Litart Media

Web Weekly

Issue 18

ഇങ്ങനെ മാത്രം ഒരെഴുത്തുകാരി

ആദില കബീർ

മതവും പ്രത്യയ ശാസ്ത്രങ്ങളുമെല്ലാം മനുഷ്യന്റെ ജീവിതത്തെ സുഗമമാക്കുന്നതിനും ഒരു സാമൂഹ്യജീവി എന്ന നിലയിൽ സഹജീവികളോട് കൂടുതൽ നീതിയുക്തമായ നിലയിൽ പെരുമാറുന്നതിനുമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള മാതൃകാ രൂപങ്ങളാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. തന്നിൽ പെടാത്ത ഒന്നിൻെറ നിലനിൽപിനെയോ അസ്തിത്വത്തെയോ നിഷേധിക്കും വിധം അവ എവിടെ പ്രവർത്തിക്കുന്നുവോ, അതോടെ സമൂഹത്തിൽ അവയ്ക്കുള്ള ക്രിയാത്മകമായ, നിർമാണോത്സുകമായ സ്ഥാനം അവസാനിക്കുന്നൂ.

ഒരു തരത്തിൽ ഇവ മോൾഡുകളാണ്- അച്ചുകൾ. ഒരേ പ്രത്യയശാസ്ത്രം പങ്കു വെക്കുന്ന, ഒരേ മതത്തിൽ വിശ്വസിക്കുന്ന മനുഷ്യർ തമ്മിൽ, അവർ പോലും അറിയാതെ ഐക്യം ഉണ്ടായി വരുന്നത് അത് കൊണ്ടാണല്ലോ. സമാനതയോട് തോന്നുന്ന സ്നേഹം. ഒരു മുസൽമാൻ മറ്റൊരു മുസൽമാനെ കരുതുന്നത്, ഒരു ക്രൈസ്തവൻ മറ്റൊരു ക്രൈസ്തവനെ പരിഗണിക്കുന്നത്, ഒരു KSU ക്കാരനോ SFI ക്കാരനോ സഹപ്രവർത്തകനെ കെട്ടിപ്പിടിക്കുന്നത് അങ്ങനെയാണ്… ഒക്കെയും ഇൗ തിരിച്ചറിയൽ പ്രക്രിയയുടെ ഭാഗമാണ്.

എന്നാലിപ്പോ.. അതെങ്ങനെ പ്രവർത്തിക്കുന്നു എന്നുള്ളത് സന്ദർഭവശാൽ ആലോചിക്കേണ്ട സമയമാണ്. ഒരു മുസൽമാന് മറ്റൊരുത്തരെയും കണ്ടൂകൂടാ എന്നാകുന്നു. ഒരു ഹൈന്ദവന് ഇന്ത്യ അവന്റെ മാത്രമാണ് എന്ന് പറയേണ്ടി വരുന്നു. ക്രൈസ്തവൻ കൊക്കൂൺ പോലെ തങ്ങളിലേക്ക് ചുരുണ്ട് കൂടുന്നു. Sfi ക്കാരും ksu ക്കാരും സമാധാനപരമായ സംവാദങ്ങൾക്ക് പോലും സമയമില്ലാതെ തമ്മിൽ തല്ലി തീരുന്നു. മുതിർന്ന രാഷ്ട്രീയ ലോകം ഉപമിക്കാൻ പറ്റാത്ത വിധം അവരുടെ മാത്രമായ , ചോദ്യം ചെയ്യപ്പെടരുതെന്നു വാശിയുള്ള രാഷ്ട്രീയവേഷങ്ങളിൽ മുഖം ഒളിപ്പിക്കുന്നു. മുതിർന്നവർ, അവരുടെ കാലമായിരുന്നു ശരി എന്ന് വിലപിക്കുന്നു. ചെറുപ്പക്കാർ മുതിർന്നവരുടെ അജ്ഞതയിൽ പരിഹാസം കാട്ടുന്നു. എന്തിന്, സയൻസ് പഠിക്കുന്നവർക്ക് ആർട്സ്കാരെയോ തിരിച്ചോ കണ്ണെടുത്താൽ കണ്ടൂകൂടാ…
ഇങ്ങനെ ഒന്നിൽ അകപ്പെട്ടവർ, കാലങ്ങളുടെ അഴുക്കടിയൽ കൊണ്ട് ജീർണിച്ച പുതുക്കപ്പെടാത്ത ഒറ്റ ശരിയിൽ ജീവിച്ചു മരിക്കുന്നു.

എഴുത്തുകാരൻ ഇതിനിടയിൽ എന്താകണം. എനിക്കും തോന്നുന്നത്,, തന്റെ വിശ്വാസങ്ങളെയും ശരികളെയും കൂടി അപരന്റെ കണ്ണട വെച്ച് നോക്കാൻ അവർക്ക് കഴിയണം. മനസ്സിനെ നഗ്നമാക്കി മറ്റൊരാളുടെ വീക്ഷണത്തിൽ വെച്ചു ലോകത്തെ വായിച്ചു നോക്കണം. ഒരൊറ്റ ശരിയോ ഒരൊറ്റ ആനന്ദമോ അല്ലാതെ, ഒരേ കാഴ്ചയുടെ വിവിധ മാനങ്ങൾ കണ്ടനുഭവിക്കണം. മാനവികമല്ലാത്ത ദയ കാണിക്കാത്ത ദുഷ്ലാക്കുകളെ കണ്ടാൽ പറയണം. അപ്പുറമുള്ളവൻ അപരനാണെങ്കിലും അവൻ നേര് പറഞ്ഞാൽ അംഗീകരിക്കണം. ഇപ്പുറമുള്ളവൻ ഇത്രയടുത്താണെങ്കിലും ശരികേട് കാട്ടിയാൽ ഇഷ്ടക്കേട് പറയണം. അല്ലെങ്കിൽ പിന്നെ എഴുതി നിറച്ചിട്ട്‌ എന്ത് ഗുണമാണ്?

എനിക്ക് പലപ്പോഴും പറയാൻ തോന്നാറുണ്ട്. ഞാൻ ജനിച്ചു വളർന്ന സമുദായത്തിലെ നീതികേടുകൾ, ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വഴിയിടറലുകൾ.. ചിലപ്പോഴൊക്കെ പറയാറുണ്ട്. പക്ഷേ എത്രമാത്രം നിരാശയാണ് ഓരോ തവണയും. എഴുതിയത് പിൻവലിക്കാൻ ആവശ്യപ്പെടുന്ന ആളുകൾ, ബന്ധുജനങ്ങൾ, പ്രസംഗവും പ്രവർത്തിയും രണ്ടാകണം എന്ന് ഓർമിപ്പിക്കുന്നവർ, ഇതൊക്കെ പ്രസംഗിക്കാൻ മാത്രം കൊള്ളാം എന്ന് പഠിപ്പിക്കുന്നവർ, ഇത് വായിക്കരുത് എന്ന് വഴക്ക് പറയുന്നവർ, നമ്മൾ അവരെ പോലെയല്ല എന്ന് അഭിമാനത്തോടെ ഉപദേശിക്കുന്നവർ.. ഇതിനെല്ലാം ഉപരിയായി തെറി വിളിച്ചും അസഭ്യം പറഞ്ഞും തർക്കം ജയിക്കാൻ ശ്രമിക്കുന്നവർ… ആദ്യമൊക്കെ പേടിയായിരുന്നു. പിന്നെ പയ്യെ ശീലമായി, ഇപ്പൊ സഹതാപമാണ്.

സത്യത്തിൽ അവരാണല്ലോ ഇരകൾ. പൊട്ടക്കിണറ്റിൽ കിടന്നു തവളലോകം കാണുന്നവർ. പാവങ്ങൾ.
മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാനുള്ള ധൈര്യം ചോർന്നു പോയവർ. അഥവാ ചിന്തിക്കുന്നത്, ഗുരുതരമായ വീഴ്ചയായി കുറ്റമായി അപരാധമായി പരിഹാസ്യമായി മനസ്സിലാക്കിയവർ. ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം കൊണ്ട് മാത്രം കൂട്ടത്തിലെ ക്രമക്കേടുകളെ കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നവരാകാം അവരൊക്കെയും. പക്ഷേ അവർ…. അവരാണ് ഇൗ ഭാരിച്ച ലോകത്തെ ഇങ്ങനെ തന്നെ അടുത്തടുത്ത തലമുറകളിലേക്ക് ഭദ്രമായി വെച്ചു കൊടുക്കുന്നവർ.

എഴുതുന്നവർ അങ്ങനെ ആകാമോ, അതാണ് എന്റെ ചോദ്യം? എഴുതുന്നവർ- കഥയും കവിതയും ചങ്കിൽ കൊണ്ട് നടക്കുന്നവർ- ഭാവനക്കാരല്ലേ..മറ്റൊരു നല്ല ലോകം, വിഭാജിക്കപ്പെടാതെ സകലരും സകലതിനെയും ഉൾക്കൊള്ളാൻ പഠിക്കുന്ന, വിയോജിപ്പുകളെ മാന്യമായി പ്രകടിപ്പിക്കാൻ പ്രാപ്തരാകുന്ന, മറ്റെല്ലാ സാധ്യതകളെ സംബന്ധിച്ചും നിരന്തരം ആലോചിക്കുന്ന മനുഷ്യർ. പെട്ട് പോകാതെ ദൂരെ മാറി നിന്ന് ലോകം കാണുന്ന, മിണ്ടലൊരനിവാര്യതയാകവേ നീതിയുടെ പക്ഷം ചേർന്ന് മിണ്ടുന്ന സകലതിനും മീതെ മനുഷ്യനാകുന്ന എഴുത്തുകാരൻ. അങ്ങനെ ആകണം എന്ന് തോന്നുന്നു.

അങ്ങനെ ആകുമ്പോ വേദന, അപമാനം, പരിണാമം ഒക്കെയും ഒരു ജന്മത്തിൽ തന്നെ അനുഭവിക്കാനുള്ള ത്രാണിയുണ്ടാകണം. ഒറ്റപ്പെടാനുള്ള ധൈര്യമുണ്ടാകണം. അവാർഡ് കമ്മറ്റികൾ നിരസിച്ചാലും, സാഹിത്യ സദസുകൾ അവഗണിച്ചാലും ഒരു കൂട്ടം വായനക്കാർ വൃത്തികെട്ട വാക്കുകൾ കൊണ്ട് വിഷമിപ്പിച്ചാലും, ചിലപ്പോ ചിലരെങ്കിലും കൊന്നു കളയുമെന്ന് ഭീഷണി പറഞ്ഞാലും പതറാൻ പാടില്ല. കാരണം വിലക്കുകൾക്കപ്പുറം വളർന്ന മനുഷ്യരാണവർ. അവർക്ക് സാഹിത്യം ഒരു തരം സ്വാതന്ത്ര്യ സമരമാണ് . ഇൗ ജന്മം നേടിയെടുക്കാൻ കഴിയുമെന്ന ആശ കൊണ്ടല്ല, ഒരിക്കൽ അത് സംഭവിക്കും എന്നുള്ള സാധ്യത, പ്രതീക്ഷ.. അത്ര മാത്രം!

എനിക്കാഗ്രഹമുണ്ട് ..
എഴുത്തുകാരിയാകാൻ
ഇങ്ങനെ മാത്രം
ഒരെഴുത്തുകാരി.