Litart Media

Web Weekly

Special Issue 2

മണം

കെ. പി. രാഹുൽ

എപ്പോഴോ ഇളകി വേർപ്പെട്ടു കിടക്കുന്ന തകരഷീറ്റിന്റെ ഇടയിലൂടെ ചന്ദ്രരശ്മികൾ ഇറങ്ങി വന്നു.. ആ ഇടുങ്ങിയ ഒറ്റ മുറിയിലേക്ക് ഒരു തടവുപുള്ളിയുടെ ദേഹത്ത് ചൊരിയുന്ന പോലെ ആ ചന്ദ്രരശ്മികൾ.

ഞാനിപ്പോൾ ഓർമ്മിക്കുന്നത് എത്രയോ വിദൂരത്തുള്ള എന്റെ ഭാര്യ രൂപകയെ പറ്റിയാണ് ,വീടിനെ പറ്റിയാണ് ചാന്ദ്നിയും അനിലും ഉറങ്ങുന്ന ഈ സമയം രൂപക വിറകുമാടത്തിന് കാവൽ ഇരിക്കുകയാവും. കത്തിതീരാത്ത മനുഷ്യ ശരീരത്തിന്റെ ഗന്ധം അവൾ ശ്വസിക്കുന്നുണ്ടാവും. ഗ്രാമമുഖ്യ രുക്മിണി ദേവി പറഞ്ഞതിന് പ്രകാരം അവൾക്ക് കിട്ടിയ ജോലിയാണത്. ശ്മാശനത്തിന് തൊട്ടടുത്തു തന്നെയാണ് വീടും.ശ്മാശന മുഖത്ത് നിന്ന് വീടും അവൾ കത്തിച്ചു വെച്ചു മണ്ണെണ്ണ വിളക്കും കാണാം. അതിനുമപ്പുറം രണ്ടു സ്വപ്നങ്ങളുടെ ഗാഢനിന്ദ്രയും

അവൾ ഗന്ധങ്ങൾ പലതും മറന്നു പോയിരിക്കുന്നു.

മരിച്ചു കഴിഞ്ഞാൽ എല്ലാവർക്കും ഒരേ മണമാണ്. പുക ആ ഗ്രാമമാകെ പരക്കും., ചിലപ്പോൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ, ചിലപ്പോൾ അവശതയോടെ പുണരാൻ ഇരിക്കുമ്പോൾ ശവമെരിയുന്ന ഗന്ധം ഒഴുകി വരും.

മനുഷ്യന്റെ മരിച്ചുപോയവരുടെ മണം

അവൾ കാവൽ പുരയിലെ മരപ്പലകയിൽ ഇരുന്നു കൊണ്ടു  വെളിച്ചവും അതിൽ ചത്തു വീഴുന്ന ഇയ്യാംപാറ്റകളെയും നോക്കി ഇരിക്കുകയായിരിക്കും.

ഉറക്കമൊഴിഞ്ഞു വീർത്ത മുഖത്തെ

പാടുകൾ സ്വയം തൊട്ടുഴിഞ്ഞു എന്നെ ഓർക്കുന്നുമുണ്ടാവാം.

ആ രാത്രി ഒരു പടുകിളവനെ പോലെ ഇഴഞ്ഞു തുടങ്ങുകയാണ് നിലാവിന് ശമനമില്ല എനിക്ക് ഉറക്കം വരുന്നില്ല.

“ഹരിപ്രസാദ് കുറച്ചു നാളുകൾ ഇനി ജോലിക്ക് വരണമെന്നില്ല., കാര്യങ്ങൾ എല്ലാം വേഗം ശരിയാവും അപ്പോൾ ഞാൻ നിങ്ങളെ വിളിക്കും

എന്റെ നമ്പർ നിങ്ങളുടെ പക്കൽ ഇല്ലേ.?

 “ഇല്ല”

ഞാൻ പറഞ്ഞു

അയാൾ വേഗത്തിൽ പറഞ്ഞ നമ്പർ ഞാൻ കുറിച്ചുവെച്ചു.

നടക്കുമ്പോൾ ഞാനെന്റെ ക്ഷീണം മറന്നുപോയിരുന്നു അല്ലെങ്കിൽ ഈ മഹാനഗരത്തിൽ അഴുക്കുചാലുകൾക്ക് അരികിലൂടെ ഇതുവരെ ഉണ്ടായിരുന്ന തൊഴിൽ നഷ്ടമായി നടന്നു പോകുന്ന എന്റെ വേദനയും ശൂന്യതയും

ആരുടെ ഹൃദയത്തിലാണ് പാകമാകുന്നത്..?

അണിഞ്ഞൊരുങ്ങി പൂവുകൾ ചൂടി ചുണ്ടുകൾ ചുവപ്പിച്ച് ഒരുകൂട്ടം പെണ്ണുങ്ങൾ പടവുകളിൽ ഇരുന്നു തൊട്ടുരുന്ന ചിലമ്പലുകളുടെ പത തെറിയ്ക്കുന്നു.

മനുഷ്യർ പല രസങ്ങളുടെയും ആസ്വാദകരായതു കൊണ്ട് ആരെങ്കിലും വരും വരെ അവർ കുശലങ്ങൾ തുടർന്നുകൊണ്ടിരുന്നു.

മുഷിഞ്ഞ വസ്ത്രവും ക്ഷീണിച്ച് ഉടലുമായി ഞാൻ അവരെയും കടന്നുപോയി.

ആരെയും കാത്തു നിൽക്കുന്നില്ല ഈ ലോകം അത് മാറുകയാണ്

എന്തിനാണ് ഈ ലോകം എനിക്ക് ഭ്രഷ്ട്  കൽപ്പിക്കുന്നത്..?

എന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

ഒരു ചെറിയ അണു ഭീമാകാരമായ ഒരു പാറ കണക്കേ ഓരോ മനസ്സിലും ഉറച്ചു വരികയാണ്.

എവിടെയോ ആരെയും സ്പർശിക്കാത്ത ആ വാർത്തകൾ തൊട്ടടുത്ത് വന്നു നിൽക്കുന്ന പോലെ..

ആ നഗരം അടയുകയാണ്.അതേ പോലുള്ള മഹാനഗരങ്ങൾ വേറെയും.

കുറെ ദിവസങ്ങൾ ശൂന്യതയായി കഴിഞ്ഞു പോയി. ഞാൻ ആ ഫ്ലാറ്റിനു മുന്നിൽ വീണ്ടും ചെന്നു നിന്നു. ചിലപ്പോൾ ഒരു ജോലി ഒത്തു വന്നാലോ. ആ ഫ്ലാറ്റിലെ പലരുടെയും തുണി അലക്കി കൊണ്ട് കൊടുത്തിരുന്നത് ഞാനായിരുന്നു. ദാരുവിന്റെ കട വരെ സൈക്കിളിൽ അത് കെട്ടിവെച്ചാണ് കൊണ്ടുപോയിരുന്നത്.. ദാരുവാണ് അത് വേർതിരിക്കുന്നതും അലക്കാൻ പണിക്കാരുടെ കൈവശം കൊടുക്കുന്നതും. ചില വൈകുന്നേരങ്ങൾ ദോശമാവുകൾ ഓരോ ഫ്ലാറ്റിലും കൊണ്ടുചെന്നു കൊടുക്കും. അങ്ങനെ ദിവസത്തിന്റെ ഓരോ അടരുകളിലും എന്തെങ്കിലും തൊഴിലുകൾ വന്നു നിൽക്കും. ഫ്ലാറ്റിനു മുന്നിൽ  ആരുമുണ്ടായിരുന്നില്ല. ഒരു പക്ഷെ പലരും ഇവിടെ വിട്ട് ഒഴിഞ്ഞു പോയി കാണും.

ഒരു പോലീസുകാരൻ വന്നു തിരിച്ചറിയൽ കാർഡ്  ചോദിച്ചു അയാളുടെ മൂക്കും വായയും വെള്ള കവർ  കൊണ്ടു മൂടിയിരുന്നു.

അയാൾ എന്നെ മാറിനിൽക്കു എന്ന് ആട്ടി ഞാനെന്റെ കാർഡ് എടുത്തില്ല എന്ന് പറഞ്ഞപ്പോൾ ഒന്നുകൂടി ആക്രോശിച്ചു ഇനി ഫ്ലാറ്റിനു മുന്നിൽ വന്നു നിൽക്കരുത് അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ

നിങ്ങൾ ഈ രാജ്യത്ത് അല്ല ജീവിക്കുന്നത് പത്രവും ടിവിയും ഒന്നും കാണാറില്ലേ രാജ്യം അടച്ചിരിക്കുകയാണ്.

എന്റെ ഉള്ളിൽ ഒരു തീക്കൊള്ളി ആരോ കത്തിച്ച അറിഞ്ഞു പോലെ വന്നു പതിച്ചു. ലോകം നിശ്ചലമായ പോലെ.

അല്ല., നിശ്ചലമാണ്.

സാറേ

പോലീസുകാരൻ ഒന്നും പറഞ്ഞില്ല

“നിങ്ങൾ പോകൂ എനിക്ക് തിരക്കുകൾ ഉണ്ട്”

എല്ലാം അടഞ്ഞുകിടക്കുന്നു വെയിലുകൊണ്ട് തെരുവുകൾ ചത്തു കിടക്കുന്നു ഇരമ്പിയാർത്ത  നഗരത്തിലെ മുഖമാണ് നിശ്ചലമായിരിക്കുന്നത്. 

ഞാനും പാതയും വെയിലും മാത്രം. ഇടയ്ക്കിടെ ചില ഒറ്റപ്പെട്ട വാഹനങ്ങൾ ചീറിപ്പാഞ്ഞു പോയി.

ഓഫീസുകൾ,ആരാധനാലയങ്ങൾ,സർക്കാർ മന്ദിരങ്ങൾ,എല്ലാം അടഞ്ഞു പോയിരിക്കുന്നു.

എന്റെ പാർക്കുകൾക്ക് അരികിലെ വെങ്കിയും വിനായകനും എല്ലാം പെറുക്കിയെടുത്തു യാത്ര പറഞ്ഞു പോയി.

നഗരസഭയുടെ കുടിവെള്ളവുമായി വണ്ടി വന്നപ്പോൾ എല്ലാ പാത്രങ്ങളും കൊണ്ട് ഞാൻ ഓടിച്ചെന്നു നിറച്ചു.

മൂന്നുദിവസം വരെ ഈ വെള്ളം ഉപയോഗിക്കാം.

ഈ ദിവസങ്ങളോട് അത്രയും വെറുപ്പ് തോന്നി.

ഒന്നും ചെയ്യാനില്ലാതെ മരവിപ്പ് മാത്രം തന്ന ദിനങ്ങൾ ഓരോ ദിനവും കൊഴിഞ്ഞു പോകുമ്പോഴും ഈ അണു ശരീരത്തിൽ പ്രവേശിച്ച് അതിനെ തുടർന്ന് മരിച്ചുപോയവരുടെ വിവരങ്ങളും പുറത്തുവരുന്നു

സർക്കാർ ജാഗ്രത നിർദ്ദേശങ്ങൾ പരസ്യങ്ങൾ എല്ലാ വഴികളിലൂടെയും പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

മനുഷ്യൻ മനുഷ്യനെ കാണുമ്പോൾ അകന്നിരിക്കുന്നു.

പുറത്തിറങ്ങാൻ കഴിയാതെ ഓരോ മനുഷ്യനെയും ഭയം വിഴുങ്ങിയിരിക്കുന്നു.

രോഗത്തിന് തീവ്രത കൂടിക്കൊണ്ടിരിക്കുന്നു കർശന നിർദ്ദേശങ്ങൾ സർക്കാർ വാഹനങ്ങളിൽ ഉച്ചഭാഷിണിയിലൂടെ ആവർത്തിച്ചു പറഞ്ഞു പോകുന്നു അതിന്റെ ഇരമ്പൽ കാതിൽ നിന്ന് ഒഴിയുന്നില്ല. പരിചയമുണ്ടായിരുന്ന ഒരാൾപോലും ഇന്ന് തെരുവുകളിൽ എവിടെയുമില്ല.

ഒരുപകൽ സുരക്ഷാ മാനദണ്ഡങ്ങളോടെ ആരോഗ്യപ്രവർത്തകർ വന്നു അവർ എന്റെ പേരും വിലാസവും ശേഖരിച്ചു കൊണ്ടുപോയി

ഹരിപ്രസാദ് നിങ്ങൾ ആലോചിച്ച് ഉറപ്പിച്ചതാണോ.?

അതെ എനിക്ക് നിങ്ങൾ പറഞ്ഞ രൂപ തരണം.

“രാത്രി വാഹനം വരും നിങ്ങൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ ഞങ്ങൾ തരും ” രാത്രി പറഞ്ഞപോലെ വാഹനം വരികയും ഞാൻ അതിനകത്ത് കയറി ഇരിക്കുകയും ചെയ്തു കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ തിരക്കുകൾ ഇല്ലാത്ത ഒരിടത്ത് വാഹനം ഒതുക്കി നിർത്തി എനിക്ക് ഉടുക്കാനുള്ള ഡ്രസ്സ് ആരോ വാഹനത്തിന് അരികിൽ വെച്ചു  തരികയും അതു ധരിക്കേണ്ട രീതികൾ പറഞ്ഞും തന്നു.

ഞാൻ ആ പ്ലാസ്റ്റിക് കൂടിനുള്ളിലേക്ക്  നുഴഞ്ഞുകയറി ഒരു ചന്ദ്ര യാത്രികനെ പോലെയായി.

ഞാൻ അതേ വസ്ത്രങ്ങൾ ധരിച്ചവരുടെ കൂടെ നടന്നു നീണ്ടുകിടക്കുന്ന അജ്ഞാതരുടെ ശവശരീരങ്ങൾ നഗരത്തിലെ പല ഭാഗത്തായി പല ദിവസങ്ങളിലായി മരിച്ചുപോയവരാണ്.

പേരും വിലാസവും നഷ്ടപ്പെട്ട മനുഷ്യശരീരങ്ങൾ

അതിന്റെ മണം എന്റെ ദാരിദ്ര്യത്തിന്റെ മൂക്കിൻ തുമ്പിലേക്ക് വന്ന് തങ്ങിനിന്നു.

രാത്രി അതിന്റെ കറുത്ത പുതപ്പു മൂടി കിടക്കുന്നു മൃതശരീരങ്ങൾ ഓരോന്നായി വാഹനത്തിലേക്ക് എടുത്തുവച്ചു കൂട്ടിക്കെട്ടി നഗരപ്രാന്തങ്ങൾ കഴിഞ്ഞ് മലയുടെ താഴ്‌വാരത്ത് കുഴികൾ എടുത്തു വച്ചിട്ടുണ്ട് അതിനകത്ത്  കൊണ്ടിടണം ., മണ്ണിട്ടു മൂടണം.

മരിച്ചവരുടെ മുഖം കാണാൻ നിലാവത്ത് ആരും വന്നില്ല എത്ര ഹതഭാഗ്യർ ആണിവർ. ഒരു ഉമ്മ പോലും ഇല്ലാത്ത മരണയാത്ര., ഒരാൾക്കൂട്ടം പോലും ഇല്ലാത്ത ശവസംസ്കാര ചടങ്ങ്.

ഏതോ മലകൊളളിൽ ആരും കാണാത്ത ശവക്കുഴികളിൽ ഇരുട്ടിന്റെ പൊന്തകളിലേക്ക് വെളിച്ചത്തെ എടുത്തു വെയ്ക്കും പോലെ കയറുകൾ കൊണ്ട് നാലു വശങ്ങളിലും നിന്നും മൃതദേഹം കുഴിയിൽ ഇറക്കി വെച്ചു. തണുത്താറിയ ഒരു കാറ്റ് ഞങ്ങളെ നക്കി തുടച്ചു പോയി. കൂർത്ത കല്ലുകൾ തഴമ്പിച്ച കാലുകളിൽ തട്ടി കുഴിയിലേക്ക് വീണു കൊണ്ടിരുന്നു.

എല്ലാം പറഞ്ഞുറപ്പിച്ചവർ ഓരോ സമയങ്ങളിൽ ചെയ്തു പോകുന്ന പ്രവൃത്തികളാണിത്.. കുഴി എടുത്തവർ ഒരു കൂട്ടർ, ഈ ശവശരീരം സർക്കാറിന്റെ ഈ ഭൂമിയിൽ ഇരുട്ടിൽ എത്തിച്ചത്  പരസ്പരം ഒന്നു മിണ്ടുകപോലും ചെയ്യാത്ത ഞങ്ങൾ.എനിക്ക് കിട്ടിയ തുകയായിരിക്കില്ല ചിലപ്പോൾ ഇവർക്ക്.ഈ തുക കൊടുത്താൽ തന്നെ ഈ സാഹസത്തിന് ആളുകൾ മുതിരുകയുമില്ല. ഈ കിതപ്പ് ഒന്നാറുമ്പോൾ തൊണ്ട നനയ്ക്കാൻ ഇത്തിരി വെള്ളം പോലുമില്ല പരന്നു കിടക്കുന്ന ഈ ഭൂപ്രദേശത്ത്.കൊടും ചൂടാണ് ഈ വസ്ത്രത്തിനകത്ത് ഒരു വേള കഴിഞ്ഞാൽ എവിടെ വെച്ചെങ്കിലും ഈ വസ്ത്രം കത്തിച്ചു കളയണം. ഒരു സമയ പരിധിയുണ്ട് ഈ വസ്ത്രം ധരിച്ചു നിൽക്കുന്നതിന്. അതു കൊണ്ടു തന്നെ ആ മൃതശരീരങ്ങൾ ഏറ്റവും ആഴത്തിൽ കിടന്ന് മണ്ണ് വന്ന് മൂടുന്ന നിമിഷത്തെ സ്വാഗതം ചെയ്യുകയാണ്. പരുപരുത്ത കല്ലുകളിൽ കാലു പതിയുമ്പോൾ അത് ചെന്നു വീണടിയുന്ന മൃതശരീരങ്ങളുടെ മരിച്ച വേദനകൾ പെരുകും പോലെ തോന്നി.

ആ രാത്രി അങ്ങനെ കടന്നു പോയി.

ആരോട് പറയാനാണ് ആ വസ്ത്രം ധരിച്ച്

ചന്ദ്രഉപരിതല യാത്രികരെ പോലെ കഴിഞ്ഞ രാത്രിയെക്കുറിച്ച്..?

ആരും വിശ്വസിക്കില്ല… ആരെയും കാണുന്നുമില്ല അതു പറയാൻ..

രൂപ എണ്ണി നോക്കുമ്പോൾ ആരോഗ്യ വകുപ്പിൽ നിന്നാരെങ്കിലും വരുമെന്ന പ്രതീക്ഷ കൂടി കൊണ്ടിരുന്നു.

ആ പടവുകളിൽ അണിഞ്ഞൊരുങ്ങി നിന്ന സ്ത്രീകൾ എവിടെ പോയിരിക്കുന്നു..?

ഒഴിഞ്ഞ പകലുകൾ അതിന്റെ വേരുകൾ പല ചിന്തകളായി ആരോ എന്നിൽ തുന്നുന്നു.  ഈ ഒറ്റമുറിയിൽ ഇരുന്ന വെളിച്ചവും ഇരുട്ടും തിന്ന് കൊണ്ട് വരാനിരിക്കുന്ന ദിവസങ്ങളുടെ നശിച്ച നേരങ്ങളെ ഞാൻ ഏങ്ങിനെയാണ് മെരുക്കുന്നത്…?

തെരുവിൽ പലയിടങ്ങളിലും കർഫ്യൂ ആണ്. ആനന്ദബസാർ പൂർണ്ണമായി ചത്തിരിക്കുന്നു. അവിടെ മിന്നിയ കുപ്പായങ്ങൾ, പാത്രങ്ങൾ, വിവിധ തരം ബാഗുകൾ, നടന്നു തീരാത്ത പ്രണയങ്ങൾ എല്ലാം.

എന്റെ രൂപത്തിന് മാറ്റം വന്നിരിക്കുന്നു, ശബ്ദത്തിനും സ്വാഭാവത്തിനും.. പുറത്ത് പോവാൻ തോന്നുന്നു. മനുഷ്യരെ കാണാൻ തോന്നുന്നു. ഇറങ്ങിയോടാൻ ശ്രമിക്കുമ്പോൾ ഒരു ചെറിയ അണുവിന്റെ ഓർമ്മ വളർന്നു ചങ്ങലയായി പിണഞ്ഞു മുറുക്കുന്നു. അത് മുറിവുകളായി തീരുന്നു. ആ നീറ്റൽ അടി തൊട്ട് മുടി വരെ ആഴ്ന്നിറങ്ങുന്നു.

ജോലി മറന്നു പോയി. സനദ്ധ പ്രവർത്തകർ കൊണ്ടു വെച്ച ആഹാരങ്ങളും തീർന്നിരിക്കുന്നു..

കണ്ണും മൂക്കും വായും കെട്ടി പൂണ്ടി ഞാനിരിക്കുകയാണ്‌. കൈയും കാലും വിറകൊണ്ട് പായുന്നു..

രൂപക ധൈര്യത്തോടെ കുളിപ്പിച്ചു. ഭസ്മവും ചന്ദനവും പൂശി. വിറകു കൊള്ളി എടുത്തു വെച്ചു കൊണ്ട് എന്നെ കത്തിച്ചു.

ഞാൻ പൊടുനെ നിശ്ചലമായ ലോകത്തേക്ക് ഒരു പനിയും കൊണ്ട്  ഞെട്ടിയുണർന്നു.

        ശുഭം…