Litart Media

Web Weekly

Special Issue 2

സത്യവാങ് മൂലം

മുഹമ്മദ് ഷഫീഖ് കെ കെ

ഡല്‍ഹിയില്‍ നിന്നുള്ള ചിത്രമായിരുന്നു അത്.

കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാസ് ഫേസ് മൂന്നിലെ ന്യൂ കോണ്‍ഡ്‌ലി പ്രദേശത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിനു മുന്നിലെ സൗജന്യഭക്ഷണവിതരണ കേന്ദ്രത്തില്‍ അതിരാവിലെ തന്നെ മുന്‍നിരയിലെത്താന്‍ പാത്രങ്ങള്‍ നിരത്തിയിരിക്കുന്നു. പൊള്ളുന്ന വേനല്‍ച്ചൂടില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മുതലാണ് കഞ്ഞിവിതരണം. ഫോട്ടോഗ്രാഫര്‍ ഒരു ജോണ്‍ മാത്യു.

കൊറോണയുടെ വ്യാപനത്തെത്തുടര്‍ന്ന് നാടും റോഡുകളും ലോക് ഡൗണിലേക്ക് നീങ്ങിയപ്പോള്‍ അതിരാവിലെ മുതല്‍ സ്റ്റീല്‍ പാത്രങ്ങള്‍ വെച്ച് വരി ഉറപ്പാക്കാനെത്തിയവര്‍. ഓരോ സ്റ്റീല്‍ പാത്രങ്ങളിലും തങ്ങളുടെ എന്തെങ്കിലും അനന്യത തെളിയിക്കാനായി പാത്രങ്ങളില്‍ എവിടെയെങ്കിലും കെട്ടിയ ചരടുകള്‍. പല നിറത്തിലുള്ളത്. ചിലതില്‍ കോറിവരഞ്ഞ പേരുകള്‍. ഹിന്ദി പഠനം പത്താംക്ലാസിനു ശേഷം ഉപേക്ഷിച്ചതാണെങ്കിലും മൊബൈലിലെ ഫോട്ടോ സൂം ചെയ്ത് ചില പേരുകള്‍ ഇങ്ങനെ വായിച്ചു. ഗോകുല്‍ ദാസ്, തന്‍മയ് മിത്ര, അനിരുദ്ധം സര്‍ദേശായി, മാനവ് കുല്‍ക്കര്‍ണി, മനീന്ദര്‍ സിങ്..

മനീന്ദര്‍ സിങ് എന്ന പേരില്‍ ഒരു ക്രിക്കറ്ററും ഉണ്ടായിരുന്നല്ലോ പണ്ട് ഇന്ത്യന്‍ ജഴ്‌സിയില്‍ എന്ന ചിന്തയാണ് ആദ്യമേ മനസിലേക്ക് നിറഞ്ഞത്. സ്ലോ ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ് സ്പിന്നുമായി ഒരു കാലത്ത് ബിഷന്‍ സിങ് ബേദിയുടെ പിന്‍ഗാമിയാവുമെന്ന്് കരുതപ്പെട്ട ആള്‍. പക്ഷേ, പിന്നീടെപ്പോഴോ മദ്യപാനത്തിന്റെയും മയക്കുമരുന്നുകളുടെയും ആസക്തിയില്‍ ഏത് സ്പിന്നറുടെയും കരിയറിന്റെ സുവര്‍ണകാലഘട്ടമാവാറുള്ള 30 കളുടെ തുടക്കത്തില്‍ തന്നെ കരിയര്‍ അവസാനിപ്പിച്ച് പിന്തിരിഞ്ഞ് നടന്നവന്‍. ചിന്തകളില്‍ മനീന്ദര്‍ സിങ് മന്ദം മന്ദം പന്തുമായി മുന്നോട്ട് കുതിക്കവേ, പെട്ടെന്ന് തന്നെ കണ്ണടച്ച് തല കുടഞ്ഞ് ആ പന്തിനേയും മനീന്ദര്‍ സിങ്ങിനേയും മനസിന്റെ അതിര്‍ത്തിവരകള്‍ കടത്താനുള്ള ശ്രമങ്ങളാരംഭിച്ചു.

ഇതൊരു കാലത്തിന്റെ പ്രശ്‌നമാണ്. എല്ലാ വിവരങ്ങളും ഒരൊറ്റ ക്ലിക്കില്‍ വിക്കി പീഡിയയിലും സെര്‍ച്ച് എന്‍ജിനുകളിലും തെളിയുന്ന കാലത്ത് ആവശ്യത്തിലേറെ ശേഖരിക്കപ്പെട്ട വിവരങ്ങള്‍ അനുവാദമില്ലാതെ തലച്ചോറിലേക്ക് വന്നുനിറയുന്നു. തദാത്മ്യം പാലിക്കപ്പെടുന്ന സംഭവങ്ങളും വ്യക്തികളും പ്രധാന ഫോക്കസുകളെ അട്ടിമറിച്ച,് ഉപനായകവേഷത്തിലെത്തി നായകനെക്കാള്‍ കൈയ്യടി കിട്ടുന്ന കഥാപാത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങുന്നു. പിന്നെ വീണ്ടും തല്‍സ്ഥിയിലേക്ക് തിരിച്ചുള്ള വരവാണ് ദുഷ്‌ക്കരം. അപ്പോഴേക്കും നായകന്‍ ആത്മഹത്യയുടെ പുറപ്പാടില്‍ ഏതെങ്കിലും മറിയാനാ ട്രഞ്ചിനു മുന്നിലെത്തി ചാടാനുള്ള ത്വര മൂത്ത് നില്‍ക്കുകയാവും. അവഗണിക്കപ്പെടുന്ന ഏതൊരു ആത്മാവിനെയുമെന്ന പോലെ, പൊതുബോധത്തിന്റെ ശ്രദ്ധയെ ഇക്കിളിപ്പെടുത്താത്ത ഏതൊരു സംഭവവുമെന്ന പോലെ.

പുതുതായി വീടു പണി നടക്കുന്ന ഇടത്തേക്ക് നടക്കുന്നതിനിടയില്‍ മൊബൈലിലെ പാത്രങ്ങളുടെ ക്യൂ ദൃശ്യങ്ങള്‍ മനസിലങ്ങനെ നിറഞ്ഞുനിന്നു. സമയം ഇപ്പോള്‍ പന്ത്രണ്ട് കഴിഞ്ഞു. ക്യൂവില്‍ മുന്നിലുള്ള ഗോകുല്‍ ദാസിന് ഉച്ചക്കഞ്ഞി കിട്ടിയിട്ടുണ്ടാവും. അയാള്‍ അതുമായി തന്റെ ടാര്‍പോളിന്‍ ഷീറ്റ്് കൊണ്ട് മേല്‍ക്കൂര പൊതിഞ്ഞ കൂരയിലേക്ക് നടന്നിട്ടുണ്ടാവും. കൂരയിലെ ഇരുണ്ട ഇടങ്ങളില്‍ നട്ടുച്ച സൂര്യന്‍ കീറല്‍ വീണ ഷീറ്റിനേയും മുറിച്ച,് നിലത്ത് ഒരോരത്തായി വെച്ച കണ്ണാടിയില്‍ അയാളെ തന്നെ പ്രതിബിംബിക്കാനുള്ള വെളിച്ചമാവുമ്പോള്‍ അയാള്‍ കഞ്ഞി കുടിച്ചുതുടങ്ങും. ഒരു ക്യാമറയിലെന്ന പോലെ അയാളുടെ ചുണ്ടുകളുടെയും നരവീണ മീശരോമങ്ങളുടെയും ഇടയില്‍ ഏതെങ്കിലും വറ്റുമണി തൊങ്ങലായി നില്‍ക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി അയാള്‍ ജീവിതത്തോട് പുഞ്ചിരിക്കുകയാവും. ഒരുതരം അവ്യക്തതളുടേയോ അനിശ്ചിതത്വത്തിന്റേയോ ചിരി. പുറത്ത് അപ്പോള്‍ അപ്രതീക്ഷിതമായി പെയ്ത മഴ അയാളുടെ മുഖത്തും വസ്ത്രാഞ്ചലങ്ങളിലും ചിത്രം വരച്ചുതുടങ്ങുകയും ചെയ്യും, ആ നേരം. അമീബയുടെതു പോലെ നിയതമായ ആകൃതിയില്ലാത്ത ചിത്രങ്ങള്‍. ആ ചിത്രങ്ങള്‍ കണ്ണാടിയിലേക്കും പടരും. അപ്പോഴേക്കും അയാള്‍ വിശപ്പിന്റെ ദൈന്യതയെ വിജയകരമായി തരണം ചെയ്ത് യഥാര്‍ഥ അയാളായി രൂപാന്തരപ്പെട്ടിട്ടുണ്ടാവും.

എന്നും രാത്രി കണ്ണാടിക്കു മുന്നിലിരുന്ന് അന്ന് കണ്ടതിന്റെയും കേട്ടതിന്റെയും അനാവശ്യ ബഹുമാനത്തില്‍ അമിതവിനയത്തിനുള്ളില്‍ സ്വയമൊളിച്ചതിന്റെയും മുഖം മൂടി പാമ്പ് പടം പൊഴിക്കുന്നത് പോലെ അഴിച്ചു മാറ്റുമ്പോള്‍ മറ്റൊരാളാവുന്നവരാണല്ലോ നമ്മളെല്ലാം. എന്നിലെ യഥാര്‍ഥ ഞാന്‍. അപ്പോള്‍ ജീവിതത്തിലെ അന്നത്തെ ദിവസവും ഞാന്‍ നല്ല അഭിനേതാവായിരുന്നല്ലോ എന്നോര്‍ത്ത് തന്നോട് തന്നെ ആത്മനിന്ദയും പുച്ഛവും മനസില്‍ നിറയ്ക്കും. ശേഷം, എല്ലാത്തിനോടും സമരസപ്പെട്ട്, ജീവിതം വലിയൊരു പോസിറ്റീവ് അനുഭൂതിയാണെന്ന് നിര്‍ബന്ധപൂര്‍വം സ്വയം വിശ്വസിപ്പിച്ച് അന്ന് കണ്ടെത്തിയ കഥകളും കണ്ണാടിക്ക് നല്‍കും. കണ്ണാടിക്കുള്ളില്‍ ഇന്ന് കഥകളുടെ കൂമ്പാരമാണ്. പലയിടത്തായി, പലരില്‍ നിന്നായി വന്നു ചേര്‍ന്ന കഥകള്‍. ഒരു നെഗറ്റീവ് മനുഷ്യന്റെ പോസിറ്റീവാകാന്‍ കൊതിക്കുന്ന കഥകള്‍.

ഒരര്‍ഥത്തില്‍ കണ്ണാടിയായിരുന്നു എന്റെ ആദ്യ ബലഹീനത. ഇന്നും മൂന്നാമത്തേയോ നാലാമത്തേയോ ബലഹീനതയായി കണ്ണാടി അതേ പോലെ ഉണ്ട്.

വീട്ടില്‍ ആദ്യമുണ്ടായിരുന്ന കണ്ണാടി, വശങ്ങളിലൂടെ ചിത്രപ്പണികളുള്ള ഒന്നായിരുന്നു. മുന്തിരി വള്ളികളാവണം, അവ കണ്ണാടിയിലൂടെ പടര്‍ന്ന് ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് നീണ്ടു കിടന്നിരുന്നു. ഉറ്റുനോക്കുമ്പോഴെല്ലാം ആ മുന്തിരിപ്പടര്‍പ്പുകള്‍ വളര്‍ന്ന് കണ്ണാടിയുടെ ചില്ലിനപ്പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതായി അനുഭവപ്പെട്ടിരുന്നു. പഴയ തറവാട് വീടായിരുന്നതിനാല്‍ ഒരു പക്ഷേ വീടിന്റെ അത്ര തന്നെ ഈ കണ്ണാടിക്കു പഴക്കവും കാണണം. പണ്ടൊരു നാള്‍ കുടുംബത്തിലെ നിഷേധിയായൊരു മുത്തശന്‍ പുറപ്പെട്ടു പോയി തിരിച്ചുവരുമ്പോള്‍ റങ്കൂണില്‍ നിന്ന് കൊണ്ടു വന്നതാണെന്ന് ആരോ പറഞ്ഞറിയാം.

ഞാന്‍ ആ മുത്തശന്റെ തനി സ്വരൂപമാണെന്ന് ചിലരെങ്കിലും പറയാറുണ്ട്. അതേ നീളം. അതേ കണ്ണുകള്‍. അതേ നോട്ടം. അതേ ഉയരം. കണ്ണാടിയില്‍ നോക്കുമ്പോഴെല്ലാം താടി വെളുത്ത് കഷണ്ടി കയറി മുഖം കൂര്‍പ്പിച്ച് നെഞ്ചത്തെ രോമങ്ങളിലെല്ലാം പാതി കറുപ്പും പാതി വെളുപ്പുമായി ഞാന്‍ കല്ലുവയല്‍ കുനിയില്‍ കുമാരന്‍ നായരായി രൂപാന്തരപ്പെടുന്ന ഭാവിയെക്കുറിച്ച് വെറുതെ സങ്കല്‍പിച്ചു നോക്കും. കണ്ണാടിയില്‍ നോക്കി നില്‍ക്കുമ്പോഴെല്ലാം ഭയപ്പെട്ടിരുന്നതും അത് തന്നെയാണ്. എന്റെ മുഖം പ്രായം ചെന്ന് ഇതേ പോലെ വെളുത്ത രോമങ്ങള്‍ നിറഞ്ഞ് കൂര്‍ത്ത് നിന്നാലുള്ള വിരോധാഭാസം.

ആ ഭയപ്പാടില്‍ ഞാന്‍ മുന്നിലെ മടിയിഴകളില്‍ അല്‍പമെടുത്ത് വെള്ളിവരകള്‍ വീഴുന്നുണ്ടോ എന്നു നോക്കും, അപ്പോള്‍. പിന്നെ ഇല്ലെന്നുറപ്പിച്ച്് എനിക്ക് കിട്ടിയ ജന്‍മദിനസമ്മാനങ്ങളും വല്ലവരും ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ കൊണ്ടു വരാറുണ്ടായിരുന്ന നടരാജ പെന്‍സിലുകളും പാല്‍ക്കുപ്പി പോലെ തോന്നിക്കുന്ന ഓള്‍ഡ് സ്‌പൈസ് ഷേവിങ് ക്രീമിന്റെ കുപ്പികളും അനിക്‌സ്‌പ്രേ ടിന്നും നല്ലവണ്ണം പാല്‍ ചുരത്തുന്ന പശുവിന്റെ മുഖമുള്ള പാല്‍ ചോക്ലേറ്റ് മിഠായിയുടെ കവര്‍ ശേഖരവും ലാല്‍ ബാഗിലെ പൂക്കളും മൈസൂരിലെ കൊട്ടാരവും കാണാന്‍ കഴിയുന്ന, ഓരോ ക്ലിക്കിലും ഫിലിം റീല്‍ മാറിവരുന്ന കളി ക്യാമറകളും കണ്ണാടിയ്ക്ക് പിറകില്‍ നിന്നും മുന്നിലേക്ക് എടുത്ത് വെക്കും. എല്ലാം സുരക്ഷിതമായി കാലങ്ങളോളം കൂടെയുള്ളവ. തറവാട് വീട് പൊളിച്ചുമാറ്റുന്നത് വരെ കണ്ണാടിയ്ക്കു പിന്നിലെ ആ അമൂല്യവസ്തുക്കളെല്ലാം മറവിയുടെ ആഴങ്ങളില്‍ പോയൊളിച്ചിരുന്നു, പിന്നീട്.

തറവാടിന്റെ ആദ്യകഴുക്കോല്‍ ഊരുമ്പോള്‍, ഇവയൊക്കെയും വീണ്ടും ഓര്‍മകളിലേക്കു വീണ്ടും വന്നെത്തിയതിന്റെ സന്തോഷത്തില്‍, രണ്ട് മാസം കൂടുമ്പോള്‍ മാത്രം പ്രസിദ്ധീകരിക്കാറുണ്ടായിരുന്ന കൊമ്പ് ദ്വൈമാസികയില്‍ ഞാനൊരു കവിതയും എഴുതി അയച്ചിട്ടുണ്ട്. കണ്ണാടി ഗര്‍ഭത്തിലൊളിപ്പിച്ച അമൂല്യവസ്തുക്കള്‍ എന്നായിരുന്നു കവിതയുടെ തലക്കെട്ട്. ഒരു വര്‍ഷത്തോളം ആ കവിതയില്‍ അച്ചടി മഷി പുരളുന്നതും കാത്തുനിന്നു. പക്ഷേ, പിന്നീടാണറിയുന്നത്, ഭാരിച്ച അച്ചടിച്ചെലവും പരസ്യവരുമാനമില്ലാതെയും കൊമ്പ് ആറ് മാസം മുമ്പേ, വിസ്മൃതിയിലേക്ക് ഒരു കസേര വലിച്ചിട്ടിരുന്നു. ആ കവിതയിലെ വരികള്‍ മറന്നെങ്കിലും കണ്ണാടി ഗര്‍ഭത്തിലൊളിപ്പിച്ച അമൂല്യവസ്തുക്കളുടെ ഓരോ കഥകളും ഇപ്പോഴും മനസിലുണ്ട്. മായാതെ, മറയാതെ, ഇരട്ടവാലന്‍ പുഴുവിന് പോലും കരണ്ടുതിന്നാനാവാതെ.

പണിതുകൊണ്ടിരുന്ന പുതിയ വീട്ടിലേക്കും, പഴയ വീട് അവശേഷിപ്പിച്ച സ്ഥാവര ജംഗമ വസ്തുക്കളില്‍ ആദ്യം എടുത്ത് കൊണ്ട് പോയി പ്രതിഷ്ഠിച്ചത് ഇതേ കണ്ണാടി തന്നെയായിരുന്നു. ഒപ്പം ലൂതാതന്തുക്കള്‍ എണ്ണമില്ലാതെ കൂടുകെട്ടിയ നിലയില്‍ പൊടിപിടിച്ചുകിടന്ന പഴയൊരു പോലീസ് തൊപ്പിയും. വീടിന്റെ പെയിന്റിങ്ങും വൈദ്യുതി കണക്ഷനും ഒന്നുമായില്ലെങ്കിലും കണ്ണാടിയില്‍ നോക്കി എന്റെ പ്രതിബിംബം അന്തിവെയിലില്‍ നരച്ചുതിളങ്ങുന്നത് കണ്ട് നിന്ന് മുന്തിരിപ്പടര്‍പ്പുകളിലേക്ക് എസേ ലൈറ്റ്‌സ് സിഗരറ്റിന്റെ പുക ഊതിവിടുന്നതായിരുന്നു ഈയിടെയായുള്ള സ്ഥിരം ശീലങ്ങളിലൊന്ന്. ഒപ്പം അന്നത്തെ മൂഖ്യ ശേഖരങ്ങളിലൊന്നായ ആ പോലീസ് തൊപ്പിയും കണ്ണാടിയുടെ പിറകില്‍ നിന്നെടുത്ത് തലയിലണിയും. പോലീസ് തൊപ്പിയുമണിഞ്ഞ് കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന സ്വന്തം രൂപത്തിന് ഒരു നായകപരിവേഷം പതിയെ കൈവരിക്കപ്പെടുന്നത് ആസ്വദിച്ച് പുകച്ചുരുളുകളെ ആകാശക്കോണുകളിലേക്ക് പറത്തിവിടും.

ഒരു കാലത്ത് എന്റെ അമൂല്യ ശേഖരങ്ങളില്‍ പ്രധാനമായിരുന്നു ആ തൊപ്പി. ആരുമില്ലാത്ത നേരങ്ങളില്‍ പാകമാവാത്ത ആ തൊപ്പി തലയില്‍ വെച്ച് കണ്ണാടിയിലെ മുന്തിരിവള്ളികളിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ മനസില്‍ സമയപരിധികളൊന്നുമുണ്ടായിരുന്നില്ല. എത്ര നേരം വേണമെങ്കിലും അങ്ങനെ നില്‍ക്കാം. എന്റെ ഒന്നര തല വേണമായിരുന്നു ആ തൊപ്പി നിറയാന്‍. തൊപ്പിയണിഞ്ഞ് കണ്ണാടിയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ അന്ന് ആദ്യം മനസില്‍ വരാറുള്ളത് നീണ്ടുമെലിഞ്ഞ് മീശയില്ലാത്ത അമിതാഭ് ബച്ചന്‍ എതിരാൡയോട് അലറുന്നതായിരുന്നു.

‘യേ പോലീസ് സ്‌റ്റേഷന്‍ ഹെ, തേരാ ബാപ് കാ ഗര്‍ നഹീ..’

ശേഷം പോലീസ് വേഷത്തിലെ ബച്ചന്‍ എതിരാളിയായ പ്രാന്‍ ഇരിക്കാനോങ്ങിയ കസേര തട്ടി മറച്ചിടുന്നു.

90 കളിലെ ദൂരദര്‍ശനില്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് വരാറുണ്ടായിരുന്ന ഹിന്ദി സിനിമകളില്‍ ഏറെ ആസ്വദിച്ച സിനിമകളിലൊന്നായിരുന്നു അത്. സജ്ജീര്‍. ഒന്‍പത് മണിക്ക് തുടങ്ങിയാല്‍ ഓരോ പത്ത് മിനിറ്റിനു ശേഷവും 3 മിനിറ്റ് പരസ്യവും സ്‌ക്രീനില്‍ സംപ്രേഷണത്തിന് ആഗതമാവും. വാഷിങ് പൗഡര്‍ നിര്‍മയും ബജാജ് ചേതകും ഡയറി മില്‍ക്കും ലിറില്‍, സന്തൂര്‍, ലൈഫ് ബോയ്, മാര്‍ഗോ, ഡെറ്റോള്‍ സോപ്പുകളും ഡാബര്‍ ച്യവനപ്രാശവും സച്ചിന്‍ ടെന്‍ഡുല്‍ക്കറും കപില്‍ ദേവും അണിനിരക്കുന്ന എന്റെ ശക്തിയുടെ ഉറവിടം ബൂസ്റ്റും ഗര്‍ഭനിരോധന മാലാഡിയും വീക്കോ പാല്‍പ്പൊടിയും കാഡ്ബറീസ് നെസ് കഫെയും ഒനിഡ ടിവിയും പരസ്യപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ വീണ്ടും അമിതാബ് ബച്ചന്‍ പോലീസ് വേഷവുമണിഞ്ഞ് ഇറങ്ങും.

നീണ്ടുമെലിഞ്ഞ് മീശയില്ലാത്ത സബ് ഇന്‍സ്‌പെക്ടര്‍ അമിതാഭ് ബച്ചന്‍.

ആ കണ്ണുകളിലും ശബ്ദത്തിലും കലര്‍ന്നു നിന്ന ആഴത്തില്‍ വേരൂന്നിയ പൗരുഷവും നാട്യവും എന്റെ കൗമാരകണ്ണുകള്‍ ഇനിയൊരിക്കലും മറക്കില്ലെന്നും ആത്മകഥയെഴുതുകയാണെങ്കില്‍ അതിലൊരദ്ധ്യായം അമിതാഭ്് ബച്ചന്റെ പോലീസ് വേഷങ്ങളെക്കുറിച്ചാകാമെന്നും നിശ്ചയിച്ചുറപ്പിച്ചിരുന്നു.

അതിലും ഏറെ വൈകാതെ തന്നെയാണ് ഈ പോലീസ് തൊപ്പി തൊട്ടടുത്ത കള്ള് ഷാപ്പിലെ പ്രമാദമായ കത്തിക്കുത്ത് കേസിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മറന്നുവെച്ച നിലയില്‍ എന്റെ കൈയ്യില്‍ കിട്ടുന്നതും കണ്ണാടിയുടെ മുന്തിരിപ്പടര്‍പ്പിനു പിറകെ സ്ഥാനം പിടിക്കുന്നതും. അപ്പോഴേക്കും പോലീസ് തൊപ്പികളുടെ ഉദ്യോഗക്കയറ്റത്തിലുള്ള വ്യത്യാസവും ചുമലിലെ നക്ഷത്രങ്ങളുടെ തരം തിരിവുമല്ലാം പതിയെ പഠിച്ചു തുടങ്ങിയിരുന്നു. കടപ്പാട് ദൂരദര്‍ശനും ഞായറാഴ്ചയ്‌ക്കൊപ്പം ശനിയാഴ്ചയും സംപ്രേഷണം ചെയ്തു തുടങ്ങിയ ഹിന്ദി സിനിമകളും തന്നെ. അമിതാഭ് ബച്ചനൊപ്പം ധര്‍മേന്ദ്രയും ശത്രുഘ്‌നന്‍ സിന്‍ഹയും ശശി കപൂറുമല്ലാം പോലീസുകാരായി പരസ്യത്തിന്റെ ഇടവേളകളില്‍ സ്‌ക്രീനില്‍ നിറഞ്ഞു.

അന്നും തൊപ്പിയണിഞ്ഞതിനു ശേഷം കണ്ണാടിയിലേക്ക് തന്നെ നോക്കിനിന്ന് മനസില്‍ നായകഭാവങ്ങളെ ആവാഹിക്കുമ്പോഴാണ് കൈയ്യിലെ സിഗരറ്റു പായ്ക്കറ്റിലെ അവസാന സിഗരറ്റും ഗോകുല്‍ ദാസിന്റെ ഉച്ചഭക്ഷണ ഊഴത്തിനൊപ്പം പുകച്ച് വിട്ടതായിരുന്നല്ലോ എന്ന കാര്യമോര്‍ത്തത്. ഇനി ഇപ്പോഴേക്കും തന്‍മയ് മിത്രയുടെ ഊഴമായിട്ടുണ്ടാവും, ആ സ്‌കൂളിനു മുന്നില്‍.

ഒരു സിഗരറ്റിനു വേണ്ടി ഇനിയും അങ്ങായിടിയിലേക്കിറങ്ങണം. റോന്ത് ചുറ്റുന്ന പോലീസുകാരുടെ കണ്ണ് വെട്ടിച്ചും അവര്‍ കണ്ടെത്തിയാല്‍ വിശ്വസനീയമായ കള്ളം പറഞ്ഞും കരിഞ്ചന്തയില്‍ സിഗരറ്റ് വില്‍ക്കുന്ന കുഞ്ഞമ്പുവിന്റെ വീട്ടിലെത്തണം. അവിടെ പായ്ക്കറ്റിലെ വിലയെക്കാള്‍ മുപ്പത് ശതമാനം വര്‍ധനയില്‍ സിഗരറ്റ് ലഭിക്കും. ഇരുപത് ശതമാനം വിലവര്‍ധനയില്‍ പെട്രോളും.

മുമ്പ് ടൗണില്‍ ചാരായ ഷോപ്പ് നടത്തിയിരുന്ന കുഞ്ഞമ്പു ഭാര്യയുടെ മരണ ശേഷം ഷാപ്പൊക്കെ ഉപേക്ഷിച്ച് ഇതുപോലെ കരിഞ്ചന്ത കച്ചവടവുമായി കഴിയുകയായിരുന്നു. അയാള്‍ ഇല്ലാത്ത സമയങ്ങളില്‍ മകള്‍ അജിതയാവും കടക്കാരി. പാതിവഴിയില്‍ പഠിത്തമുപേക്ഷിച്ച് അച്ഛനെ സഹായിക്കുന്ന ജോലിയാണ് അവള്‍ക്ക്.

എസേ ലൈറ്റ്‌സിനു വേണ്ടി റോഡിലേക്കിറങ്ങുമ്പോള്‍ കാരണമില്ലാതെ അജിതയും മനസിലേക്ക് കടന്നുവന്നു. മുടിയുടെ നീളം നിതംബം വരെ നീണ്ടുകിടന്ന് പഴയ കാല സിനിമകളിലെ ശാലീനസുന്ദരിയായ നായികയെപ്പോലൊരു പെണ്‍കുട്ടി. ലോക് ഡൗണിന്റെ ആദ്യഘട്ടങ്ങളില്‍് സിഗരറ്റ് വാങ്ങാനായി ആ വീട്ടിലേക്ക് ചെന്നപ്പോഴെല്ലാം അവളെ കണ്ടിട്ടുണ്ട്. കുഞ്ഞമ്പു അപ്പോള്‍ രൂപപ്പെടാറുള്ള ക്യൂവിലെ ബൈക്കുകാരന് പെട്രോള്‍ കരിഞ്ചന്തയ്ക്ക് നല്‍കി തൃപ്തിപ്പെടുത്തുമ്പോള്‍ അവളായിരിക്കും സിഗരറ്റുമായി ജനലിനടുത്തെത്തുക. മുടിയിഴകള്‍ ജനലഴികളിലൂടെ പാറിപ്പറത്തി അവള്‍ സിഗരറ്റിന്റെ പൈസയും വാങ്ങി ഒരു കസ്റ്റമറെ തൃപ്തിപ്പെടുത്തി മറ്റൊരാളോട് എന്ത് വേണം എന്ന് ചോദിക്കുന്നതിന് എടുക്കുന്ന സമയം ഏതാണ്ട് 1 മിനിറ്റിനും ഒന്നര മിനിറ്റിനുമിടയിലെ ഇടവേളയാണ്. ഈ ഇടവേളയില്‍ ഒരു നോക്ക് കാണാറുള്ള മുഖത്ത് എന്നും സ്ഥായിയായ ഭാവങ്ങളിലൊന്ന് അമിതമായ ശാലീനതയായിരുന്നു.

എന്താണ് വേണ്ടത്?
അവള്‍ ചോദിക്കും.
സിഗരറ്റുണ്ടോ?
ഞാന്‍.
ഉണ്ട്. ഏതാ വേണ്ടത്?
അവള്‍.
ലൈറ്റ്‌സുണ്ടോ?
ഞാന്‍.
കിങ് ലൈറ്റ്‌സ് ആണോ?
അവള്‍.
അല്ലാ, എസേ ലൈറ്റ്‌സ്..
ഞാന്‍.
പായ്ക്കറ്റാണോ, സിംഗിള്‍ തരാനൊക്കില്ല..
അവള്‍.
പായ്ക്കറ്റ് മതി. എത്രയാ?
ഞാന്‍.
250.
അവള്‍.
റേറ്റ് കൂടിയോ?
ഞാന്‍.
കിട്ടാനില്ല. ഇപ്പോ ഡിമാന്‍ഡാ..
അവള്‍.

ഞാന്‍ ലോക്ഡൗണിനു മുമ്പ് വരെ 150 രൂപയ്ക്ക് കിട്ടുമായിരുന്ന 20 സിഗരറ്റുകള്‍ അടങ്ങിയ എസേ ലൈറ്റ്‌സ് എന്ന കൊറിയന്‍ സിഗരറ്റ് അതിനേക്കാള്‍ ഏതാണ്ടിരട്ടി വിലയില്‍ വാങ്ങി, ആ നിമിഷത്തെ ഒറ്റനോട്ടം കൊണ്ട് അവളെ ആപാദചൂഡം അളന്ന് പടിയിറങ്ങും. അപ്പോഴേക്കും എന്റെ ക്യൂവില്‍ മറ്റൊരാള്‍ ഇടം പിടിച്ചിരിക്കും.

പണി തീരാത്ത വീട്ടില്‍ നിന്നും ഇറങ്ങി, മുന്തിരിവള്ളികളുള്ള കണ്ണാടിയും പോലീസുകാരന്റെ തൊപ്പിയും വിട്ട് കുഞ്ഞമ്പുവിന്റെ വീട്ടിലേക്ക് ഊടുവഴികളിലൂടെ നടന്നു തുടങ്ങിയപ്പോള്‍ എന്റെ ക്യൂവിലെ ഇടത്തെക്കുറിച്ചായിരുന്നു ചിന്ത മുഴുവനും. മുമ്പ് ഈ വഴിയേ നടക്കുമ്പോള്‍ സമീപത്തെ ഗ്രൗണ്ടില്‍ നിന്ന് പേരാലിലകളെ തൊഴിച്ച് തെറിച്ചുവീഴുന്ന വോളിബോളുകളിലൊരൊണ്ണം തോട്ടുതൊട്ടില്ല എന്ന മട്ടില്‍ മുന്നില്‍ വീഴുമായിരുന്നു. ഇതിനൊപ്പം വോളിബോള്‍ സ്മാഷിന്റെ ആവേശം പൂണ്ട് ഏതെങ്കിലും കളിക്കാരനും. പന്തെടുത്ത് തിരിഞ്ഞ് ഗ്രൗണ്ടിലേക്കോടുമ്പോള്‍ ആ കളിക്കാരന്‍ ഒരു പരിചയച്ചിരിയില്‍ വിയര്‍പ്പുതുടക്കും. പിന്നെയും മുന്നോട്ട് നടക്കുമ്പോള്‍, പഞ്ചായത്ത ഫണ്ട് വഴി ലഭിച്ച ജഴ്‌സിപ്പശുവിനെ കൂടുതല്‍ പുല്ലുള്ള ഇടത്തേക്ക് നയിക്കാനായി കെട്ടിയ കയറഴിച്ച് പോവുന്ന വൃദ്ധയായ സ്ത്രീയെയും കാണാം. പശുവിന്റെ വേഗക്കുതിപ്പില്‍ അവരും ആടിയുലയും. കുഞ്ഞമ്പുവിന്റെ വീടെത്താറാവുമ്പോള്‍ സമീപത്തെ കള്ളു ഷാപ്പില്‍ നിന്ന് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളും വിവിധങ്ങളായ തെറി പദങ്ങളും ഉയരും. ഒരു കാലത്ത്, തീപ്പെട്ടിച്ചിത്രങ്ങള്‍ ശേഖരിച്ച് കൂട്ടിയിയിരുന്ന സമയത്ത് നാട്ടിലൊന്നും കിട്ടാത്ത വിവിധങ്ങളായ തീപ്പെട്ടിക്കൂടുകള്‍ സമ്മേളിക്കാറുള്ളത് ഈ ഷാപ്പിലായിരുന്നു. കപ്പലും ഒട്ടകവും തത്തയും കാളവണ്ടിയും മുന്നില്‍ മമ്മൂട്ടിയും പിറകില്‍ മോഹന്‍ലാലുമുള്ള തീപ്പെട്ടിക്കൂടുകളെല്ലാം ഷാപ്പില്‍ നിറഞ്ഞു കിടന്ന കാലം.

കുഞ്ഞമ്പുവിന്റെ വീട്ടിലേക്കുള്ള വഴിയില്‍ പക്ഷേ, അന്ന് എല്ലാ ദൈനം ദിനാനുഭവങ്ങളും അന്യം നിന്നു. വഴിയരികിലെ വീണു കിടന്ന പേരാലിലകളുടെ നിശബ്ദകാഴ്ചകള്‍ക്കു ന്യൂ കോണ്‍ഡ്‌ലി പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിനു മുന്നിലെ പാത്രങ്ങള്‍ കൊണ്ടുള്ള ക്യൂവിന്റെ രൂപമായിരുന്നു. കൃത്യമായ സാമൂഹിക അകലത്തില്‍ വീണുകിടന്ന ഇലകളില്‍ ഓരോന്നിലും പേരുകളും നീണ്ടു. ഗോകുല്‍ ദാസ്, തന്‍മയ് മിത്ര, അനിരുദ്ധം സര്‍ദേശായി, മാനവ് കുല്‍ക്കര്‍ണി, മനീന്ദര്‍ സിങ്..

അനിരുദ്ധം സര്‍ദേശായിയും കഴിഞ്ഞ് മാനവ് ദാസിലേക്ക് കടന്നപ്പോഴേക്കും കുഞ്ഞമ്പുവിന്റെ വീട്ടുപടിയിലെത്തിയിരുന്നു. പോലീസ് വേഷങ്ങളിലെ അമിതാബ് ബച്ചനേയും ധര്‍മേന്ദ്രയെയും ശത്രുഘ്‌നന്‍ സിന്‍ഹയേയുമല്ലാം വിദഗ്ധമായി കബളിപ്പിച്ച് കൊള്ളമുതലുമായി തന്റെ സുരക്ഷിതസാങ്കേതത്തിലെത്തിയ ഒരു അധോലോകനായകന്റെ ഭാവമായിരുന്നു അപ്പോള്‍. ദൂരെയെവിടെയോ കൊറോണ ബോധവല്‍ക്കരണത്തെക്കുറിച്ചും അവനവന്‍ വീട്ടില്‍ നിന്നിറങ്ങാതെ വീടുകളില്‍ കഴിയേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പറഞ്ഞ് സര്‍ക്കാറിന്റെ അറിയിപ്പ് വണ്ടി കുതൂഹലത്തോടെ കടന്നു പോവുന്നത് അശരീരി പോലെ കേള്‍ക്കാമായിരുന്നു.

പെട്രോള്‍ വാങ്ങാന്‍ വിശ്വസനീയമായ കള്ളം സത്യവാങ്മൂലം എഴുതി കുഞ്ഞമ്പു നേരത്തെ പടി കടന്നിരുന്ന വീടിന്റെ പാതി തുറന്നിട്ടിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്ത് കടക്കുമ്പോള്‍ അജിത പുറത്തേക്ക് തുറന്ന ഇടതുുവശത്തെ മുറിയിലെ ജനാലയ്ക്കരികില്‍ തന്നെ നില്‍പുണ്ടായിരുന്നു. അപ്പോഴേക്കും ജോണ്‍ മാത്യുവിന്റെ ഫോട്ടോയിലെ തിരിച്ചറിയാന്‍ കഴിയുന്ന പേരുകാരനായ മനീന്ദര്‍ സിങ്ങിനും ഉച്ച ഭക്ഷണം ലഭിക്കാനുള്ള ഊഴമായിരിക്കണം.

മനീന്ദര്‍ സിങ്ങിന്റെ പാത്രത്തിലെ ഉച്ചക്കഞ്ഞിയേക്കാളും തിളക്കമാര്‍ന്ന കാമക്കണ്ണുകളുമായി ഞാന്‍ മുറിയുടെ വാതില്‍ വലിച്ചടച്ചു. പേടിച്ചരണ്ട സ്വരത്തില്‍ അജിത നിലവിളിക്കാനാരംഭിക്കവേ, മുറിയിലെ കണ്ണാടിയിലെ എന്റെ നിഴലുകള്‍ക്ക് അനാവശ്യബഹുമാനത്തില്‍ അതി വിനയത്തിനുള്ളില്‍ പലപ്പോഴും സ്വയമൊളിച്ചതിന്റെ ജാള്യത കൃത്യമായും കാണാമായിരുന്നു. അജിതയുടെ സ്വരം കൂടുതലുയരുന്നിനു മുമ്പേ കണ്ണാടിയില്‍ എന്റെ പ്രതിബിംബത്തെ സാക്ഷിയാക്കി പുറത്തേക്ക് തുറന്ന ജനല്‍ വലിച്ചടക്കുകയും അവളെ വലിച്ചിഴച്ച് ഭക്ഷിക്കാനാരംഭിക്കുകയും ചെയ്തു. ഭക്ഷിപ്പിന്റെ തൃപ്തിക്കിടയിലെപ്പോഴോ, ചുറ്റുമായി ചിതറിക്കിടന്ന എസേ ലൈറ്റ്‌സുകളിലൊന്നിന് തീ കൊളുത്തി അരയിലെ ഒളിച്ചുവെച്ച പോലീസ തൊപ്പി വെളിയിലെടുത്ത് തലയില്‍ വെക്കുന്നതിനിടയില്‍് മനസില്‍ മനീന്ദര്‍ സി ങ് വീണ്ടും തെളിഞ്ഞു.

മനീന്ദര്‍ സിങ് ഇപ്പോള്‍ വീടണഞ്ഞ് കാണും.
വൈറസ് വ്യാപനകാലമായാലും അല്ലെങ്കിലും ലോകത്തിലെ എല്ലാ തരം വിശപ്പിനും ഒരേ രൂപമാണെന്നറിഞ്ഞ് അയാള്‍ മുന്നിലെ മങ്ങിപ്പഴകിയ പാത്രത്തിലേക്ക് തന്റെ ഉച്ചക്കഞ്ഞി ഒഴിച്ച് കാണും. പിന്നെ പതിയെ, വരും നാളത്തെ ക്യൂവിന് അതിരാവിലെ എത്തേണ്ട ആവശ്യകതയെക്കുറിച്ചും സാമൂഹിക അകലത്തെക്കുറിച്ചുമോര്‍ത്ത് രൂപരേഖ വരച്ചതുടങ്ങിയിരിക്കണം.

ആവശ്യമില്ലാതെ ഇപ്പോഴും ഉപനായകന്‍ പ്രധാനനായകനെ കവച്ചുവെച്ച്് മനസില്‍ കൈയ്യടി നേടി നിറഞ്ഞുതുളുമ്പുകയാണ്.
സത്യവാങ് മൂലം.