Litart Media

Web Weekly

Special Issue 2

ചില നേരങ്ങളില്‍ ചില പൂച്ചകള്‍

സന്ധ്യ ഇ

പടികടന്ന് ആടിയാടി പതുക്കെ ഉമ്മറത്തേക്കു വരുന്ന വെയില്‍ നോക്കിയിരിക്കുകയായിരുന്നു ലത. വീഴാന്‍ പോകുമ്പോള്‍ ചിലപ്പോഴത് ചില മരങ്ങളില്‍ തട്ടി നില്ക്കുന്നതുപോലെയും കുറേ കഴിഞ്ഞിട്ടും അടുത്തേക്കെത്താത്ത പോലെയും തോന്നി. ചവിട്ടുകല്ലു വരെ വന്നാലേ താന്‍ ഇരുന്നിടത്ത് നിന്ന് എണീക്കൂ എന്നവള്‍ ഉറപ്പിച്ചിരുന്നു. ഒരു കാര്യവുമില്ലാതെ തന്നോടു തന്നെ കാണിക്കുന്ന ഓരോരോ വാശികള്‍ ഈയിടെ തുടങ്ങിയതാണവള്‍ക്ക്. അങ്ങനെ ഉറപ്പിച്ചിരിക്കുമ്പോഴാണ് മകന്റെ കുട്ടി ഉറക്കമെണീറ്റ് മൂത്രം നാറുന്ന ട്രൗസറുമായി അടുത്തെത്തിയത്. അവന്‍ കൈ ചൂണ്ടിയിടത്തു നോക്കിയപ്പോഴാണ് ആ വെളുത്ത പൂച്ചയെ കണ്ടത്. ട്രൗസര്‍ ഊരി താഴെയിട്ട് അവനെയെടുത്തു മടിയില്‍വെച്ച് അവള്‍ പറഞ്ഞു. ‘ദേ കണ്ടോ, പൂച്ച… പൂ…ച്ച’ അവന്‍ ആദ്യമായി കാണുന്ന ആ ജന്തുവിനെയും അച്ഛമ്മയെയും മാറിമാറി നോക്കി പൂ….പൂ…. എന്നുമാത്രം ആവര്‍ത്തിച്ചു. വ്യക്തമായി സംസാരിച്ചു തുടങ്ങിയിട്ടില്ല. ആകപ്പാടെ പറയുന്ന വാക്ക് ലാ….ല് എന്നാണ്. പാവം, അതുമാത്രമേ ആവശ്യപ്പെടാറുള്ളൂ. മകന്റെ ഭാര്യ തൊഴിലുറപ്പിനുപോകാന്‍ തുടങ്ങിയതില്‍പ്പിന്നെയാണ് മുലകുടി നിന്നത്. ആകെ വാങ്ങുന്നത് അരലിറ്റര്‍ പാലാണ്. പാലിനേക്കാള്‍ അധികം വെള്ളം ചേര്‍ത്തു മൂന്നു കുട്ടികള്‍ക്കായി രാവിലെ കൊടുക്കുന്ന ആ ദ്രാവകമാണ് അവരുടെ ഒരേയൊരാര്‍ഭാടം. ആറു വയസ്സുള്ള മൂത്തയാള്‍ക്ക് അതും കിട്ടാറില്ല. മൂന്നുകുട്ടികള്‍ക്കു പങ്കിട്ടു കഴിഞ്ഞ പാല്‍പാത്രം അവള്‍ ആര്‍ത്തിയോടെ കൈവിരലിട്ടു തുടച്ചു കുടിക്കുന്നതു കാണുമ്പോള്‍ ലതയ്ക്ക് സങ്കടം വരും. എന്തു ചെയ്യാനാണ്! കൊറോണാ കാലമായതിനാല്‍ മകന്റെ ഓട്ടോയ്ക്ക് ഓട്ടം കുറവാണ്. ദിവസം നൂറു രൂപാ കിട്ടിയാലായി. ഇരുനൂറ്റമ്പതു രൂപാ മുതലാളിക്ക് കൊടുക്കണമെന്ന കരാറിലാണ് ഓട്ടോ ഓടുന്നത്. താന്‍ കൂടി പണിക്കുപോകാമെന്നു വെച്ചാല്‍ കുട്ടികളെ നോക്കാന്‍ ആരുമില്ലാതാവും. ”ലാ…ല്” പൂച്ചയിലുള്ള കൗതുകം അവസാനിപ്പിച്ച് കുട്ടി അവളെ തോണ്ടാന്‍ തുടങ്ങി. അകത്തുപോയി പാലെടുത്ത് കുപ്പിയിലാക്കി കൊടുത്ത് ഉമ്മറത്ത് തിരിച്ചുവന്നപ്പോഴേക്ക് പൂച്ചയും വെയിലും ചവിട്ടുപടിയില്‍ കേറി കിടന്നിരുന്നു. ഇതെവിടുന്നാവും വന്നത്? നല്ല വെളുത്ത, വലിയ വാലുള്ള സുന്ദരന്‍ പൂച്ച. ആരുടേതാണാവോ! ”നിന്നെ ഇവിടെ കണ്ടിട്ടില്ലല്ലോ പൂച്ചേ…” എന്നു പറഞ്ഞപ്പോള്‍ പൂച്ച തലപൊക്കിനോക്കി കണ്ണൊന്നടച്ചു കാണിച്ചു. ”അവടെ കെടന്നോ, അകത്തേക്കൊന്നും വരണ്ട” എന്നു പറഞ്ഞ് ലത അടുക്കളയിലേക്കു പോയി.

മകന്റെ ഭാര്യ ജോലിക്കു പോകുംമുമ്പ് പണിയൊക്കെ കഴിച്ചുവെക്കാറുണ്ട്. കഞ്ഞി അടുപ്പത്തുണ്ട്. ചെറുപയര്‍ കൂട്ടാന്‍ തന്നെയാണിന്നും. റേഷന്‍ കാര്‍ഡ് ഇല്ലാത്തതുകൊണ്ട് കിറ്റ് കിട്ടാറില്ലെങ്കിലും അടുത്ത വീട്ടിലെ കിറ്റില്‍ നിന്ന് അവര്‍ക്കത് ഒട്ടും ഇഷ്ടമല്ലാത്തതിനാല്‍ ചെറുപയര്‍ എത്താറുണ്ട്. സാമ്പാറോ അവിയലോ ഒക്കെ കഴിച്ചത് താന്‍ പണിക്കു പോകുന്ന കാലത്താണ്. പയറോ കടലയോ ഒക്കെയാണ് ഇപ്പോള്‍ പതിവ്. പച്ചക്കറി വാങ്ങാറില്ല. പറമ്പില്‍ അവിടവിടെ മുളച്ച ചീര അവസാനത്തെ വിളവും തന്ന് ഉണങ്ങിയിരിക്കുന്നു. ഈ പറമ്പിലൊന്നും കാര്യമായി ഉണ്ടാകുന്നില്ല. വളക്കൂറില്ലാത്ത മണ്ണാണ്. മുമ്പ് വാടകക്കു താമസിച്ച വീട്ടില്‍ വെറുതെയെന്തെങ്കിലും പാവിയിട്ടാല്‍ മതിയായിരുന്നു. നനച്ചാലും ഇല്ലെങ്കിലും തക്കാളിയും പച്ചമുളകും മത്തങ്ങയുമൊക്കെ ധാരാളമുണ്ടായി. നാലു മാസം വാടക കൊടുക്കാതായപ്പോഴാണ് അവിടെനിന്നും ഒഴിയേണ്ടി വന്നത്. അപ്പോഴും മത്തയും പടവലവും നന്നായി കായ്ച്ചിരുന്നു. സാധനങ്ങളൊക്കെ വണ്ടിയില്‍ കേറ്റി, എല്ലാവരും കേറിയിരുന്നപ്പോഴാണ് ലതയ്ക്ക് ഒന്നുകൂടി അവള്‍ നട്ടതൊക്കെ കാണണമെന്നും യാത്ര പറയണമെന്നും തോന്നിയത്. ചെടികളുടെ അടുത്തുചെന്ന് ”പോവാട്ടോ” എന്നു പതുക്കെ പറഞ്ഞപ്പോഴേക്ക് മകന്‍ ഒച്ചയിട്ടു ”ഒന്ന് വര്‌ണ്ടോ തള്ളേ, നിങ്ങള്? എറക്കിവിട്ടാലും തീരില്ല, കിന്നാരം.” ”അയിന്, മത്തേം കുമ്പളോം അല്ലല്ലോ എറക്കിവിട്ടത്? കിട്ടണ കാശ് മര്യാദക്ക് സൂക്ഷിക്കാണ്ട് വാടക കൊടുക്കാന്‍ പറ്റാത്തത് നിന്റെ കൈയിലിരുപ്പല്ലേ…” എന്ന് പറയാന്‍ തോന്നിയെങ്കിലും അവന്‍ ഒച്ചിയിടുമെന്ന് പേടിച്ച് ലതയൊന്നും മിണ്ടിയില്ല. അത് കൊറോണയ്ക്കുമുമ്പാണ്. ഓട്ടോറിക്ഷയ്ക്ക് നല്ല ഓട്ടമുണ്ടായിരുന്നു അന്നൊക്കെ. നാലു സ്‌കൂള്‍ ട്രിപ്പുകള്‍, പച്ചക്കറിയും ബേക്കറിയും കൊണ്ടുകൊടുക്കല്‍, വൈകീട്ട് രാംദാസ് തീയേറ്ററിന്റെ മുമ്പില്‍. അങ്ങനെ ദിവസം മൂവായിരം നാലായിരം രൂപ കിട്ടിയിരുന്നതാണ് മകന്. അന്നൊക്കെ അവന്‍ വരുമ്പോള്‍ മക്കള്‍ക്കെന്തെങ്കിലും പൊതിഞ്ഞുകൊണ്ടുവരും. അവര്‍ക്കു കിട്ടുന്നതിന്റെ ഒരോഹരി ലതക്കും കിട്ടും. കാശു ധാരാളം കിട്ടിയപ്പോഴാണ് പുത്രന് കുടിയും കൂടിയത്. പറഞ്ഞിട്ടെന്താ കാര്യം? ജനിച്ചപ്പോള്‍ മുതല്‍ അവനതുകണ്ടല്ലേ വളര്‍ന്നത്? അവന്റെ അച്ഛന്റെ ദുസ്വഭാവത്തെ. ഉള്ള ജോലിയും കളഞ്ഞ് കുടിച്ച്കുടിച്ച്… ലതയുടെ കണ്ണുനിറഞ്ഞു. ”അച്ഛമ്മ എന്താ കരയണേ? ഇന്നും അച്ഛന്‍ ചീത്ത പറഞ്ഞോ?” മകന്റെ മൂത്തകുട്ടിയാണ് ലതയോട് ഏറ്റവും സ്‌നേഹം കാണിക്കുന്നത്. ”ഒന്നൂല്യ മാളൂ. അച്ചമ്മ ഓരോന്നൊക്കെ ആലോചിച്ച്…” ”അച്ചാച്ചന്റെ കാര്യാ?” അവള്‍ ലതയുടെ കണ്ണിലേക്കു നോക്കി. കുട്ടികള്‍ക്ക് എത്ര വേഗം കാര്യങ്ങള്‍ മനസ്സിലാവും! അതിന്റെ കോലം വല്ലാതായിട്ടുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോകണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഓരോ മൂന്നുമാസത്തിലുമാണ് എറണാകുളത്ത് പോകേണ്ടത്. മകന്റെ കയ്യില്‍ ഒന്നുമില്ലെന്നറിയാം. എന്നാലും ലത ഇടക്കിടെ അവനോടതു ഓര്‍മ്മപ്പെടുത്തും. അതു കേട്ടാലവന് കലിയിളകും. ”ആശുപത്രി! അമ്മക്കെന്തിന്റെ കേടാ! മുപ്പത്താറായിരം നീക്കിയിരിപ്പുണ്ടോ നിങ്ങടെ കയ്യില്‍? എന്നാ കൊണ്ടക്കോ എല്ലാത്തിനേം.” ലതയൊന്നും മിണ്ടില്ല. മുപ്പതു രൂപ എടുക്കാനില്ലാത്ത താന്‍ എന്തുപറയാനാണ്! കാലുവേദനയുടെ കഷായം കഴിഞ്ഞതുപോലും അവനോട് പറഞ്ഞിട്ടില്ല. പേടിച്ചിട്ട്. ”മോള്‍ക്ക് വയ്യായണ്ടോ?” എന്നു ചോദിക്കുമ്പോള്‍ ”ഏയ്, കളിക്കാന്‍ തോന്ന്ണ്‌ല്യ” എന്നവള്‍ പറയും. ലത അവളെ ചേര്‍ത്തു പിടിച്ചു. വെറുതെയാണെങ്കിലും ചോദിച്ചു ”മോള്‍ക്ക് എന്തു തിന്നാനാ ഇഷ്ടം?” പ്രതീക്ഷയുടെ തെളിച്ചത്തോടെ അവള്‍ അച്ഛമ്മയോട് പറഞ്ഞു ”ഐസ്‌ക്രീം” അന്നൊരു ദിവസം അച്ഛന്‍ കൊണ്ടന്നില്ലേ? ഇപ്പെന്താ കൊണ്ടരാത്തേ?” ”അച്ഛന്റേല് കാശ് ഉണ്ടാവില്ല. നമ്ക്ക് അമ്മയോട് പറയാട്ടോ.” ”അമ്മയ്‌ക്കെപ്പോഴും ദേഷ്യാല്ലേ…അതെന്താ അച്ചമ്മേ…?” ”അത്, വെയിലത്ത് ജോലിയൊക്കെ ചെയ്ത് വയ്യാണ്ടായി വരുന്നോണ്ടല്ലേ…. സാരല്ല്യ…” ഒന്നു സംശയിച്ച് അവള്‍ ലതയോട് ചോദിച്ചു. ”അമ്മ എപ്പഴും അച്ചമ്മയെ ചീത്ത പറയും ല്ലേ….” ലത കുട്ടിയുടെ തലയില്‍ തലോടി. ”ഏയ് , അങ്ങനെയൊക്കെ എല്ലാ വീട്ടിലും ഉണ്ടാവും. മോള്‌ടെ അച്ചാച്ചന്റെ അമ്മയോട് അച്ചമ്മേം ദേഷ്യപ്പെടുമായിരുന്നു.” കുട്ടിക്ക് സമാധാനമായപ്പോള്‍ ലത ഉള്ളില്‍ ചിരിച്ചു. കല്യാണത്തിന് മുന്‍പേ മരിച്ചുപോയ ആ പാവത്തിനോട് എന്ത് ദേഷ്യപ്പെടാന്‍! പിന്നെ ദേഷ്യം തോന്നിയിട്ടുണ്ട്. മോനെ നല്ലതു പറഞ്ഞുകൊടുത്ത് വളര്‍ത്തായിരുന്നില്ലേ എന്ന് ഓര്‍ക്കുമ്പോള്‍.

ചവിട്ടുകല്ലില്‍ കിടന്ന പൂച്ച ഇപ്പോള്‍ തിണ്ണയില്‍ കയറിക്കിടപ്പാണ്. ലതയെ കണ്ടപ്പോള്‍ പതുക്കെ ”മ്യാവൂ” എന്നു കരഞ്ഞ് വീണ്ടും ഉറങ്ങാന്‍ തുടങ്ങി. മാളു പേടി കൂടാതെ അടുത്തുചെന്ന് അതിന്റെ കഴുത്തും തലയുമൊക്കെ തലോടിയപ്പോള്‍ അത് കുറുകി ഒന്നുകൂടി ചുരുണ്ടുകിടന്നു. ”നമ്മക്കിതിനെ വളര്‍ത്താം അച്ചമ്മേ” മാളു പറഞ്ഞു. ”ഉവ്വ്! ഇനി ഇതിന്റെ കൂടി ഒരു കുറവേയുള്ളൂ ഇവിടെ. ഉള്ളോര്‍ക്കന്നെ തിന്നാന്‍ കൊടുക്കാമ്പറ്റണില്യ. അപ്പഴാ ഒരു പൂച്ചേം കൂടിം. അത് തന്നെ വന്നതല്ലേ? പൊക്കോളും” ലത അവളെ നിരുത്സാഹപ്പെടുത്തിയെങ്കിലും കുട്ടികള്‍ നാലും അതിന്റെ ചുറ്റും കൂടിയിരുന്നു. അതിനെന്തു പേരിടുമെന്നായിരുന്നു ആലോചന. ഓണ്‍ലൈന്‍ ക്ലാസില്‍ കണ്ടപോലെ ‘മിന്നു’ എന്നു പേരിടാമെന്ന് മാളൂ തീരുമാനിച്ചു. ”മൂന്നു കുട്ടികളും ഒരേ ശബ്ദത്തില്‍ ടി.വി.യിലെ പോലെ മിന്നുപ്പൂച്ചേ എന്നു കോറസ് പാടാന്‍ തുടങ്ങിയപ്പോഴാണ് ”മിന്നൂന്ന് വേണ്ടാ, മണിയന്‍ന്ന് മതി”യെന്ന് ലത അവളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞത്. അപ്രതീക്ഷിതമായി വന്ന ആ തീരുമാനം സ്വീകരിക്കാതെ കുട്ടികള്‍ക്ക് നിവര്‍ത്തിയുണ്ടായില്ല. ”മണിയന്‍, മണിയന്‍….” എന്നവര്‍ ആര്‍ത്തുവിളിച്ചു. തനിക്കു പതിച്ചുകിട്ടിയ ആ ബഹുമതിയില്‍ തൃപ്തനായി പൂച്ച എഴുന്നേറ്റു നിന്ന് മുതുകു വളച്ച് മുന്‍കാലുകള്‍ മുന്നോട്ടു നീക്കി മൂരി നിവര്‍ത്തി ആഭിമുഖ്യം പ്രകടിപ്പിച്ച് വീണ്ടുമുറക്കം തുടങ്ങി. താഴെയുള്ള കുട്ടികളുടെ സ്‌നേഹപരാക്രമത്തില്‍നിന്ന് അതിനെ രക്ഷിച്ചതും അവരെ ഉപദേശിച്ചതും മാളുവാണ്. ”അതുറങ്ങിക്കോട്ടെ, പാവം” അകത്തുപോയി അവള്‍ കുറച്ചു കഞ്ഞിവറ്റെടുത്ത് തിണ്ണയിലിട്ടു കൊടുത്തു. ഒന്നു മണപ്പിച്ചുവെങ്കിലും പൂച്ച അത് തിന്നില്ല. ലതയ്ക്ക് അരിശംവന്നു. ”ഇവിടെയുള്ളത് തിന്നു ജീവിച്ചോ പൂച്ചേ… മീനും മൊട്ടേം എറച്ചീം കിട്ടുംന്ന് വിചാരിച്ച് നീയിവിടെ കൂടണ്ട” പൂച്ചയൊരു നിര്‍ബന്ധവും കാണിച്ചില്ല. ഭര്‍ത്താവ് മരിച്ചതില്‍പ്പിന്നെയാണ് രാവിലെ കഞ്ഞിയാക്കിയത്. അയാള്‍ക്ക് കഞ്ഞി തീരെ ഇഷ്ടമില്ലായിരുന്നു. അസുഖം വന്നാല്‍ കൂടി കഞ്ഞി കുടിക്കാത്തതിന് ലത വഴക്കുണ്ടാക്കിയിട്ടുണ്ടെങ്കിലും അയാള്‍ അനുസരിച്ചിരുന്നില്ല എന്ന് ലതയപ്പോള്‍ വെറുതെയോര്‍ത്തു.

കുട്ടികള്‍ മണിയന്‍വന്നതിനെക്കുറിച്ച് ഉത്സാഹത്തില്‍ വൈകീട്ട് മകനോട് പറഞ്ഞുവെങ്കിലും അയാള്‍ ഓട്ടമൊന്നും കിട്ടാത്ത ദേഷ്യത്തിലായിരുന്നു. ”പൂച്ച…. നാശം പിടിക്കാനായിട്ട്… തള്ളയ്ക്കിതെന്തിന്റെ കേടാ! അച്ഛനുണ്ടായിരുന്നപ്പൊ ഒരൊറ്റ എണ്ണത്തെ വീട്ടീക്കേറ്റാറില്ലല്ലോ? അവന്‍ പറയുന്ന കേട്ടാല്‍ത്തോന്നും താനാണ് ആനയും അമ്പാരിയുമായി അതിനെ ആനയിച്ചുകൊണ്ടുവന്നതെന്ന്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് അവന് പതിവായതിനാല്‍ ”ഞാന്‍ കൊണ്ടുവന്നതല്ല, അതു തന്നെ വന്നതാ” എന്നു പറഞ്ഞപ്പോള്‍ ”ഒരു സാധനം കൊടുത്തുപോവരുത് ഇവിടന്ന്. എന്തെങ്കിലും കൊടുത്താ എല്ലാത്തിനും കിട്ടും എന്റെ കയ്യീന്ന്” എന്ന് പിറുപിറുത്ത് അവന്‍ മുറിയില്‍ കയറി വാതിലടച്ചു. അപ്പോഴാണ് മാളു ”പൂച്ചയെന്താ തിന്നാ അച്ചമ്മേ?” എന്ന് സംശയം ചോദിച്ചത്. ”എലിയെ” എന്നൊരു പഴംപുരാണം പറയാനാണ് ലതക്കു തോന്നിയത്. അപ്പൊ നമ്മളൊന്നും കൊടുക്കണ്ടേ? ”വേണ്ട” എന്നുത്തരം പറയുമ്പോള്‍ ”അല്ലെങ്കിലും ഇവിടെയെന്താള്ളത് അയ്‌ന് കൊടുക്കാന്‍” എന്നാണ് മനസ്സില്‍ വന്നത്.
പൂച്ചയെയും ജീവിതത്തെയും മറന്ന ദിവസങ്ങളായിരുന്നു പിന്നീട്. മകന്‍ രാത്രി കുടിച്ചു വരികയും മരുമകളെ അടിക്കുകയും കുട്ടികളെ മുറിയിലിട്ടു പൂട്ടുകയും എല്ലാത്തിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഓട്ടോറിക്ഷ മറച്ചിടുകയും ഒക്കെ ചെയ്ത സംഭവബഹുലമായ ദിവസങ്ങള്‍. ”ഒന്നുമില്ലാത്തോട്ത്ത് ഒരു തള്ളേം കൂടി ഇതിന്റേട്‌ല്” എന്ന് മരുമകള്‍ ലതയോട് ചീറി. ”തന്ത ചത്തപ്പോ കൂടെ ചാവാര്ന്ന്‌ല്യേ” എന്ന് ദേഷ്യപ്പെട്ടെങ്കിലും ”അപ്പൊ നിന്റെ കുട്ട്യോളെ നോക്കാന്‍ നിന്റെ തള്ള വരോ?” എന്ന് ചോദിക്കാനാണ് തോന്നിയതെങ്കിലും തല്‍ക്കാലം രണ്ടു തുള്ളി കണ്ണീര്‍ വന്നതല്ലാതെ ഒന്നുമുണ്ടായില്ല. ഭര്‍ത്താവിന്റെ കള്ളുകുടിയിലുള്ള ദുഃഖവും അവന്റെ ഉത്തരവാദിത്തക്കുറവിലുള്ള അമര്‍ഷവുമാണ് അമ്മായിയമ്മയോടുള്ള കടുത്ത വാക്കുകളാവുന്നതെന്ന് നന്നായി അറിയാമായിരുന്നു ലതയ്ക്ക്. ഒരു വീട് ഒറ്റയ്ക്ക് ഉന്തിത്തള്ളി കൊണ്ടുപോകുന്നത് അവളാണല്ലോ അതിന്റെ വിഷമമുണ്ടാകും. അന്നുരാത്രി മാളു ലതയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ മടിച്ചു മടിച്ചു പറഞ്ഞു. ”അച്ചമ്മേ, നമ്മുടെ മണിയന്‍ പിന്നെ വന്നില്ല.” ”മണിയനോ അതാരായ?” ലത എല്ലാം മറന്നിരുന്നു. ”അച്ചമ്മ മറന്നോ? അച്ചമ്മയല്ലെ മിന്നൂന് മണിയന്ന് പേരിട്ടത്” എന്ന് കുട്ടി ചിരിച്ചപ്പോള്‍ ലതക്കും ചിരിവന്നു. ”അതു പൊക്കോട്ടെ.” ”അല്ലാ അച്ചമ്മേ അത് വന്നാല്‍ നല്ലതായിരുന്നു. കളിയ്ക്കാന്‍. നല്ല പൂച്ചയല്ലേ?” ”ആ വരണ്ടതാണെങ്കില്‍ വരും. ഇപ്പൊറങ്ങ്” എന്ന് പറഞ്ഞ് ലത മാളുവിനെ ചേര്‍ത്തുപിടിച്ചു. ”മോള്‍ക്ക് അച്ചാച്ചന്റെ പേര് എന്താണെന്നറിയോ?” എന്ന് ചോദിച്ചത് അവള്‍ കേട്ടില്ല. ആകപ്പാടെ കാര്യങ്ങള്‍ പന്തിയല്ലാത്തതുകാരണം അന്നവള്‍ അച്ഛമ്മയോട് കഥ പറയാന്‍ പറഞ്ഞില്ല. ആകെ ലതയ്ക്കറിയാമായിരുന്ന മൂന്നേമൂന്ന് കഥകളാണ് കാലങ്ങളായി മാളൂവിന് പറഞ്ഞുകൊടുക്കുന്നത്. അതിലൊരണ്ണം ഒരു പൂച്ചയുടെ തന്നെ കഥയായിരുന്നു. എപ്പോഴോ ലത തന്നെ ഉണ്ടാക്കിയ കഥ. അവള്‍ക്കേറെ ഇഷ്ടം ആ കഥയുമായിരുന്നു. അതൊരു മാന്ത്രികപൂച്ചയായിരുന്നു. ചിലര്‍ക്ക് മാത്രം കാണാന്‍ പറ്റുന്ന, വന്ന് കേറിയ വീട്ടിലെ കുട്ടികള്‍ക്ക് ആഗ്രഹിച്ചതൊക്കെ കൊടുക്കുന്ന, അവരെ ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്ന ഒരു പൂച്ച. മാളു ഒരുപക്ഷേ മണിയനില്‍ അങ്ങനെയൊരു പൂച്ചയെ ആഗ്രഹിക്കുന്നുണ്ടാവാം. കഥ കേട്ടില്ലെങ്കിലും മാളു സ്വപ്നത്തില്‍ മണിയനെ കണ്ടു. സിനിമകളിലൊക്കെ കാണുന്ന പോലെയായിരുന്നു അപ്പോള്‍ അവരുടെ വീട്. പരസ്യങ്ങളില്‍ കുട്ടികളിടുന്ന കുപ്പായങ്ങളുണ്ടായിരുന്നു മാളുവിനും താഴെയുള്ളവര്‍ക്കും. നല്ല കുഷ്യനുള്ള സോഫയില്‍ ചാഞ്ഞിരുന്ന് എല്ലാവരും ടി.വി. കാണുകയായിരുന്നു. ആരും ആരെയും ചീത്ത പറഞ്ഞിരുന്നില്ല. മണിയനോട് ഓരോന്നോരോന്ന് ചോദിച്ചുവാങ്ങിയത് മാളു തന്നെയാണ്. പഴയതുപോലെ മാസ്‌ക് വെയ്ക്കാതെ താന്‍ സ്‌കൂളില്‍ പോകുന്നതും കളിക്കുന്നതും മണിയന്‍ അവളുടെ കൂടെ ചുറ്റിനടക്കുന്നതും ഒക്കെ സ്വപ്നത്തിലുണ്ടായിരുന്നു.

അടുക്കളയില്‍നിന്ന് പാത്രം തട്ടിവീഴുന്ന ഒച്ച കേട്ടാണ് അലക്കുന്നിടത്ത് നിന്ന് ലത ഓടിചെന്നത്. പൂച്ച പാല്‍പാത്രം തട്ടിയിട്ട് കുടിക്കുകയാണ്. ഇത്ര ദിവസം ഇത് എവിടെയായിരുന്നെന്ന് വിചാരിച്ചെങ്കിലും കയ്യില്‍കിട്ടിയ ചൂലെടുത്ത് അതിനൊന്ന് കൊടുക്കുകയായിരുന്നു ലത ചെയ്തത്. മുക്കാല്‍ഭാഗം പാല് തട്ടിക്കളഞ്ഞിരിക്കുന്നു. കുട്ടികള്‍ക്കെന്ത് കൊടുക്കും? ബാക്കിയെല്ലാവരേയും കാര്യം പറഞ്ഞ് മനസ്സിലാക്കാം. പക്ഷേ താഴെയുള്ളവനെ എന്തുചെയ്യും. ഉറക്കമെണീറ്റ് വരുന്നതേ ലാ…ല് എന്ന് പറഞ്ഞാണ്. അതുകിട്ടിയില്ലെങ്കില്‍ അവന്‍ അലറിപ്പൊളിക്കും. പൂച്ച തട്ടിയിട്ടതെന്നൊക്കെ അവനോട് പറഞ്ഞിട്ട് ഒരു ഗുണവുമില്ല! ലതയ്ക്ക് അന്നുവരെ തോന്നാത്ത ദേഷ്യം പൂച്ചയോട് തോന്നി. മതിലിനുമുകളില്‍ കയ്യും തുടച്ച് വെയില്‍ കൊണ്ടിരുന്ന പൂച്ചയുടെ മേലേയ്ക്ക് അവള്‍ അലയ്ക്കാന്‍വെച്ചിരുന്ന വെള്ളം ഒഴിച്ചു. ദയനീയമായി കരഞ്ഞ് അത് എങ്ങോട്ടോ ഓടിപ്പോയി. ”പോ…. ഇനിയിവിടെ കണ്ടുപോകരുത്, ജന്തു” എന്ന് പറഞ്ഞ് അകത്ത് കയറുമ്പോഴും കുഞ്ഞുമോന് എന്തു കൊടുക്കുമെന്നായിരുന്നു ലതയുടെ ചിന്ത. കഞ്ഞിവെള്ളത്തില്‍ അല്പം പഞ്ചസാരയിട്ട് കൊടുത്ത് പാതിയുറക്കത്തിലായിരുന്ന അവനെ പറ്റിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല അവള്‍ക്ക്.

അപ്രതീക്ഷിതമായി വന്ന ആക്രമണത്തില്‍ ഭയപ്പെട്ടതുകാരണമാവാം മണിയനെ പിന്നെ കണ്ടില്ല. മാളു മാത്രം ഇടയ്ക്ക് അതിനെക്കുറിച്ച് ചോദിക്കും. അപ്പോഴാണ് അതിനൊന്നും തിന്നാന്‍ കൊടുത്തിരുന്നില്ലല്ലോ, വിശന്നിട്ടാവും പാലെടുത്തു കുടിച്ചത് എന്നു ലതക്കു തോന്നിയതും പെട്ടെന്ന് പാവം തോന്നിയതും. അവളുടെ ആ ചിന്തയിലുള്ള അലിവ് തിരിച്ചറിഞ്ഞതിനാലാവും പിറ്റേന്നും അത് വന്ന് പാലു കട്ടു കുടിച്ചത്. ഇത്തവണ പ്രശ്‌നം മരുമകളറിഞ്ഞു. മകനും. ”തള്ളേ, നിങ്ങളോട് നൂറുവട്ടം പറഞ്ഞതാ, അതിനെ വീട്ടീക്കേറ്റണ്ടാന്ന്. കൊല്ലും ഞാനതിനെ, ഇന്ന്. ഇല്ലാത്ത കാശ്ണ്ടാക്കി ക്ടാങ്ങള്‍ക്ക് ഉരി പാല് മേടിച്ച് കൊട്ക്കണത് നിങ്ങടെ രഹസ്യക്കാര്‍ക്ക് വെളമ്പാന്ള്ളതല്ലട്ടാ” എന്നവന്‍ കാവടിയെടുത്തു. ആ പറഞ്ഞതില്‍ താത്വികമായി പല തെറ്റുകളുണ്ടെന്നു ചൂണ്ടിക്കാണിക്കാന്‍ ലതക്ക് ആഗ്രഹമുണ്ടായിരുന്നു. ഒന്നാമതായി നൂറുവട്ടം പറഞ്ഞിട്ടില്ല, ഒരേ ഒരു തവണ മാത്രമാണ് പറഞ്ഞിട്ടുള്ളത്. രണ്ട് ഇല്ലാത്ത കാശ് എങ്ങനെയാണ് ഉണ്ടാവുക. മൂന്ന് രഹസ്യക്കാര്-അതാരാപ്പാ പൂച്ചയെയാണ് ഉദ്ദേശിച്ചതെങ്കില്‍ അത് പരസ്യമാണ്. പിന്നെ പുരുഷന്മാരെന്ന് വേണമെങ്കില്‍ പറയാവുന്ന രണ്ടുപേര്‍, മകനല്ലാതെ, വീട്ടില്‍ വരുന്നത് പാലുകാരനും മീന്‍കാരനുമാണ്. രണ്ടും പരസ്യക്കാരാണ്. മാത്രമല്ല, ഇന്നേവരെ, അറിയാതെപോലും തന്റെ കയ്യീന്ന് ഒരു വക അവര്‍ക്ക് കിട്ടിയിട്ടുമില്ല. പൊതുവെ നര്‍മ്മബോധം കുറവായ മകനോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നതിനാല്‍ ലത ഒരു നഖംവെട്ടിയെടുത്ത് കാല്‍നഖങ്ങള്‍ വൃത്തിയാക്കാന്‍ തുടങ്ങി. പൊതുവെ വാക്കുപാലിക്കാത്തവനാണെങ്കിലും ഇത്തവണ മകന്‍ വാക്കു പാലിക്കാനുള്ള അതിവ്യഗ്രത കാണിച്ചത് ലതയെ അമ്പരപ്പെടുത്തുകയും നൊമ്പരപ്പെടുത്തുകയും ചെയ്തു. പൂച്ചയെ ഇനി കണ്ടാല്‍ ചാക്കില്‍ക്കെട്ടി ദൂരെക്കളയുകയോ ഓടുന്ന വണ്ടിക്കു മുമ്പിലേക്ക് തള്ളിയിടുകയോ ചെയ്യാന്‍ പോകുമെന്നതായിരുന്നു അത്. അക്കാര്യം മണത്തറിഞ്ഞിട്ടാവും പൂച്ച കുറേനാള്‍ അതുവഴി വന്നതേയില്ല. പിന്നീട് വന്നപ്പോഴാകട്ടെ അടുക്കളയിലേക്ക് കയറാതെ തിണ്ണയിലോ വിറകുപുരയിലോ കയറിക്കിടന്നു. വിശന്നു വയറൊട്ടിക്കിടന്നിട്ടും പാലു കട്ടുകുടിക്കാതെ മര്യാദക്കാരനായി. കുട്ടികള്‍ അപ്പോഴേക്ക് അതിനെ വാരിയെടുക്കാനും കൊഞ്ചിക്കാനും ഒക്കെ തുടങ്ങിയിരുന്നു. പ്രത്യേകിച്ച് അനിഷ്ടസംഭവങ്ങളൊന്നുമില്ലാത്ത ഒരു ഞായറാഴ്ച ഉറക്കമെണീറ്റു വന്ന മകന്‍ കണ്ടത് മാളുവിന്റെ കയ്യില്‍ അനുസരണയോടെ ഇരിക്കുന്ന മണിയനെയാണ്. തലേനാള്‍ വയറുനിറച്ച് കള്ളുകുടിക്കാന്‍ പറ്റാത്ത വിഷമം അടച്ച മുറിക്കുള്ളില്‍നിന്ന് ലതയും കേട്ടിരുന്നുവെങ്കിലും ”നന്നായേള്ളൂ” എന്നു ചിരിച്ച് മാളുവിനോട് കഥ പറഞ്ഞു കൊടുക്കുകയായിരുന്നു അവള്‍. മാറാത്ത കലിപ്പു കാരണമാവും മാളുവിന്റെ കണ്ണീരും കരച്ചിലും ലതയുടെ പ്രതിഷേധവും വകവെക്കാതെ അയാള്‍ അതിനെ വലിച്ചു പറിച്ചെടുത്ത് ചാക്കിലാക്കിയത്. മരുമകള്‍ പോലും അതിനെതിരെ രംഗത്ത് വന്നെങ്കിലും അക്കാര്യത്തില്‍ ഒരു നീക്കുപോക്കുണ്ടായില്ല. ഓട്ടോറിക്ഷ സ്റ്റാര്‍ട്ട് ചെയ്ത് ചാക്കും കൊണ്ടുപോകുമ്പോള്‍ ലത എന്നിട്ടും അവനോട് ”അതിനെ വല്ല ഹോട്ടലിന്റെയും അടുത്ത് വിട് എന്തെങ്കിലും തിന്ന് ജീവിക്കട്ടെ” എന്നു പറയാതിരിക്കാനായില്ല. രൂക്ഷമായ ഒരു നോട്ടം നോക്കിയെങ്കിലും ഇക്കാര്യമവന്‍ അനുസരിക്കുമെന്ന് ലതക്കെന്തോ തോന്നി.

രാത്രി തിരിച്ചുവന്ന മകന്‍ നല്ലപോലെ കുടിച്ചിരുന്നു. ലതയെ കണ്ടതും അയാള്‍ക്ക് കലിയിളകി. ”കൊണ്ടോയ് കളഞ്ഞിട്ടുണ്ട് നിങ്ങ്‌ടെ പൊന്നാര മോനെ. നല്ല വല്യ ഹോട്ടല് നോക്കി തന്ന്യാ കളഞ്ഞത് ലുലുവിന്റെ അവിടെ, എന്താ പോരേ” ”പോരാ എന്നുപറഞ്ഞാല്‍ നീ തിരിച്ചുകൊണ്ടുവര്വേ” എന്ന് നോട്ടത്തിലൂടെ ലത ചോദിച്ചു. പൂച്ചയെ കളഞ്ഞപ്പോള്‍തൊട്ട് സങ്കടപ്പെട്ടിരുന്ന മാളു ഇതുകേട്ടതും ഉറക്കെ കരയാന്‍ തുടങ്ങി. മകന്റെ കയ്യില്‍നിന്ന് അവള്‍ക്ക് രണ്ടടിയും കിട്ടി. കരഞ്ഞുകരഞ്ഞുറങ്ങിയ കുട്ടിക്കന്ന് ശ്വാസം മുട്ടധികമായി. ലതക്കറിയാവുന്ന നുണുക്കുവിദ്യകൊണ്ടൊന്നും ഒരു ഫലവുമുണ്ടായില്ല. ആശുപത്രിയില്‍ അവള്‍ക്ക് കൂട്ടിരിക്കുമ്പോള്‍ അച്ഛമ്മയോട് അവള്‍ ആവശ്യപ്പെട്ടത് മണിയനെ കാണണമെന്നായിരുന്നു. എത്ര കൊതിയുണ്ടായിട്ടും ആശുപത്രിയില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി കിട്ടുന്ന പാല്‍ അവള്‍ കുടിച്ചില്ല. ഭക്ഷണവുമായി വന്ന മകന്റെ കയ്യില്‍ അത് കുട്ടികള്‍ക്ക് കൊടുത്തയക്കുമ്പോള്‍ ലത ”പൂച്ചയെ കളയേണ്ടായിരുന്നു” എന്നുപറഞ്ഞു. അയാള്‍ ദേഷ്യത്തോടെയല്ലാതെ ഒന്നവളെ നോക്കി. ”വേഗം ഓപ്പറേഷന്‍ നടത്തുക. അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല” എന്നു കേട്ട് ഡിസ്ചാര്‍ജ് വാങ്ങി തിരിച്ചു വീട്ടിലെത്തിയപ്പോള്‍ ഓട്ടോറിക്ഷ അപ്രത്യക്ഷമായിരുന്നു. മകനത് ആര്‍ക്കോ വിറ്റിരുന്നു. അതാര്‍ക്ക് എന്നറിയുന്നതിനേക്കാള്‍ പൂച്ചക്കെന്തു പറ്റിയാവോ എന്ന സങ്കടമായിരുന്നു ലതയ്ക്ക്.

അന്നുരാത്രി ലത ഭര്‍ത്താവിനെ സ്വപ്നം കണ്ടു. അയാള്‍ മരിച്ചതിനുശേഷം ഒരുപക്ഷേ ആദ്യമായി. ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്ന് എല്ലും തോലുമായി അവള്‍ക്ക് പരിചിതമായ രൂപം. കുടിച്ച് കുടിച്ചാണ് അയാള്‍ മരിച്ചത്. കരള്‍ കരിഞ്ഞു. മദ്യപിച്ച് ജോലിക്കു പോകാതെയും അവിടെയും ഇവിടെയും ബോധം കെട്ടു കിടന്നുമാണെങ്കിലും അയാള്‍ക്കവളോട് ഇഷ്ടമുണ്ടായിരുന്നു എന്നവള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ആശുപത്രി നാളുകളില്‍ അവളെ ഇടംവലം തിരിയാനനുവദിക്കാതെ ഏതു നേരവും ലതേ… ലതേ… എന്നു വിളിച്ചിരുന്നപോലെ അയാള്‍ സ്വപ്നത്തിലും വിളിച്ചു. നീ വീട്ടുവാടക കൊടുത്തോ എന്നയാള്‍ അപ്പോള്‍ ചോദിച്ചു. എവിടന്ന് കൊടുക്കാനാ എന്നവള്‍ നെടുവീര്‍പ്പിട്ടു. രണ്ടുമാസം ആശുപത്രയില്‍ കിടന്നപ്പോഴും അയാള്‍ ചോദിച്ചിരുന്നത് അതു തന്നെയായിരുന്നു. പെട്ടെന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ നേരം നന്നായി വെളുത്തിരുന്നു. നാലുമാസമായി വാടക കൊടുത്തിട്ടെന്നോര്‍ത്തതും വീട്ടുടസ്ഥയുടെ ഭാര്യ അവളെ വിളിച്ചതും ഒന്നിച്ചായിരുന്നു. ‘ഇനി പറ്റില്യാട്ടാ ലതേ. ജോസച്ചേട്ടന്‍ എന്ന്യാ ചീത്ത പറയണ്. രണ്ടൂസത്തിനകം നീ രണ്ടു മാസത്തെ വാടകയെങ്കിലും ചെക്കനോട് പറഞ്ഞ് ഒപ്പിച്ച് തന്നില്ലെങ്കി സലം ഒഴിയാനാ പറേണ്. എന്നോടാ തട്ടിക്കേറണ്. മോള് പ്രസവിക്കാറായിട്ടിരിക്കാ. നീയെന്തേലും ചെയ്യ്. അല്ലെങ്ങി ചട്ടീം വട്ടീമായിട്ട് എറങ്ങ്” ”ഞാനവനോട് പറയാം സിസില്യേച്ച്യേ” ലതയുടെ ശബ്ദം നേര്‍ത്തിരുന്നു. സിസില്യേച്ചി കാരുണ്യമുള്ളവളാണെങ്കിലും ജോസപ്പേട്ടന്‍ അങ്ങനെയല്ല. വാടക കൊടുത്തില്ലെങ്കില്‍ മുമ്പത്തേപ്പോലെ വീടൊഴിയേണ്ടിവരും. മരുമോളുടെ കല്യാണമോതിരം പണയം വെച്ചാണ് ഈ വീടിന് അഡ്വാന്‍സ് കൊടുത്തത്. ഇനി ഒന്നുമില്ല വിക്കാനോ പണയം വെക്കാനോ. എത്ര കള്ളുകുടിച്ചാലും ഭര്‍ത്താവ് എവിടെ നിന്നെങ്കിലും വാടകക്കാശ് കൊടുക്കാറുണ്ട്. ആ ഒരൊറ്റ കാര്യത്തില്‍ മാത്രം അഭിമാനിയായിരുന്നു എന്നോര്‍ത്തപ്പോള്‍ ലതയ്ക്ക് സ്‌നേഹംതോന്നി. ഇനി ഒന്നും ബാക്കിയില്ല. ഓട്ടോറിക്ഷയും പോയി. മകന്‍ പറഞ്ഞതാണ് ശരി. ചാവാം, എല്ലാവര്‍ക്കും കൂടി. അതെന്നു വേണം? ഇന്നോ നാളെയോ എന്നേ തീരുമാനിക്കേണ്ടൂ. കുട്ടികള്‍ക്ക് പാലില്‍ വിഷം ചേര്‍ത്തുകൊടുക്കാം. വലിയവര്‍ക്ക് ഭക്ഷണത്തിലും. അത്രയുമാലോചിച്ചപ്പോള്‍ ലതയ്ക്ക് വല്ലാത്ത കരച്ചില്‍വന്നു. ഒഴിയാന്‍ പോകുന്ന വീടിന്റെ ഉമ്മറത്ത് നാലു കുഞ്ഞുദേഹങ്ങളെ കിടത്തുന്ന കാഴ്ചയോര്‍ത്തപ്പോള്‍ അവള്‍ തേങ്ങിപ്പോയി.

നിറഞ്ഞ കണ്ണുകളോടെ തിണ്ണയില്‍ ചാരിയിരുന്നപ്പോള്‍ മങ്ങിയ കാഴ്ചയായാണ് അതു കണ്ടത്. ഒരു കുഞ്ഞുസാധനം പതുക്കെപ്പതുക്കെ നടന്നുവരുന്നു. കണ്ണീരു തുടച്ചപ്പോഴാണ് മനസ്സിലായത്. അത് മണിയനാണ്. നാളുകള്‍ക്ക് മുമ്പ് ചാക്കില്‍ കെട്ടി അവരുപേക്ഷിച്ച അവന്‍. ഭക്ഷണമില്ലാതെ മെലിഞ്ഞും നടന്ന് ക്ഷീണിച്ചുമായിരുന്നെങ്കിലും ഇത്തവണ അതിന് സംശയമില്ലായിരുന്നു. വന്നപാടെ ചവിട്ടുപടിയില്‍ കയറിക്കിടന്നു. കിടന്നപാടേ ഉറങ്ങി. ലതയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. താന്‍ തന്നെ ഉണ്ടാക്കിയ കഥയിലെ പൂച്ചയെപ്പോലെ ഇനി അപൂര്‍വസിദ്ധിയുള്ള ഒന്നായിരിക്കുമോ ഇതും. എന്നോ മാഞ്ഞുപോയ അത്ഭുതങ്ങളിലുള്ള വിശ്വാസത്തില്‍ പെട്ടെന്ന് ആ കൊച്ചുമുറ്റം പ്രകാശത്തില്‍ തിളങ്ങുംപോലെയും ഏതൊക്കെയോ പരിചിത ഗന്ധങ്ങള്‍ സ്‌നേഹത്തോടെ തന്നെ വന്ന് പൊതിയുന്നതായും ലതയ്ക്ക് തോന്നി. ദൈവമേ! അതെങ്ങനെയിവിടെയെത്തി? എത്ര ദൂരം അതു യാത്ര ചെയ്തു! ചുരുങ്ങിയത് അഞ്ച് എട്ട് കിലോമീറ്റര്‍. എന്താണ് അതിനെ വീടുമായി ചേര്‍ത്തുനിര്‍ത്തുന്ന കാര്യം? ആലോചിക്കുന്തോറും അവള്‍ക്കാ മിണ്ടാപ്രാണിയോട് കരുണ തോന്നി. കുട്ടികള്‍ക്ക് കൊടുക്കാനായി വെച്ച പാല്‍ക്കുപ്പിയില്‍നിന്ന് ഒരു പാത്രത്തിലല്പം ഇളംചൂടുള്ള പാലെടുത്ത് അവര്‍ അതിനുമുന്നില്‍ വെച്ചു. ഒന്നു തലപൊക്കി നോക്കി ക്ഷീണിതനായി അതവിടെത്തന്നെ കിടന്നു. ലതയതിനെ എടുത്തു മടിയില്‍വെച്ചു. ”എന്തിനാടാ ഈ ദുരിതത്തിലേക്കു വന്നത്? എങ്ങന്യാടാ നീ വഴി കണ്ടുപിടിച്ചത്?” എന്നൊക്കെ ചോദിച്ച് തലോടിക്കൊണ്ടിരുന്നു. പതുക്കെ അതിന് ജീവന്‍വെച്ചു പാത്രത്തിലെ പാല് നന്ദിപൂര്‍വ്വം നക്കിക്കുടിച്ച് വീണ്ടും ഉറക്കമായി. മാളുവിനെ ഉണര്‍ത്തി ലത കണ്ണുപൊത്തിക്കൊണ്ട് ഉമ്മറത്തേക്ക് കൊണ്ടുവന്നു. ക്ഷീണമൊക്കെ മറന്ന് മാളു ചിരിച്ചു. ”മണിയാ! എന്നു വിളിച്ച് അതിനെ മാറോടു ചേര്‍ത്തു. ”അതിനുവയ്യെടീ… ഉറങ്ങിക്കോട്ടെ” എന്ന് ലത പറഞ്ഞത് മാളു കേട്ടില്ല. അതിനെ കയ്യില്‍നിന്ന് വിടാതെ അവള്‍ ചേര്‍ത്തു ചേര്‍ത്തുപിടിച്ചു. ”ഇനി പോണ്ടാട്ടോ മണിയാ” എന്നു പറഞ്ഞുകൊണ്ടിരുന്നു.

അപ്രതീക്ഷിതമായി മകനുവന്ന ഫോണാണ് അയാളെ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തിയത്. ഓട്ടോറിക്ഷ മേടിച്ചയാളുടെയായിരുന്നു അത്. അയാളുടെ അമ്മ അത് മകനുതന്നെ തിരിച്ചുകൊടുക്കാന്‍ പറഞ്ഞുവത്രെ. ഒരാളുടെ കണ്ണീരിലും കയ്യിലും നിന്ന് വന്ന മൊതലിന് വര്‍ക്കത്തുണ്ടാവില്ലത്രെ. ആറുമാസത്തിനുള്ളില്‍ പൈസ തിരിച്ചുകൊടുത്താല്‍ മതിയത്രെ. കേട്ടത് വിശ്വസിക്കാനാവാതെ മകന്‍ ഉമ്മറത്തേക്കു വന്നപ്പോഴാണ് മാളു പൂച്ചയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നതയാള്‍ കണ്ടത്. അച്ഛനെ കണ്ടു പേടിച്ച മാളു കരയാന്‍ തുടങ്ങി. ഒന്നു സംശയിച്ചുനിന്ന് സാവധാനം മകന്‍ അവളെ അടുത്തുവിളിച്ചു. ”ഇത് തിരിച്ചുവന്നോ ദൈവമേ!’ കുറച്ചുനേരം അതിനെ നോക്കി. അത് പരവേശത്തോടെ അയാളെയും.” കാലങ്ങള്‍ക്കുശേഷം വഴക്കുപറയാനായല്ലാതെ അയാള്‍ ലതയോട് മനുഷ്യനെപ്പോലെ സംസാരിച്ചു. ”നോക്കമ്മേ, വല്ലാതെ വിശക്കുമ്പോള്‍ അച്ഛന്‍ നോക്കുന്നപോലെയുണ്ട് അല്ലേ?” അവളതിനെ നോക്കി. അതവളെ നോക്കി കണ്ണടച്ചുതുറന്നു. അവള്‍ അതിനെ നോക്കി പുഞ്ചിരിച്ചു.

രാത്രി കിടക്കയില്‍ എന്തോ തടയുന്നപോലെ തോന്നിയാണ് ലത ഉറക്കമുണര്‍ന്നത്. പാമ്പാണോ എന്നു പേടിച്ച് അവളുറക്കെ കരഞ്ഞു പിടഞ്ഞെണീറ്റു. മണിയനായിരുന്നു അത്. ശബ്ദം കേട്ട് എല്ലാവരും എണീറ്റുവന്നു. ചെറിയ കുട്ടി ഒരു പുതപ്പെടുത്ത് അതിന്റെ മുഖത്തിട്ടുപിടിക്കാന്‍ നോക്കിയപ്പോള്‍ പൂച്ച ഒരു കടിവെച്ചു കൊടുത്തു. അവന്റെ കരച്ചിലൊടുങ്ങാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. നാളെ മകനതിന്റെ കഥ കഴിക്കുമെന്നോര്‍ത്ത് ഉറങ്ങാനായില്ല. പതിവിലും നേരത്തെ മകനുണര്‍ന്നെണീറ്റു. ലതയെ കണ്ടപ്പോള്‍ വളരെ സാവകാശം അയാള്‍ പറഞ്ഞു. ”പൂച്ചയെ കുറ്റം പറയാമ്പറ്റില്ല. അതിനെ ശ്വാസംമുട്ടിച്ചാ അത് കടിക്കില്ലേ. പിന്നെ! കുട്ടിനെ ആശുപത്രീകൊണ്ടോയിട്ട് വേണം ഓട്ടംപൂവാന്‍ അതാ നേര്‍ത്തെ എണ്ണീറ്റത്. അമ്മ ഒരു കട്ടന്‍കാപ്പിണ്ടാക്ക്”. കാലങ്ങള്‍ക്ക് ശേഷമായിരുന്നു അയാള്‍ അവളെ അമ്മയെന്ന് വിളിച്ചത്. സത്യം പറഞ്ഞാല്‍ ഭര്‍ത്താവ് മരിച്ചതില്‍പ്പിന്നെ ആദ്യമായി. നാളുകള്‍ക്ക് ശേഷം ലതയ്‌ക്കൊരു ഉന്മേഷം തോന്നി. കാപ്പിക്ക് വെള്ളം വെച്ച് അവള്‍ പൂച്ചയെ തിരഞ്ഞു. അതവളുടെ മുറിയിലെ അലമാരക്കുമുകളില്‍ അവളെയും നോക്കി പതുങ്ങിയിരിപ്പുണ്ടായിരുന്നു. അവളതിനോട് പറഞ്ഞു ”പേടിക്കണ്ടാ, എറങ്ങിവന്നോ ഇനിയാരും ഒന്നും ചെയ്യില്ല.”