാബ് ഹാക്ക് ചെയ്‌ത്‌ നിയന്ത്രിക്കുന്നുണ്ടാവും. മിടുക്കന്മാരാ . ഇന്ത്യാക്കാരെ പോലെയല്ല. കൊറോണ തന്നെ അവന്മാര് കൊണ്ടന്നതാ. അയിന്റെ മരുന്നും അവര് കൊണ്ടരും.”

“ഓരോന്ന് പറഞ്ഞെന്നെ പ്രാന്താക്കല്ലേ. നാലായിരം രൂപേടെ ടാബ് പോലും.”

“നാലായിരമോ. രണ്ടായിരം. സ്‌ലോയാണെങ്കിലും അയിനുള്ള വെലയല്ലെ വാങ്ങിയുള്ളൂ സാറെ. ഞാൻ ടാബ് മേടിച്ചത് ആയിരത്തിയഞ്ഞൂറ് രൂപയ്ക്കാ. ഓഫറിന് കൊടുക്കണത് തിരിച്ചെടുക്കില്ല. അപ്പറത്ത് എഴുതി വെച്ചിട്ടുണ്ട്.”

പിന്നിൽ നിൽക്കുന്ന വൃദ്ധൻ ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ച ശബ്‌ദത്തിൽ തുമ്മിയപ്പോൾ കടയിലെ എല്ലാവരും ഞെട്ടലോടെ നോക്കി. അവർ അനുമാനിച്ചു. കൊറോണ. പ്രതീക്ഷയ്ക്ക് വിപരീതമായി കടയുടമ അല്പം ഉച്ചത്തിൽ താക്കീത് നൽകി. മാസ്ക്ക് താടിയിൽ തൂക്കിയിടാതെ കയറ്റിയിടാൻ പറഞ്ഞ പ്രകാരം വൃദ്ധൻ ചെയ്‌തെങ്കിലും അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും പഴയ പോലെയായി.

“സോഷ്യൽ ഡിസ്റ്റൻസിങ് ചെയ്യാതെയാ മാസ്ക്ക് ഇടാ. ഛെ!”

ബിജു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി വീട്ടിലെത്തി വിശേഷങ്ങൾ പറഞ്ഞപ്പോൾ രമ ആശ്വസിപ്പിച്ചു. ഓൺലൈൻ ക്‌ളാസിൽ കയറാനായി ടാബ് ഓണായില്ല. ക്‌ളാസ് തുടങ്ങാൻ പത്ത് മിനിറ്റ് മാത്രമായതിനാൽ മകൾ ബഹളം വെക്കാൻ തുടങ്ങി. ടാബ് ചാർജറിൽ കുത്തി എൽ.ഇ.ഡി. ലൈറ്റ് നോക്കി ആശ്വാസം കൊണ്ട അയാൾ കുട്ടി ഓൺലൈൻ ക്‌ളാസിൽ കയറിയെന്ന് ഉറപ്പായപ്പോൾ ഭാര്യയെ വിളിച്ചു.

“ഗെയിംസ് കളിക്കുമ്പോ ചാർജ് പോയതാ. ടാബിന് ഒരു കൊഴപ്പോ ഇല്ല. അല്ലെങ്കിലും ചൈനീസ് സാനങ്ങള് ഇന്ത്യൻ ഐറ്റംസിനെക്കാ ഭേദാ. വെലയും കൊറവ്. കേടാവാതിരുന്നാ മതി.നമ്മടെ ശശി ഇതൊക്കെ പുല്ല് പോലെ നന്നാക്കിത്തരും. രണ്ടായിരം രൂപേടെ ശരിയാക്കാൻ അയ്യായിരം കൊടുക്കണന്ന് മാത്രം! “

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ടാബ് വീണ്ടും ചത്തു. പരിശോധിച്ചു. അനക്കമില്ല. ചിപ്പ് കേടായി. ശരിയാക്കാൻ പറ്റില്ലയെന്ന് കടയുടമ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ബിജു നിയന്ത്രണം വിട്ട് പെരുമാറി. വീട്ടിലെത്തി തലയിലെ ഭാരം മുഴുവനും കുളിമുറിയിൽ കഴുകിക്കളഞ്ഞു. സ്വയം സമാധാനിച്ചു. അടഞ്ഞ അധ്യായം. കോടതിയിൽ പോയിട്ടൊന്നും കാര്യമില്ല. തൽക്കാലം കുട്ടി പഴയപോലെ ഭാര്യയുടെ മൊബൈൽ തന്നെ ഉപയോഗിക്കേണ്ടി വരും. സ്‌ക്രീനിന്റെ ഇഞ്ച് കുറഞ്ഞാലും സമാധാനമുണ്ടാകും.

മറ്റൊരു ഭയം അയാളെ പൊതിയാൻ തുടങ്ങി. മകൾക്ക് പനി. ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയപ്പോൾ കൊറോണ ടെസ്റ്റ് പോസിറ്റീവ് തന്നെ. ടാബ് വാങ്ങാൻ പോയ കടയിൽ നിന്ന് കിട്ടിയതാകും. നശിച്ച ടാബാണ് എല്ലാത്തിനും കാരണം. കുട്ടിയുടെ നില ദിനംപ്രതി വഷളായി. രാത്രികളിൽ ബിജുവിന് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും മേശയിൽ ഇരിക്കുന്ന ടാബ് അരിശം കൊള്ളിച്ചു. എണീറ്റ് ഓണാക്കാൻ എത്ര ഞെക്കിയിട്ടും പ്രതികരണമില്ല. സമ്പൂർണ്ണ ശവാസനം. ടാബിന്റെ ആത്മാവ് എങ്ങോട്ടോ ടൂർ പോയിരിക്കുന്നു. സമരം ചെയ്‌ത്‌ ആത്മാവിനെ പോലും സ്വന്തമായി നേടിയ ആധുനിക ഉപകരണങ്ങൾ പഴയ കാലത്തിൽ നിന്ന് വിഭിന്നമാണ്. ഇഷ്ടമുള്ളപ്പോൾ ഗുഡ്‌ബൈ ചൊല്ലിപ്പിരിയാം. ഒരിക്കൽ പോലും റിപ്പയർ ചെയ്യേണ്ടി വന്നിട്ടില്ലാത്ത കറക്കി ഡയൽ ചെയ്യുന്ന ഫോണുണ്ടായിരുന്നു വീട്ടിൽ. പഴയ മോഡൽ ഔട്ടായപ്പോൾ വന്ന പുതിയ പുഷ് ബട്ടൺ മോഡൽ ഫോണാണെങ്കിൽ നിത്യരോഗിയും!

“ഞാൻ പരാജിതനായ അച്ഛനാ രമേ. മോൾക്ക് ഇഷ്ടമുള്ളതൊന്നും വാങ്ങിക്കൊടുക്കാൻ പ്രാപ്തിയില്ലാത്ത പാഴ്. കുട്ടികളൊക്കെ ഇരുപതിനായിരത്തിന്റെ ടാബുകൾ ഉപയോഗിക്കുമ്പോ ന്റെ മോൾക്ക് രണ്ടായിരത്തിന്റെ ചാത്തൻ മോഡൽ പോലുമില്ല. പണ്ടത്തെ ടിവി പോലെയാ ടാബ്. ലക്ഷുവറി ഐറ്റമല്ല.”

“ഒരു നിലയ്ക്ക് നന്നായി. ടാബ് ഉള്ളപ്പോ മുഴുവൻ സമയവും അവള് അയിന്റെ മുമ്പിൽ തന്നെ. ന്റെ മൊബൈല് ഉപയോഗിച്ച് തുടങ്ങിപ്പോ പിന്നെ അധികം സമയം ഇരിക്കാറില്ല. ചെറിയ സ്‌ക്രീനല്ലേ. കണ്ണ് കടയില്ലേ. ഹെമിങ്‌വേ പറഞ്ഞത് ഓർമ്മയില്ലേ. ഒരാളെ നശിപ്പിക്കാൻ കഴിയും. പരാജയപ്പെടുത്താൻ കഴിയില്ല. “

“ഞാൻ രണ്ടുമാണ്. നശിച്ചവനും പരാജിതനും. തെറ്റ് ചെയ്തത് ഞാനാ. നടക്കാത്ത സ്വപ്നങ്ങൾ മോൾടെ തലച്ചോറിൽ വിതറി. “

ഭാര്യയുടെ സിഗരറ്റ്ക്കൂട് പോലെയുള്ള മൊബൈൽ ഉപയോഗിക്കുമ്പോൾ അവൾക്ക് ടാബ് ഉപയോഗിക്കുന്നതിനേക്കാൾ കണ്ണുകൾ വേദനിച്ചു കാണണമെന്ന് അയാൾ ആത്മഗതം ചെയ്തു. രമ അകത്തേക്ക് പോയതും മൊബൈൽ അപ്രതീക്ഷിതമായി റിങ് ചെയ്തു. ടാബ് വാങ്ങിയ കടയിലെ സ്റ്റാഫ്.

“സന്തോഷ വാർത്ത പറയാനാ. ഡീലറായി ബന്ധപ്പെട്ടു. ടാബ് മാറ്റിത്തരാന്ന് പറഞ്ഞിട്ടുണ്ട്. മൊതലാളിയോട് നന്ദി പറഞ്ഞാ മതി. കൊറേ കഷ്ടപ്പെട്ടു. ഇനിയും വരണേ. നിങ്ങളെ പോലെയുള്ള പഴയ കസ്റ്റമേഴ്സിലാ ഞങ്ങക്ക് വിശ്വാസം. കച്ചോടമൊക്കെ കൊറോണ വന്നപ്പോ പറ്റെ കുറഞ്ഞു.”

ഫോൺ വച്ച നിമിഷം മേശയിലെ ടാബ് ഓട്ടോമാറ്റിക്കായി ഓണായ കാരണമെന്താണെന്ന് ബിജുവിന് മനസ്സിലായില്ല. ഡിസ്പ്ളേ തെളിഞ്ഞതും നെഞ്ചിൽ ഭാരം താണെങ്കിലും സ്‌ക്രീനിലെ സന്ദേശം പതിവുള്ളതല്ലയെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.

          *** ആൻഡ്രോയിഡ് ഒ.എസ്. ഹാക്ക്ഡ്! *** 

                <ചൈനീസ് വാരിയേഴ്‌സ്>

         *** ബിവെയർ ഓഫ് ദി സ്ലീപ്പിങ് ഡ്രാഗൺ ***

ബീപ്പോടെ മെസേജ്.

“പേ വൺ ഡോളർ ടു കണ്ടിന്യൂ.”

ഒരു ഡോളർ ഏകദേശം എഴുപത് രൂപയല്ലേയുള്ളൂയെന്ന് മനസ്സിലാക്കി അയാൾ ഓക്കെ കൊടുത്തു. അടുത്തത് അയാളെ വരവേറ്റത് മറ്റൊരു സന്ദേശമായിരുന്നു. ഓൺലൈൻ പെയ്‌മെന്റ് വിവരങ്ങൾ. അയാൾ താടിയിൽ ചൊറിഞ്ഞ ശേഷം ടാബ് റീസ്റ്റാർട്ട് ചെയ്തു. അതേ സന്ദേശം വലിയ ഗെയ്റ്റ് പോലെ സ്‌ക്രീനിനെ തടഞ്ഞു. സൈബർ ജോക്കുകൾക്ക് നിരോധനം ഏർപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചില മനുഷ്യനിർമ്മിത വൈറസുകൾ കൊറോണ വൈറസിനേക്കാൾ മാരകം. ചൈനക്കാർ ഇങ്ങനെ പണി തരുമെന്ന് സ്വപ്നത്തിൽ വിചാരിച്ചില്ല. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഇപ്പോൾ യന്ത്രങ്ങൾ തമ്മിലായിരിക്കുന്നു. ഭാര്യ ഓടിക്കിതച്ച് വന്നു.

“എത്ര വിളിച്ചിട്ടും മോളൊന്നും പറയണില്ല.”

വീണ്ടും ടാബിൽ ബീപ്പോടെ സന്ദേശം.

“ടൈമൗട്ട്. സിസ്റ്റം ഫെയിൽ.”

ടാബുകൾക്ക് വേണ്ടി ഇനി ആരും ബഹളം വെക്കില്ല. അയാൾ നാശമെന്ന് പുലമ്പി ടാബ് എടുത്ത് മതിലിലേക്ക് എറിഞ്ഞു. മൊസൈക്കിന്റെ ഡിസൈൻ പോലെ ടാബിന്റെ കഷ്ണങ്ങൾ തറയിൽ ചിന്നിച്ചിതറി. പൊട്ടിയ ഡിസ്‌പ്ലെ നോക്കി പിറുപിറുത്ത ശേഷം കൂടുതൽ സന്ദേശങ്ങൾ വരില്ലയെന്ന് ഉറപ്പ് വരുത്തി കുട്ടിയുടെ ചലനമറ്റ ശരീരത്തെ ചുമലിൽ താങ്ങി. ആത്മാവ് മനുഷ്യന് ഗ്യാരണ്ടിയില്ലാത്ത ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി വൈഫൈ സിഗ്നൽ പോലെ എല്ലാ സെക്യൂരിറ്റിയും ഭേദിച്ച് ടാബുകൾ ആവശ്യമില്ലാത്ത ലോകത്തിലേക്ക് ഷട്ട്ഡൗൺ പ്രാപിച്ചു.