Litart Media

Web Weekly

Issue 18

ക്ലബ് ഹൗസ്: സാധ്യതകൾ, ആശങ്കകൾ

എഡിറ്റോറിയൽ

സോഷ്യൽ മീഡിയയിലെ പുതിയ താരോദയമാണ് ക്ലബ് ഹൗസ്. ലോഞ്ച് ചെയ്തിട്ട് മൂന്ന് മാസം ആയെങ്കിലും, മലയാളികൾക്ക് ഇടയിൽ ഇത് ട്രെൻഡ് ആവാൻ തുടങ്ങിയിട്ട് രണ്ടാഴ്‌ച ആവുന്നേയുള്ളൂ. പഴയ യാഹൂ മെസ്സഞ്ചർ റൂമുകളെ ഓർമ്മിപ്പിക്കും വിധമാണ് ക്ലബ് ഹൗസിന്റെ പ്രവർത്തനം. ഓഡിയോ മാത്രം ഉപയോഗിച്ച് കൊണ്ടുള്ള ഒരു ചർച്ചാ വേദി എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ഫേസ്‌ബുക്കിൽ മലയാളം ഫോണ്ട് വന്നയുടനെയുള്ള ആവേശകരമായ ചർച്ചകൾ ഇവിടെയും കാണാം. പല പല റൂമുകളിലായി വ്യത്യസ്‍ത വിഷയങ്ങളിൽ ഇരുപത്തിനാലു മണിക്കൂറും ചർച്ച നടക്കുന്നുണ്ട്. അതിന്റെ തുടർചർച്ചകളും വാദപ്രതിവാദങ്ങളും ഫേസ്‌ബുക്ക്, ഇൻസ്റ്റ, യൂട്യൂബ് തുടങ്ങിയ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലേക്കും എത്തുന്നുണ്ട്. അതിന്റെ കാരണം, ക്ലബ് ഹൗസിൽ കമന്റ് ഓപ്‌ഷൻ ഇല്ല എന്നത് കൊണ്ടാണ്.

ക്ലബ് ഹൗസിൽ ചേരാൻ അവിടെയുള്ള ആരെങ്കിലും നമ്മളെ ക്ഷണിക്കുകയോ, നമ്മളെ അഡ്മിറ്റ് ചെയ്യുകയോ വേണം. ഫോൺ നമ്പർ ഉപയോഗിച്ച് കൊണ്ടാണ് സൈൻ ഇൻ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഫേക്ക് ഐഡികൾ കുറവായിരിക്കും എന്ന് കരുതാം. ഫേസ്‌ബുക്ക് ഇൻസ്റ്റ ലൈവുകൾ ശേഷം പോയി സേവ് ആവാറുണ്ട്. തത്സമയം വീക്ഷിക്കാത്തവർക്ക് പിന്നീട് ചെന്ന് കാണാൻ പറ്റും. പക്ഷെ, ഇവിടെ അങ്ങനൊരുയൊന്നില്ല. ചർച്ച അവസാനിപ്പിച്ച് റൂം എൻഡ് ചെയ്യുമ്പോൾ ഇതുവരെ നടന്ന ചർച്ചകൾ ഒക്കെ അപ്രത്യക്ഷമാവും. ആർകൈവ് സ്വഭാവം ഇല്ലാത്തതിന്റെ ഒരു പ്രശ്നം “ഇന്ന ചർച്ചയിൽ ഇന്നയാൾ ഇന്നത് പറഞ്ഞു” എന്ന് മറ്റു സോഷ്യൽ മീഡിയ പ്ലാറ്റഫോമിലോ ക്ലബ് ഹൗസിൽ തന്നെയോ നടക്കുന്ന ചർച്ചയ്ക്കുള്ള റെഫറൻസ് ആയി തെളിവുകൾ ഹാജരാക്കാൻ പറ്റില്ല എന്നതാണ്. സാധാരണ ഫേസ്‌ബുക്കിൽ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് നടത്തുന്ന വാദപ്രതിവാദങ്ങൾ ഇവിടെ ഉണ്ടാവില്ല. ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

ഫേസ്‌ബുക്കിന്റെ അൽഗോരിതം പ്രകാരം അയ്യായിരം സുഹൃത്തുക്കൾ ഉള്ള ഒരാളുടെ പോസ്റ്റ് ആയിരം പേരിലേക്ക് മാത്രമേ ആദ്യ ഘട്ടത്തിൽ എത്താറുള്ളൂ. ശേഷം, അതിൽ നടക്കുന്ന എൻഗേജ്മെന്റ്സ് ആണ് വായനക്കാരെ കൂട്ടുന്നുണ്ട്. പക്ഷെ, ഇവിടെ നമ്മൾ ഫോളോ ചെയ്യുന്ന ആളുകൾ ഏതെങ്കിലും റൂമുകളിൽ സംസാരിക്കുന്നുണ്ടെങ്കിൽ നമുക്ക് എളുപ്പം മനസ്സിലാവും. അങ്ങനെ നോക്കുമ്പോൾ കൂടുതൽ ദൃശ്യത ക്ലബ് ഹൗസിലുണ്ട്.

ചായപ്പീടികയിൽ ആളുകൾ വട്ടം കൂടി ഇരുന്ന് ചർച്ച ചെയ്യുന്ന ഒരു അനുഭവം ഇവിടെയുണ്ട്. രാഷ്ട്രീയം, മതം, സ്വത്വം, കല, സാഹിത്യം, സിനിമ, സംസ്കാരം തുടങ്ങി അനേകം വിഷയങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. കലാ സാഹിത്യ രാഷ്ട്രീയ മാധ്യമ രംഗത്തെ ഒരുപാട് പ്രമുഖർ പല റൂമുകളിലായി കയറി ഇറങ്ങുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരു ലിറ്ററേച്ചർ ഫെസ്റ്റിന് പോയ പ്രതീതി ചിലപ്പോൾ അനുഭവപ്പെടും. അത്രയേറെ വൈവിധ്യങ്ങളായ വിഷയങ്ങളിൽ മലയാളി ചർച്ച നടത്തുന്നുണ്ട്. വലിയ വേദികളിൽ അവസരങ്ങൾ ലഭിക്കാതിരുന്ന സാധാരണക്കാർക്കും ഇവിടെ പ്രമുഖരുടെ കൂടെ തന്നെ സ്പീക്കേഴ്സ് ലോഞ്ച് പങ്കിടാം എന്നത് വലിയൊരു പോസിറ്റിവാണ്. കഴിവുള്ള അങ്ങനെ ഒരുപാട് പേർക്ക് സംസാരിക്കാൻ ഇടം ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല.

അതെസമയം തന്നെ ടോക്സിക്ക് ആയ ഒട്ടനേകം വിഷയങ്ങളിൽ സംസാരങ്ങൾ നടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളിലേക്ക് ഇത്തരം തെറ്റായ ധാരണകൾ ആധികാരിക വിവരം പോലെ എത്തുന്നത് മറ്റൊരു പ്രശ്നമാണ്. നിർഭാഗ്യവശാൽ അതിനെ തടയാൻ നമുക്ക് പറ്റുകയുമില്ല.

സമൂഹത്തിന്റെ പലമേഖലയിൽ ഉള്ള ആളുകൾക്ക് അവസരങ്ങൾ ലഭിക്കുന്നു എന്ന് പറയുമ്പോഴും മോഡറേറ്ററുടെ കൈകളിൽ തന്നെയാണ് ക്ലബ് ഹൗസിലെ ജനാധിപത്യത്തിന്റെ താക്കോൽ. നമ്മുടെ ആശയം മോബോക്രസി അല്ലാത്തത് കൊണ്ട് തന്നെ അതിനെ അംഗീകരിക്കാതെ നിവൃത്തിയില്ല. പക്ഷെ, ഏകസ്വരത്തിൽ പോവുന്ന ചർച്ചകളിൽ എതിരഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കൈ ഉയർത്തി ക്ഷീണിക്കുന്ന കഥ പലരും പങ്കുവെക്കുന്നുണ്ട്. മറ്റു സോഷ്യൽ മീഡിയ പ്ലേറ്റ് ഫോമുകളിലെ കമന്റ് ഓപ്‌ഷന്റെ പ്രാധ്യാന്യം ഇവിടെയാണ് ശരിക്കും ബോധ്യപ്പെടുക.

മറ്റു മാധ്യമങ്ങളിൽ വലിയ വിസിബിലിറ്റി കിട്ടുന്ന സെലിബ്രിറ്റികൾക്ക് തന്നെ ഇവിടെയും വലിയ പ്രാധ്യാന്യം ലഭിക്കുന്നു. അവർക്ക് റൂമിൽ ജോയിൻ ചെയ്ത ഉടനെയോ കൈ ഉയർത്തിയ ഉടനെയോ മൈക്ക് കിട്ടുന്നു. പക്ഷെ, സാധാരണക്കാർ പലവട്ടം ശ്രമിക്കേണ്ടി വരും. സ്ഥിരം ആളുകൾക്ക് തന്നെ അവസരം കൊടുക്കുന്നതിനു പകരം, പുതിയ ആളുകളെ കണ്ടെത്താൻ മോഡറേറ്റർമാർ ശ്രദ്ധിച്ചാൽ നന്നാവും. അമിതമായ എലൈറ്റിസം ഒരുപരിധി വരെ ഇങ്ങനെ ഒഴിവാക്കാനാവും.

ലോക് ഡൗൺ കാലം ആയതിനാൽ ആളുകൾ കുറെയേറെ സമയം ഇതിൽ ചിലവഹിക്കുന്നുണ്ട്. ഈയൊരു ഹണിമൂൺ കാലാവധി കൂടി കഴിഞ്ഞാൽ മാത്രമേ ക്ലബ് ഹൗസിന്റെ യഥാർത്ഥ അവലോകനം നടത്തിയിട്ട് കാര്യമുള്ളൂ എന്ന് തോന്നുന്നു. അരോഗ്യകരമായ ചർച്ചകൾ നടക്കട്ടെ…