Litart Media

Web Weekly

Issue 17

ലക്ഷദ്വീപിന്‌ വേണ്ടത് നിയമസഭ

ബിലാൽ ശിബിലി

ലക്ഷദ്വീപിൽ നടക്കുന്ന വിഷയങ്ങൾ അഡ്മിനിസ്ട്രേറ്ററുടെ തുക്ലഖ് പരിഷ്‌കാരങ്ങൾ മാത്രമായി വിശേഷിപ്പിക്കുന്നവരുണ്ട്. ഇത് കേവലമൊരു വ്യക്തിയുടെ വിഷയമല്ല. കൃത്യമായ അജണ്ടയോടുകൂടി നടത്തപ്പെടുന്ന മറ്റൊരു ഫാസിസ്റ്റ് നടപടി തന്നെയാണ് ദ്വീപിലും നടക്കുന്നത്. ഇതിനു പിന്നിൽ നാഗ്പൂരിൽ നിന്നുള്ള വംശീയ അജണ്ടകൾ മുതൽ മുംബൈയിൽ നിന്നുള്ള കോർപറേറ്റ് അജണ്ടകൾ വരെയുണ്ട്.

കേന്ദ്രഭരണപ്രദേശമെന്ന ആശയം തന്നെ ഇന്ത്യൻ ഫെഡറൽ ജനാധിപത്യ വ്യവസ്ഥയോട് പൊരുത്തപ്പെട്ട് പോവുന്നതല്ല എന്നതാണ് വസ്തുത. പക്ഷെ, ചരിത, സാംസ്‌കാരിക, സാമ്പത്തിക, ഭൂമിശാസ്ത്രപരമായ പല കാരണങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് പുറമെ കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നത്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ജനാധിപത്യം കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് തീർത്ത് പറയാൻ സാധിക്കും.

സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്‌. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിയമസഭയും നിലവിലുണ്ട്.

സ്വാതന്ത്രാനന്തര കാലത്ത് കേന്ദ്രഭരണപ്രദേശം എന്ന് ആശയത്തിന് പ്രസക്തി ഉണ്ടായിരുന്നു. 1956 ലെ സംസ്ഥാന പുനഃസംഘടനക്ക് ശേഷം പാർട്ട് സി, പാർട്ട് ഡി സംസ്ഥാനങ്ങളെ “യൂണിയൻ ടെറിട്ടറി” എന്ന ഒറ്റ വിഭാഗമായി കൂട്ടിച്ചേർത്തു. ഒറ്റയ്ക്കൊരു സംസ്ഥാനമായി നിലവിൽ വരാനുള്ള പല പരിമിതികളും അന്നാസ്ഥലങ്ങൾക്ക് ഉണ്ടായിരുന്നു. ആദ്യം ഈ പട്ടികയിൽ ഉണ്ടായിരുന്ന മണിപ്പൂർ, ത്രിപുര, ഹിമാചൽ പ്രദേശ് എന്നിവ 1970 കളുടെ തുടക്കത്തിൽ സമ്പൂർണ്ണ സംസ്ഥാനങ്ങളായി മാറി.

2019 ഓഗസ്റ്റിൽ ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു കശ്മീർ എന്നും മറ്റൊന്ന് ലഡാക്ക് എന്നും പേരിലുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചു. 2019 നവംബറിൽ രണ്ട് വ്യത്യസ്ത കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലിയെയും ദാമൻ, ഡിയുവിനേയും ലയിപ്പിച്ച് ഏക കേന്ദ്രഭരണപ്രദേശമായി ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു എന്ന് പുനർനാമകരണം ചെയ്തു. ഇത്രയും പറഞ്ഞത് ഇതിലൊക്കെ ഇന്ത്യൻ പാർലമെന്റിന് സ്പെഷ്യൽ മജോറിറ്റിയോട് കൂടി ഭരണഘടനാ ഭേദഗതികൾ വരുത്താൻ സാധിക്കുമെന്ന് സൂചിപ്പിച്ചതാണ്.

ഇവിടങ്ങളിൽ പഞ്ചായത്തും പാർലിമെന്റ് അംഗവും ഒക്കെയുണ്ട്. പോണ്ടിച്ചേരിക്കും ഡൽഹിക്കും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭയും നിയമസഭയുമുണ്ട്. അധികാരങ്ങൾ പരിമിതമാണ്. ഡൽഹിയുടെ അധികാരങ്ങൾ പലതും മുഖ്യമന്ത്രിയിൽ നിന്ന് ലെഫ്. ഗവർണറിലേക്ക് പരിമിതപ്പെടുന്നത് നമ്മൾ കാണുന്നുണ്ട്. അപ്പോൾ, നിയമസഭയോ, മന്ത്രിസഭയോ ഇല്ലാത്ത ലക്ഷദ്വീപിന്റെ അവസ്ഥ പറയേണ്ടതില്ലലോ…

ലക്ഷദ്വീപിൽ ജനവാസമുള്ള പത്ത് ദ്വീപുകളുടെ പേരിൽ പത്ത് പഞ്ചായത്തുകൾ ഉണ്ട്. ഇതിനെയൊക്കെ യോജിപ്പിച്ചു കൊണ്ട് കവരത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്തുണ്ട്. മൊത്തം പ്രദേശങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഒരു ലോക്സഭാ മെമ്പറുണ്ട്. പക്ഷെ, ഇവരേക്കാൾ ഒരുപാട് മേലെയാണ് കവരത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടവും അതിന്റെ തലവനായ ജില്ലാ കളക്ടറും. അതിലും മേലെയായി അഡ്മിനിസ്ട്രേറ്ററുണ്ട്. കേന്ദ്ര സർക്കാരിന്റെ നോമിനിയായി വരുന്ന അഡ്മിനിസ്ട്രേറ്റർ ഫലത്തിൽ ബ്രിട്ടീഷ് ഇന്ത്യ കാലത്തെ വൈസ്റോയിക്ക് സമാനമായ അധികാരകേന്ദ്രമായി മാറുകയാണ്.

ഇത്രയും ജനപ്രതിനിധികളും ജനസഭകളും ഉണ്ടാവുമ്പോഴും ഇവർക്കൊന്നും ലെജിസ്ലേറ്റിവ് പവർ ഇല്ല. കളക്ടറോ അഡ്മിനിസ്ട്രേറ്ററോ നിർമ്മിക്കുന്ന നിയമങ്ങൾ നടപ്പിൽ വരുത്താനുള്ള തൊഴിലാളികൾ മാത്രമായി ജനപ്രതിനിധികൾ മാറുന്ന ജനാധിപത്യത്തിലെ ഏറ്റവും വലിയ ഐറണിയാണ് ലക്ഷദ്വീപിൽ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്. ദ്വീപുമായി സാംസ്‌കാരികബന്ധമില്ലാത്ത കളക്ടർമാരും അഡ്മിനിസ്ട്രേറ്റർമാരും എടുക്കുന്ന പല പരിഷ്കാരങ്ങളും അവിടുത്തെ ജനഹിതവുമായി പൊരുത്തപ്പെട്ട് പോവുന്നതല്ല.

ഇപ്പറഞ്ഞ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടങ്ങുന്ന ഒരു ഉപദേശകസമിതി താല്പര്യങ്ങൾക്ക് അനുസരിച്ചാണ് അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കേണ്ടത്. പക്ഷെ, ഈ സമിതി വർഷത്തിൽ നാല് തവണ മാത്രമാണ് യോഗം കൂടാറുള്ളത്. ഈ ഉപദേശക സമിതിയെ ശക്തിപ്പെടുത്താനുള്ള മുദ്രാവാക്യങ്ങൾ ഉയർത്തുക എന്നതാണ് ലക്ഷദ്വീപിൽ ജനാധിപത്യത്തിന്റെ കണികകൾ കൊണ്ട് വരാനും, അത് വഴി അവരുടെ പ്രശ്നങ്ങൾക്ക് അവരുടെ തന്നെ അഭിപ്രായങ്ങൾ മുന്നോട്ട് വെക്കാനും സാധിക്കുന്ന ആദ്യത്തെ പരിഹാരം.

പോണ്ടിച്ചേരിയിലും ഡൽഹിയിലും ഉള്ള പോലെയുള്ള നിയമസഭകൾ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭ എന്നിവ തന്നെയാണ് അവരുടെ പ്രശ്നങ്ങൾക്കുള്ള ഫലവത്തായ പരിഹാരം എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഒരു പരിധി വരെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ നിന്ന് അവരെ മോചിപ്പിക്കാനും, അതുമല്ലെങ്കിൽ ജനാധിപത്യ പരമായ അഭിപ്രായ രൂപീകരണങ്ങൾ എങ്കിലും ഇതുകൊണ്ട് നടക്കും. ഡൽഹിക്ക് ഉണ്ടായിരുന്ന അധികാരങ്ങൾ എടുത്തു കളയുന്ന കേന്ദ്രസർക്കാരിനെ വിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്.

എങ്കിലും, ലക്ഷദ്വീപിന്‌ വേണ്ടത് നിയമസഭ എന്ന മുദ്രാവാക്യം ഇന്ത്യൻ പാർലിമെന്റിൽ മുഴങ്ങണം. അവരും നമ്മളെ പോലെതന്നെ മലയാളികൾ ആയതിനാൽ, കേരളത്തിൽ നിന്നുള്ള എംപിമാർ ഈ ആവശ്യവുമായി മുന്നോട്ട് വരേണ്ടതുണ്ട്.

മൃഗീയ ഭൂരിപക്ഷമുള്ള, വംശീയ വിഭജനങ്ങൾ നടത്തുന്ന ഒരു ഫാസിസ്റ്റ് സർക്കാരിനോട് ഇങ്ങനൊരു ആവശ്യം ഉന്നയിക്കുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാം. പക്ഷെ, നിരന്തരമായി ശബ്ദിച്ചു കൊണ്ടിരിക്കുക. എക്കാലവും ഇവരാവില്ല ഇന്ത്യൻ പാർലിമെന്റിൽ ഭൂരിപക്ഷമുണ്ടാവുക എന്ന പ്രതീക്ഷയാവണം ഏതൊരു ജനാധിപത്യ മതേതര വിശ്വാസിയേയും മുന്നോട്ട് നയിക്കേണ്ടത്.

പൊരുതുന്ന ലക്ഷദ്വീപ് ജനതക്കൊപ്പം.

( ലിറ്റാർട്ട്.മീഡിയ മാനേജിങ് എഡിറ്ററാണ് ലേഖകൻ)